അനാവശ്യ യാത്രകൾ ഒഴിവാക്കണം: അതീവ ജാഗ്രത പുലർത്തണം; ഓണക്കാലത്ത് കൊവിഡ് കൈവിട്ടു പോകാതിരിക്കാൻ ജില്ലാ ഭരണകൂടത്തിന്റെ നിർദേശങ്ങൾ ഇങ്ങനെ; ആൾക്കൂട്ടങ്ങൾ പൂർണമായും ഒഴിവാക്കണം; ആഘോഷങ്ങളിൽ ജാഗ്രത മറക്കരുത് കളക്ടർ
സ്വന്തം ലേഖകൻ
കോട്ടയം: ജില്ലയിൽ പ്രതിദിനം ശരാശരി ആയിരത്തോളം പേർക്ക് കോവിഡ് സ്ഥിരീകരിക്കുകയും പരിശോധനയ്ക്ക് വിധേയരാകുന്നവരിൽ പത്തിൽ ഒരാളെങ്കിലും പോസിറ്റീവാകുകയും ചെയ്യുന്ന സാഹചര്യത്തിൽ മുഹ്‌റം-ഓണം ആഘോഷങ്ങളിൽ ആൾക്കൂട്ടം ഉണ്ടാകാതിരിക്കാൻ പ്രത്യേക ജാഗ്രത പുലർത്തണമെന്ന് ജില്ലാ കളക്ടർ പി.കെ. ജയശ്രീ നിർദേശിച്ചു.
കോവിഡ് വൈറസിൻറെ അതിവേഗ രോഗവ്യാപന ശേഷിയുള്ള ഡൽറ്റ വകഭേദം കൂടി കണ്ടെത്തിയതിനാൽ രോഗവ്യാപനം തടയുന്നത് സാമൂഹിക ഉത്തരവാദിത്വമായി കണ്ട് പെരുമാറാൻ ഓരോരുത്തരും തയ്യാറാകണം.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ആൾക്കൂട്ടങ്ങൾ ഒരേ സമയം അനേകം പേർക്ക് രോഗം പകരാനും സാമൂഹ്യ വ്യാപനത്തിനും കാരണമായേക്കാം. 18 വയസിനുമുകളിലുള്ള 72 ശതമാനം പേരും ഒരു ഡോസ് വാക്സിൻ എടുത്തിട്ടുണ്ടെങ്കിലും ഇവർ ഉൾപ്പെടെ എല്ലാവരും ജാഗ്രത പുലർത്തേണ്ടതുണ്ട്. രോഗികളുടെ എണ്ണം ക്രമാതീതമായി ഉയർന്നാൽ ചികിത്സയൊരുക്കാൻ നിലവിലെ സംവിധാനങ്ങൾ മതിയാകാത്ത സ്ഥിതിയുണ്ടാകും.
കോവിഡ് വ്യാപനം തുടരുമ്പോഴും വ്യാപാരികളുടെയും പൊതുജനങ്ങളുടെയും ബുദ്ധിമുട്ടുകൾ കണക്കിലെടുത്താണ് നിയന്ത്രണങ്ങളിൽ സർക്കാർ ഇളവുകൾ അനുവദിച്ചത്. ഇളവുകൾ രോഗവ്യാപനത്തിലേക്ക് നയിക്കാതിരിക്കാൻ വ്യാപാരികളും തൊഴിലാളികളും പൊതുജനങ്ങളും ശ്രദ്ധിക്കണം.
രോഗലക്ഷണങ്ങൾ ഉള്ളവർ പൊതുസ്ഥലങ്ങൾ സന്ദർശിക്കുന്നത് ഒഴിവാക്കുകയും കൃത്യമായി കോവിഡ് പരിശോധനക്ക് വിധേയരാവുകയും ചെയ്യണം. കോവിഡ് രോഗികളുമായി അടുത്ത സമ്പർക്കം പുലർത്തിയവർ നിർബന്ധമായും റൂം ക്വാറൻറയിനിൽ പ്രവേശിക്കുകയും സ്വയം നിരീക്ഷിക്കുകയും ചെയ്യണം.
ആൾക്കൂട്ടങ്ങൾ ഒഴിവാക്കാനും പൊതുസ്ഥലങ്ങളിൽ മാസ്‌ക് ശരിയായി ധരിക്കാനും അകലം പാലിക്കാനും കൈകൾ അടിക്കടി ശുചീകരിക്കാനും എല്ലാവരും ശ്രദ്ധിക്കണം.
ഓണത്തോടനുബന്ധിച്ച് ഷോപ്പിംഗിനായി കൂട്ടം ചേർന്ന് പോകുന്നത് ഒഴിവാക്കുക. പൊതു സ്ഥലങ്ങളിലും വ്യാപാരശാലകളിലും പോകുമ്പോൾ കുട്ടികളെ യാതൊരു കാരണവശാലും കൊണ്ടുപോകരുത്.
കടകളുടെ വാതിൽക്കൽതന്നെ കൈകൾ ശുചീകരിക്കാനുള്ള ക്രമീകരണങ്ങൾ ഒരുക്കണം. കടകളിൽ സാമൂഹിക അകലം ഉറപ്പാക്കാവുന്നതിലധികം ആളുകളെ ഒരേസമയം പ്രവേശിപ്പിക്കരുത്.
ജനലുകൾ പരമാവധി തുറന്നിട്ട് വായു സഞ്ചാരം ഉറപ്പു വരുത്തണം. വസ്ത്രം മാറുന്ന മുറികൾ, ബാത്‌റൂമുകൾ, ലിഫ്റ്റ് തുടങ്ങിയ ഇടുങ്ങിയ സ്ഥലങ്ങൾ എന്നിവയിൽ എക്‌ഹോസ്റ്റ് ഫാനുകൾ പ്രവർത്തിപ്പിക്കണം. ഇത്തരം സ്ഥലങ്ങളിൽ പ്രവേശിക്കുന്നത് ഒഴിവാക്കാനും ഒഴിവാക്കാൻ കഴിയാത്ത സാഹചര്യത്തിൽ മാസ്‌ക് ധരിക്കാനും പൊതുജനങ്ങൾ ശ്രദ്ധിക്കണം.
അത്യാവശ്യത്തിനല്ലാത്ത യാത്രകളും ഓണത്തോടനുബന്ധിച്ചുള്ള ഒത്തുചേരലുകളും കളികളും ആഘോഷ പരിപാടികളും ഒഴിവാക്കണം-കളക്ടർ നിർദേശിച്ചു.