play-sharp-fill
സ്കൂളുകൾ സാധാരണ നിലയിലേക്ക്;  കോട്ടയം ജില്ലയിൽ ഇന്ന് സ്കൂളിലെത്തിയത്  1,21,627 വിദ്യാർത്ഥികൾ

സ്കൂളുകൾ സാധാരണ നിലയിലേക്ക്; കോട്ടയം ജില്ലയിൽ ഇന്ന് സ്കൂളിലെത്തിയത് 1,21,627 വിദ്യാർത്ഥികൾ

സ്വന്തം ലേഖിക

കോട്ടയം: കോവിഡ് വ്യാപനത്തിനുശേഷം സ്‌കൂളുകൾ ആദ്യമായി പൂർണനിലയിൽ പ്രവർത്തിച്ച തിങ്കളാഴ്ച ജില്ലയിലെ സ്‌കൂളുകളിൽ ഹാജരായത് 1,21,627 വിദ്യാർത്ഥികൾ.

ഒന്ന് മുതൽ 12-ാം ക്ലാസ് വരെയുള്ള കണക്കാണിത്.
ജില്ലയിലെ 912 സർക്കാർ, എയ്ഡഡ്, അൺ-എയ്ഡഡ് സ്‌കൂളുകളിലെ ഒന്നു മുതൽ 10 വരെ ക്ലാസുകളിലെ 85,823 വിദ്യാർത്ഥികൾ ഇന്നലെ സ്‌കൂളുകളിൽ ഹാജരായതായി വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ എൻ. സുജയ പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഒന്നാംക്ലാസ്- 7902, രണ്ടാംക്ലാസ്-7494, മൂന്നാംക്ലാസ്-7948, നാലാംക്ലാസ്-8380, അഞ്ചാംക്ലാസ്-7862, ആറാം ക്ലാസ്-8170, ഏഴാംക്ലാസ്-8992, എട്ടാംക്ലാസ്-8039, ഒമ്പതാംക്ലാസ്-8460, പത്താംക്ലാസ്-12576 എന്നിങ്ങനെയാണ് ഹാജർ. കോവിഡ് ബാധിച്ച് ക്വാറന്റൈനിൽ കഴിയുന്നതിനാൽ 115 വിദ്യാർഥികൾക്കും 67 അധ്യാപകർക്കും 15 അനധ്യാപകർക്കും ഇന്നലെ സ്‌കൂളിലെത്താൻ സാധിച്ചില്ല.

ഹയർസെക്കൻഡറി വിഭാഗത്തിൽ മൊത്തം 35,804 വിദ്യാർത്ഥികൾ ഹാജരായി. പ്ലസ് വണ്ണിൽ 17,460 പേരും പ്ലസ് ടുവിൽ 18,344 പേരും ഹാജരായി. കോവിഡ് ബാധിച്ചതുമൂലം 415 വിദ്യാർത്ഥികൾക്കും 56 അധ്യാപകർക്കും എത്താനായില്ലെന്ന് ഹയർ സെക്കൻഡറി മേഖല ഉപഡയറക്ടർ എസ്. ഉഷ പറഞ്ഞു.

കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് സാമൂഹിക അകലം കർശനമായി നിഷ്‌കർഷിച്ചിരുന്നതിനാൽ ക്ലാസ്മുറികൾക്കു പുറമേ വിദ്യാർഥികളെ ഇരുത്താൻ അനുബന്ധ മുറികളും ബെഞ്ചും ഡെസ്‌ക്കും കസേരകളുമുൾപ്പെടെ തയാറാക്കിയിരുന്നു. അധ്യാപകരും പി.റ്റി.എ. പ്രതിനിധികളുമടങ്ങുന്ന സംഘം തെർമോ സ്‌കാനറിൽ ശരീരോഷ്മാവ് പരിശോധിച്ചും സാനിറ്റൈസറുപയോഗിച്ച് കൈകൾ അണുവിമുക്തമാക്കിയിട്ടുമാണ് ഓരോ വിദ്യാർത്ഥിയേയും ക്ലാസ് മുറികളിലേക്ക് കടത്തിവിട്ടത്.

രാവിലെ 10 മുതൽ വൈകിട്ടു നാലു വരെയുള്ള സ്‌കൂൾ പ്രവൃത്തി സമയക്രമത്തിൽ രണ്ടുവർഷത്തെ ഇടവേളയ്ക്കുശേഷമാണ് സ്‌കൂളുകൾ സജീവമാകുന്നത്. വിദ്യാർത്ഥികൾക്ക് തൽക്കാലം യൂണിഫോം നിർബന്ധമില്ലെന്ന് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചു.