എഞ്ചിനീയറിംഗ് പഠനം പൂർത്തിയാക്കാനാകാതെ പാതിവഴിയിൽ വിട പറഞ്ഞ് അമൽ; അമലിൻ്റെ അപ്രതീക്ഷിത വിയോഗത്തിൽ ഞെട്ടി വീട്ടുകാരും സുഹൃത്തുക്കളും;   നദികൾ മുറിച്ചു കടക്കാനോ നദികളിലോ  ജലാശയങ്ങളിലോ കുളിക്കുവാനോ മീൻ പിടിക്കുവാനോ  പാടുള്ളതല്ലെന്ന് കോട്ടയം ജില്ലാ പൊലീസ് മേധാവി കെ കാർത്തിക്ക്

എഞ്ചിനീയറിംഗ് പഠനം പൂർത്തിയാക്കാനാകാതെ പാതിവഴിയിൽ വിട പറഞ്ഞ് അമൽ; അമലിൻ്റെ അപ്രതീക്ഷിത വിയോഗത്തിൽ ഞെട്ടി വീട്ടുകാരും സുഹൃത്തുക്കളും; നദികൾ മുറിച്ചു കടക്കാനോ നദികളിലോ ജലാശയങ്ങളിലോ കുളിക്കുവാനോ മീൻ പിടിക്കുവാനോ പാടുള്ളതല്ലെന്ന് കോട്ടയം ജില്ലാ പൊലീസ് മേധാവി കെ കാർത്തിക്ക്

സ്വന്തം ലേഖിക

കോട്ടയം: മണര്‍കാട് മാലത്ത് റബ്ബര്‍ തോട്ടത്തിലെ വെള്ളക്കെട്ടില്‍ കുളിക്കാന്‍ ഇറങ്ങിയ പ്ലസ് ടു വിദ്യാര്‍ത്ഥി അമലിന്റെ മരണത്തിൽ വിറങ്ങലിച്ച് വീട്ടുകാരും, നാട്ടുകാരും, കൂട്ടുകാരും.

മണര്‍കാട് സെന്റ്‌ മേരീസ് സ്‌കൂളിലെ കൊമേഴ്സ് അധ്യാപകന്‍ ബെന്നിയുടെ മകന്‍ അമല്‍ മാത്യു കൂട്ടുകാരോടൊപ്പം റബ്ബര്‍ തോട്ടത്തിലെ വെള്ളക്കെട്ടില്‍ കുളിക്കാന്‍ ഇറങ്ങുകയായിരുന്നു. അതിനിടയിൽ വെള്ളത്തിൽ മുങ്ങിത്താഴുകയായിരുന്നുവെന്നു കൂട്ടുകാർ പറയുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കൾ ആദ്യം വെള്ളത്തിൽ ചാടി രക്ഷാപ്രവർത്തനം നടത്താൻ ശ്രമിച്ചു. എന്നാൽ, കുട്ടിയെ കണ്ടെത്താൻ സാധിച്ചില്ല. ഇവർ ഉടൻതന്നെ നാട്ടുകാരെ വിവരമറിയിച്ചു. തുടർന്ന് സ്ഥലത്തെത്തിയ ഫയര്‍ഫോഴ്‌സിന്റെ സ്‌കൂബാ സംഘം ഒരു മണിക്കൂറോളം നീണ്ട തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്.

കഴിഞ്ഞ രണ്ടു ദിവസമായി പെയ്യുന്ന മഴയിലാണ് റബ്ബർ തോട്ടത്തിൽ വെള്ളക്കെട്ട് രൂപപ്പെട്ടത്. സമൂപത്തുണ്ടായിരുന്ന തോടും നിറഞ്ഞ് കഴിഞ്ഞ അവസ്ഥയിലായിരുന്നു. ഇത് തിരിച്ചറിയാൻ കഴിയാതെ അമൽ മുങ്ങിതാഴ്ന്നതാകാമെന്നാണ് നി​ഗമനം.

ഈ സാഹചര്യത്തിൽ ജനങ്ങൾക്ക് ജാഗ്രത നിൽകിയിരിക്കുകയാണ് ജില്ലാ പൊലീസ് മേധാവി. കോട്ടയം ജില്ലയിൽ റെഡ് അലേർട്ട് പിൻവലിച്ചെങ്കിലും ജനങ്ങൾ ജാഗ്രത തുടരണമെന്ന് കോട്ടയം ജില്ലാ പൊലീസ് മേധാവി കെ കാർത്തിക്ക് അറിയിച്ചു. ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തിൽ ഒരു കാരണവശാലും കുട്ടികളോ മുതിര്‍ന്നവരോ നദികൾ മുറിച്ചു കടക്കാനോ നദികളിലോ മറ്റു ജലാശയങ്ങളിലോ കുളിക്കുവാനോ മീൻ പിടിക്കുവാനോ പോകാൻ പാടുള്ളതല്ല.

ജലാശയങ്ങൾക്ക് മുകളിലെ മേൽപ്പാലങ്ങളിൽ കയറി കാഴ്ച കാണുകയോ സെൽഫി എടുക്കുകയോ കൂട്ടംകൂടി നിൽക്കുകയോ ചെയ്യരുത്. മഴക്കാലത്ത് മണ്ണിടിച്ചിലിന് സാഹചര്യം ഉള്ളതിനാൽ മതിലുകൾ, കുന്നിൻ ചെരിവുകൾ, മൺതിട്ടകൾഎന്നിവിവിടങ്ങളില്‍ നിന്നും അകലം പാലിക്കുക. പൊലീസിന്റെയും ഫയർഫോഴ്സിന്റെയും അടക്കമുള്ള അത്യാവശ്യ ഹെൽപ്പ് ലൈൻ നമ്പറുകൾ മൊബൈൽ ഫോണിൽ സേവ് ചെയ്തു വയ്ക്കുകയോ എവിടെയെങ്കിലും കുറിച്ചിടുകയോ ചെയ്യേണ്ടതാണ്. അപകട സാഹചര്യം ഉണ്ടായാൽ ഉടൻതന്നെ ഫയർഫോഴ്സിനെയോ പൊലീസിനെയോ വിളിച്ചു വിവരം അറിയിക്കേണ്ടതാണ്.