കോട്ടയം നഗരസഭ ചെയർപേഴ്സൺ തിരഞ്ഞെടുപ്പ് അല്പസമയത്തിനകം; എൽഡിഎഫും യുഡിഎഫും ഒപ്പത്തിനൊപ്പം; അഡ്വ.ഷീജയോ, ബിൻസിയോ? ആര് ഭരിക്കും നഗരസഭ?
സ്വന്തം ലേഖകൻ
കോട്ടയം: നഗരസഭയിൽ ആരെ ഭാഗ്യം തുണയ്ക്കും. വീണ്ടും നറുക്കെടുപ്പിലേക്ക് വഴി തുറന്നു കോട്ടയം നഗരസഭാ തെരഞ്ഞെടുപ്പ് അല്പസമയത്തിനകം.
മൂന്നു മുന്നണികളും സ്ഥാനാർഥികളെ പ്രഖ്യാപിച്ചതോടെ ഇത്തവണയും നറുക്കെടുപ്പിലേക്ക് കാര്യങ്ങൾ നീങ്ങുമെന്നുറപ്പായി. ഹൃദയാഘാതം വന്നതിനെ തുടർന്ന് സിപിഎം കൗൺസിലർ ആശുപത്രിയിൽ ആയതോടെ സിപിഎം ആശങ്കയിലായിരുന്നു. എന്നാൽ അവസാനം ലഭിക്കുന്ന വിവരം അനുസരിച്ച് കൗൺസിലർ വോട്ട് ചെയ്യാൻ എത്തുമെന്നാണ് അറിയാൻ കഴിഞ്ഞത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
മുൻ ചെയർപേഴ്സൺ ബിൻസി സെബാസ്റ്റ്യനാണ് യുഡിഎഫിൻറെ സ്ഥാനാർഥി. പ്രതിപക്ഷ നേതാവ് ഷീജ അനിലിനെ തന്നെയാണ് ഇടതു മുന്നണി മത്സരിപ്പിക്കുന്നത്.ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ എം വി ലൗലി ഭരണാധികാരിയാണ്.
ബിജെപി റീബ വർക്കിയെ സ്ഥാനാർഥിയാക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. പ്രതിപക്ഷമായിരുന്ന എൽഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തിലൂടെ കഴിഞ്ഞ സെപ്റ്റംബർ 24നാണ് യുഡിഎഫിൻറെ ചെയർപേഴ്സൺ ബിൻസി സെബാസ്റ്റ്യൻ പുറത്തായത്.
ബിജെപി പിന്തുണയോടെയാണ് എൽഡിഎഫ് കൊണ്ടുവന്ന അവിശ്വാസം പാസായത്. അവിശ്വാസ പ്രമേയ വോട്ടെടുപ്പിൽനിന്നും യുഡിഎഫ് വിട്ടുനിന്നിരുന്നു.
ഇന്നു രാവിലെ 11ന് കൗൺസിൽ ഹാളിലാണ് അധ്യക്ഷ തെരഞ്ഞെടുപ്പ്. കൗൺസിലിൽ 52 അംഗങ്ങളാണുള്ളത്. യുഡിഎഫിനും എൽഡിഎഫിനും 22 അംഗങ്ങളുണ്ട്. ബിജെപിക്ക് എട്ട് അംഗങ്ങളുമുണ്ട്.
തെരഞ്ഞെടുപ്പിൽ മൂന്നു മുന്നണികളും സ്ഥാനാർഥികളെ നിർത്തിയാൽ 22-22-എട്ട് എന്ന നിലയിൽ വോട്ടു വരും. ഏറ്റവും വോട്ടു കുറഞ്ഞ സ്ഥാനാർഥിയെ ഒഴിവാക്കി വീണ്ടു വോട്ടെടുപ്പ് നടത്തും.
ഇതിൽ ബിജെപി വിട്ടുനിന്നാൽ 22-22 എന്ന നിലയിൽ തുല്യത വരും. തുടർന്ന് നറുക്കെടുപ്പിലൂടെ അധ്യക്ഷയെ തെരഞ്ഞെടുക്കും.