കാത്തിരിപ്പിന് വിരാമമിട്ട് കോട്ടയം വഴിയുള്ള ഇരട്ടപ്പാത യാഥാര്‍ഥ്യമാകുന്നു; 28ന് പുതിയ പാളം വഴി ട്രെയിന്‍ ഓടിത്തുടങ്ങും
സ്വന്തം ലേഖകന്‍
കോട്ടയം: വര്‍ഷങ്ങളുടെ കാത്തിരിപ്പിനു വിരാമമിട്ട് കോട്ടയം വഴിയുള്ള ഇരട്ടപ്പാത യാഥാര്‍ഥ്യമാകുന്നു.
പുതിയ പാളം ഇടാന്‍ ഇനി ഒരു കിലോമീറ്റര്‍ ദൂരമാണ് ബാക്കിയുള്ളത്. കോട്ടയം യാര്‍ഡിന്റെ ഭാഗമായുള്ള ഒരു കിലോമീറ്റര്‍ ദൂരത്തിലാണ് ഇനി പാളം ഇടാനുള്ളത്. ചിങ്ങവനത്തുനിന്നും മുട്ടമ്പലംവരെയും കോട്ടയം റെയില്‍വേ സ്റ്റേഷനില്‍ നിന്നും ഏറ്റുമാനൂര്വരെയും പുതിയ പാളമിട്ടുകഴിഞ്ഞു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കോട്ടയം സ്റ്റേഷനോടു ചേര്‍ന്നുള്ള തുരങ്കത്തിനു സമീപമുള്ള ലൈനിന്റെ നിര്‍മാണം അതിവേഗം പുരോഗമിക്കുകയാണ്. കോട്ടയം പാതയില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയാണ് ലൈന്‍ ബന്ധിപ്പിക്കലും സിഗ്നല്‍ മാറ്റവും ഉള്‍പ്പെടെയുള്ള ജോലികള്‍ നടക്കുന്നത്.
23ന് കമ്മീഷന് ഓഫ് റെയില്‍വേ സേഫ്റ്റി ചെയര്മാന് അഭയ്കുമാര്‍ റായി പരിശോധന നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതോടെ പാളം യാത്രയ്ക്ക് തയാറാകും. രാവിലെ സിആര്‍എസ് പരിശോധനയും ഉച്ചകഴിഞ്ഞ് വേഗപരിശോധനയുമാണ് നടക്കുന്നത്. തുടര്‍ന്ന് മെഗാ ലൈന്‍ ബ്ലോക്ക് ഏര്‍പ്പെടുത്തി പാളങ്ങള്‍ ബന്ധിപ്പിക്കും.
28ന് പുതിയ പാളം വഴി ട്രെയിന്‍ ഓടിത്തുടങ്ങും. 28 വരെ ട്രെയിനുകള്‍ക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയാണ് അവസാനഘട്ട നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. ഇപ്പോള്‍ കോട്ടയം സ്റ്റേഷില്‍ ഒന്നും രണ്ടും പ്ലാറ്റ്ഫോമുകളോടു ചേര്‍ന്നുകിടക്കുന്ന പാതയിലൂടെ മാത്രമാണ് ട്രെയിനുകള്‍ ഓടുന്നത്. 24 മുതല്‍ 28 വരെ ഒന്നാം പ്ലാറ്റ്ഫോമിലൂടെ മാത്രമേ ട്രെയിന്‍ ഓടുകയുള്ളു.
പാതയിരട്ടിപ്പിക്കല്‍ പൂര്‍ത്തിയായി പുതിയ പാതയിലൂടെ ട്രെയിന്‍ ഓടിത്തുടങ്ങുമ്പോള്‍ കോട്ടയത്തെ തുരങ്കപാതയിലൂടെയുള്ള യാത്രയും ഓര്‍മയാകും. തുരങ്കങ്ങള്‍ നിലനിര്‍ത്തുമെന്നാണ് റെയില്‍വേ അധികൃതര്‍ പറയുന്നത്. പാതയിരട്ടിപ്പിക്കലിന്റെ ഭാഗമായി ജില്ലയില്‍ ഏറ്റവും നീളം കൂടിയ റെയില്‍വേ പാലവും യാഥാര്‍ഥ്യമായി.
കൊടൂരാറിനു കുറുകെ 610 മീറ്റര്‍ നീളത്തിലാണ് പുതിയ പാലം. മുട്ടമ്പലത്ത് ലെവല്‍ ക്രോസിനു പകരം അടിപ്പാതയും നിര്‍മിച്ചിട്ടുണ്ട്. ഇരട്ടപ്പാത യാഥാര്‍ഥ്യമായി ട്രെയിനുകള്‍ പുതിയ പാളത്തിലൂടെ ഓടാന്‍ തുടങ്ങുമ്പോള്‍ മുളന്തുരുത്തി മുതല്‍ ചെങ്ങന്നൂര്‍ വരെ ട്രെയിന്‍ പിടിച്ചിടുന്നത് ഒഴിവാകുകയും യാത്രാ സമയം കുറയുകയും ചെയ്യും.