കോട്ടയം ഈരാറ്റുപേട്ടയിൽ നായ വളർത്തൽ കേന്ദ്രത്തിന്റെ മറവിൽ കഞ്ചാവ് കച്ചവടം; പൊലീസ് റെയ്ഡിൽ ആറരക്കിലോയോളം കഞ്ചാവ് പിടികൂടി; ഒരാൾ അറസ്റ്റിൽ

കോട്ടയം ഈരാറ്റുപേട്ടയിൽ നായ വളർത്തൽ കേന്ദ്രത്തിന്റെ മറവിൽ കഞ്ചാവ് കച്ചവടം; പൊലീസ് റെയ്ഡിൽ ആറരക്കിലോയോളം കഞ്ചാവ് പിടികൂടി; ഒരാൾ അറസ്റ്റിൽ

സ്വന്തം ലേഖകൻ

കോട്ടയം: ഈരാറ്റുപേട്ട തീക്കോയി മംഗളഗിരി മുപ്പതേക്കറിലെ വീട്ടില്‍ പൊലീസ് നടത്തിയ റെയ്ഡില്‍ ആറരക്കിലോയോളം കഞ്ചാവ് പിടികൂടി.

സംഭവത്തില്‍ ഒരാളെ കസ്റ്റഡിയിലെടുത്തു. ഈരാറ്റുപേട്ട സ്വദേശിയുടെ പക്കല്‍ നിന്നും വാടകയ്ക്കെടുത്ത ആളൊഴിഞ്ഞ മേഖലയിലെ ഒറ്റപ്പെട്ട വീട്ടിലായിരുന്നു കഞ്ചാവ് സംഭരണവും വില്‍പനയും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നടത്തിപ്പുകാരനായ കടുവാമൂഴി തൈമഠത്തില്‍ സാത്താന്‍ ഷാനു എന്നു വിളിക്കുന്ന ഷാനവാസ്, നിഷാദ് എന്നിവര്‍ റെയ്ഡിനെത്തിയ സംഘത്തെ കണ്ട് ഇരുചക്ര വാഹനം ഉപേക്ഷിച്ച്‌ ഓടി രക്ഷപെട്ടു. ഇയാളുടെ സഹായി സഞ്ജുവിനെയാണ് പൊലീസ് പിടികൂടിയത്.

പ്രധാന റോഡില്‍ നിന്നും ഒരു കിലോമീറ്ററോളം ഉള്ളിലായി റബര്‍ തോട്ടത്തിന് നടുവിലെ ചെറിയ വീട്ടിലായിരുന്നു കാലങ്ങളായി കഞ്ചാവ് വില്‍പന. നായ വളര്‍ത്തലും വില്‍പനയും എന്നാണ് പറഞ്ഞിരുന്നതെങ്കിലും രാത്രികാലങ്ങളിലടക്കം വാഹനങ്ങള്‍ വന്നു പോകുന്നത് പ്രദേശവാസികള്‍ ശ്രദ്ധിച്ചിരുന്നു.

ഈരാറ്റുപേട്ട പൊലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് ശനിയാഴ്ച പുലര്‍ച്ചെ ആറ് മണിയോടെ ഈരാറ്റുപേട്ട എസ്.ഐ വി.വി വിഷ്ണുവിന്റെ നേതൃത്വത്തില്‍ പോലീസ് സംഘം റെയ്ഡ് നടത്തുകയായിരുന്നു. അല്‍സേഷ്യന്‍, ലാബ്രഡോര്‍ അടക്കം ആറോളം മുന്തിയ ഇനം നായ്ക്കളും വീട്ടിലുണ്ടായിരുന്നു. റെയ്ഡ് സമയം ഓടി രക്ഷപെട്ട ഷാനവാസ് സ്ഥിരം കഞ്ചാവ് വില്‍പനക്കാരനാണെന്ന് പൊലീസ് പറഞ്ഞു. ഇയാള്‍ക്കെതിരെ മറ്റ് കേസുകളും നിലവിലുണ്ട്.

പാലാ ഡിവൈ.എസ്പി ഷാജു ജോസിന്റെ നിര്‍ദേശപ്രകാരം ഈരാറ്റുപേട്ട സബ് ഇന്‍സ്പെക്റ്റര്‍ വി.വി വിഷ്ണുവിന്റെ നേതൃത്വത്തില്‍ സിപിഒ മാരായ ശരത്, ജോബി, അനീഷ് മോന്‍, പ്രൊബേഷന്‍ എസ്‌ഐ സുജലേഷ്, അനീഷ്, വിനയരാജ്, നാരായണന്‍ നായര്‍ , അനില്‍കുമാര്‍ , ഗ്രേഡ് എസ് ഐ ബ്രഹ്മദാസ് , സോനു , അനീഷ് , രാജേഷ് എന്നിവര്‍ പരിശോധനാ സംഘത്തിലുണ്ടായിരുന്നു. മേലുകാവ് എസ് എച്ച്‌ ഒ സജീവ് ചെറിയാന്‍, മരങ്ങാട്ടുപിള്ളി എസ്.എച്ച്‌.ഒ. അജേഷ് എന്നിവര്‍ തുടര്‍നടപടികള്‍ക്ക് നേതൃത്വം നല്‍കി.