കോട്ടയത്തെ ആകാശപാത നോക്കുകുത്തിയായി; മുഖ്യമന്ത്രി ഇടപെടണമെന്ന് നിയമസഭയില്‍ തിരുവഞ്ചൂര്‍; നഗരത്തില്‍ വികസനം വേണമെങ്കില്‍ ആകാശപാത പൊളിച്ചു മാറ്റണമെന്ന് മന്ത്രി ഗണേശ്കുമാര്‍; നിർമ്മാണം പാതിവഴിയിൽ നിലച്ച ആകാശപാത പൊളിച്ചു മാറ്റുകയോ പണിപൂർത്തീകരിക്കുകയോ ചെയ്യണമെന്ന തേർഡ് ഐ ന്യൂസിന്റെ ഹർജിയിൻ മേൽ ഹൈക്കോടതി അന്തിമ വിധി പറയാനിരിക്കെ കോട്ടയം എംഎൽഎയും ഗതാഗത മന്ത്രിയും തമ്മിൽ നിയമസഭയിൽ തർക്കം
കോട്ടയം: ജനങ്ങളുടെ മുന്നില്‍ നോക്കുകുത്തിയായി ആകാശപാത നില്‍ക്കുകയാണെന്നും ദയവായി മുഖ്യമന്ത്രി ഇടപെടണമെന്നും തിരുവഞ്ചൂർ നിയമസഭയിൽ ആവശ്യപ്പെട്ടു.
എന്നാല്‍ കോട്ടയത്തെ ആകാശപാതയില്‍ സർക്കാർ പണം ദുർവ്യയം ചെയ്തെന്ന് മന്ത്രി ഗണേശ് കുമാർ മറുപടി നല്കി. ആകാശപാത പൊളിച്ചു മാറ്റേണ്ടി വരുമെന്നും അദ്ദേഹം സൂചിപ്പിച്ചു. മുഖ്യമന്ത്രി പരിശോധിച്ചാല്‍ കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാകുമെന്നും ഗണേശ് കുമാർ സഭയിൽ പറഞ്ഞു
ചെയ്യാൻ പാടില്ലാത്ത വർക്ക്, ചെയ്യാൻ പാടില്ലാത്ത വകുപ്പിനെ കൊണ്ട് ചെയ്യിച്ചിട്ട് പറഞ്ഞിട്ട് കാര്യമില്ല. കോട്ടയം നഗരത്തില്‍ വികസനത്തിനുവേണ്ടി വേണമെങ്കില്‍ ആകാശപാത പൊളിച്ചു കളയേണ്ടി വരുമെന്നും മന്ത്രി പറഞ്ഞു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
നിർമ്മാണം പാതി വഴിയിൽ നിലച്ച ആകാശപാതയുടെ പണി പൂർത്തീകരിക്കുകയോ, പൊളിച്ചു മാറ്റുകയോ ചെയ്യണമെന്ന് ആവശ്യപ്പെട്ട് 2022 ലാണ് തേർഡ് ഐ ന്യൂസ് ചീഫ് എഡിറ്റർ എ കെ ശ്രീകുമാർ റോഡ് സേഫ്റ്റി അതോറിറ്റിക്ക് പരാതി നൽകിയിരുന്നു.
ഈ പരാതിക്ക് ലഭിച്ച മറുപടിയിലാണ് ആകാശപാതയുടെ മുകളിലേക്ക് കയറാനുള്ള സ്റ്റെയർകെയ്സ് നിർമ്മിക്കുന്നതിനുള്ള സ്ഥലം ഇല്ലാത്തതിനാൽ പണി പൂർത്തീകരിക്കാൻ സാധിക്കില്ലെന്ന് റോഡ് സേഫ്റ്റി അതോറിറ്റി അറിയിച്ചത്
ഇതോടെയാണ് പകുതി പണിതതും തുരുമ്പെടുത്ത് ജനങ്ങൾക്ക് ഭീഷണിയായി നിൽക്കുന്നതുമായ ആകാശപാത പൊളിച്ച് കളയുകയോ പണി പൂർത്തീകരിക്കുക ചെയ്ത് ജനങ്ങളുടെ ജീവന് സംരക്ഷണം നല്‍കണമെന്നാവശ്യപ്പെട്ട് ഏ.കെ ശ്രീകുമാർ ഹൈക്കോടതിയെ സമീപിച്ചത്. സംസ്ഥാന സർക്കാരിനേയും, ജില്ലാ കളക്ടറേയും , റോഡ് സേഫ്റ്റി അതോറിറ്റിയേയും എതിർ കക്ഷികളാക്കിയാണ് ഹർജി നല്‍കിയത്.
തുടർന്ന് സർക്കാരിന്റെ വിശദീകരണം തേടിയ ഹൈക്കോടതി ഹർജി മാറ്റിവെച്ചു. പിന്നീട് ആകാശപാതയുടെ പണി പൂർത്തീകരിക്കാമെന്ന റിപ്പോർട്ടാണ് സർക്കാർ ഹൈക്കോടതിയിൽ നൽകിയത്.
എന്നാൽ നിലവിൽ പണിതിരിക്കുന്ന ഭാഗങ്ങളുടെ ബലം പരിശോധിച്ച ശേഷമേ തുടർന്നുള്ള പണി തുടങ്ങാവൂ എന്ന് തേർഡ് ഐ ന്യൂസ് ഹൈക്കോടതിയിൽ ആവശ്യപ്പെട്ടു. തേർഡ് ഐ ന്യൂസിൻ്റെ ആവശ്യം അംഗീകരിച്ച ഹൈക്കോടതി പാലക്കാട് ഐ ഐ ടി യോട് ആകാശപാതയുടെ ബലം പരിശോധിച്ചു റിപ്പോർട്ട് നൽകാൻ നിർദ്ദേശിച്ചു.
കേസ് പരിഗണിച്ചപ്പോൾ ആകാശപാത ഗൗരവമുള്ള വിഷയമാണെന്നും ആവശ്യമില്ലെങ്കിൽ പൊളിച്ചുകളഞ്ഞു കൂടെ എന്നും ഹൈക്കോടതി വാക്കാൽ പരാമർശിച്ചിരുന്നു. കേസിൽ കോട്ടയം എംഎൽഎ തിരുവഞ്ചൂർ രാധാകൃഷ്ണനും കക്ഷി ചേർന്നിട്ടുണ്ട്