മാലിന്യ നിർമ്മാർജ്ജന പദ്ധതികൾക്ക് പ്രാധാന്യം നൽകി കോട്ടയം നഗരസഭയുടെ 2022-23ലെ ബജറ്റ്; വൈസ് പ്രസിഡന്റ് ബി ഗോപകുമാര്‍ അവതരിപ്പിച്ച ബജറ്റിൽ 16,62,54513 രൂപ നീക്കിയിരിപ്പ്

മാലിന്യ നിർമ്മാർജ്ജന പദ്ധതികൾക്ക് പ്രാധാന്യം നൽകി കോട്ടയം നഗരസഭയുടെ 2022-23ലെ ബജറ്റ്; വൈസ് പ്രസിഡന്റ് ബി ഗോപകുമാര്‍ അവതരിപ്പിച്ച ബജറ്റിൽ 16,62,54513 രൂപ നീക്കിയിരിപ്പ്

സ്വന്തം ലേഖകൻ

കോട്ടയം: മാലിന്യ നിര്‍മ്മാര്‍ജ്ജന പദ്ധതികള്‍ക്ക് പ്രാധാന്യം നല്‍കി കോട്ടയം നഗരസഭയുടെ 2022-23ലെ ബജറ്റ്. വൈസ് പ്രസിഡന്റ് ബി ഗോപകുമാര്‍ അവതരിപ്പിച്ച ബജറ്റിൽ 16 കോടി 62 ലക്ഷത്തി 54513 രൂപ നീക്കിയിരിപ്പ് പ്രതീക്ഷിക്കുന്നു.

നഗരസഭ ഹാളിൽ ചേർന്ന യോഗത്തിൽ ചെയർപേഴ്സൺ ബിൻസി സെബാസ്റ്റിൻ അധ്യക്ഷയായിരുന്നു. കോട്ടയത്ത് സമ്പൂർണ്ണ മാലിന്യ നിര്‍മ്മാര്‍ജ്ജന പദ്ധതികള്‍ക്ക് പ്രാധാന്യം നല്‍കിയുള്ള ബജറ്റാണ് അവതരിപ്പിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

1611916395 രൂപ ആകെ വരവും 1445661882 രൂപ ആകെ ചിലവും 166254513 രൂപ നീക്കി ബാക്കിയും പ്രതീക്ഷിക്കുന്ന ബജറ്റാണ് വൈസ് ചെയര്‍മാന്‍ ബി.ഗോപകുമാര്‍ അവതരിപ്പിച്ചത്.

പരിസ്ഥിതിസൗഹൃദ പദ്ധതികൾക്കും, സ്ത്രീസൗഹൃദ പദ്ധതികൾക്കും ബജറ്റിൽ പ്രാധാന്യം നൽകുന്നുണ്ട്.

സമ്പൂർണ്ണ മാലിന്യ നിർമാർജനത്തിനായി സംസ്ഥാന സർക്കാരിന്റെ ശുചിത്വമിഷൻ സഹായം തേടുന്നതിനൊപ്പം കേന്ദ്രസർക്കാർ സ്ഥാപനമായ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയുടെ സാങ്കേതികവിദ്യ ഉപയോഗിച്ച് സമ്പൂർണ്ണ മാലിന്യ സംസ്കരണ പദ്ധതി നടപ്പാക്കും.

പദ്ധതിയുടെ ആദ്യഘട്ടം എന്ന നിലയിൽ പ്ലാസ്റ്റിക് നിന്നും ബയോഡീസൽ ഉൽപാദനം തുടങ്ങും. ശുചിത്വ മേഖലയിൽ ലോകബാങ്കിൽ നിന്നും ലഭ്യമാകുന്ന ധനസഹായം ഉപയോഗിച്ച് ക്ലീൻ കോട്ടയം, ​ഗ്രീൻ കോട്ടയം പദ്ധതി നടപ്പാക്കും.

വീടുകളിൽ നിന്നും മാലിന്യ ശേഖരണത്തിനായി യൂസഫീ നടപ്പാക്കി ആ-ഓട്ടോ സംവിധാനവും ഏർപ്പെടുത്തും. ഇതിനായി 10 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്. സ്മാര്‍ട്ട് ഗാര്‍ബേജ് മോണിറ്ററിങ്​ ആപ്പ് സംവിധാനത്തിനായി 50 ലക്ഷം രൂപ വകയിരിത്തിയിട്ടുണ്ട്. കൊതുക് നിവാരണ പദ്ധതിക്കായി അഞ്ച്​ ലക്ഷം.

ഓടകളില്‍ മലിനീകരണ പ്ലാന്‍റുകള്‍ സ്ഥാപിക്കുന്നതിന് 30 ലക്ഷം, പോള വാരല്‍ യന്ത്രം വാങ്ങുന്നതിന് 30 ലക്ഷം, വീടുകളില്‍ ഇലക്ട്രിക് ഇന്‍സിനറേറ്ററുകള്‍ നല്‍കുന്നതിന് 20 ലക്ഷം രൂപ വകയിരുത്തി. കുടുംബശ്രീവഴി ഹോം നേഴ്‌സിംഗ് സേവനം ലഭ്യക്കുകവഴി സ്ത്രീ ശാക്തീകരണത്തിനും ബജറ്റ് ലക്ഷ്യംവെക്കുന്നുണ്ട്​.

കുടുംബശ്രീ അംഗങ്ങളെ ഉള്‍പ്പെടുത്തി സീസണല്‍ പഴവര്‍ഗങ്ങളുടെ ഫുഡ് പ്രോസസിങ്​ യൂണിറ്റുകള്‍ രൂപീകരിക്കും. എം.എല്‍ റോഡില്‍ വനിതാ ഷോപ്പിങ്​ മാള്‍ നിര്‍മ്മാണത്തിന് ഒരു കോടി രൂപ വകയിരുത്തി.

തിരുനക്കരയില്‍ നിര്‍മ്മിക്കുന്ന ശതാബ്ദി സ്മാരക മള്‍ട്ടിപ്ലക്സ് കം ബസ് ബേയുടെ ഡി.പി.ആര്‍ തയാറാക്കുന്നതിനായി 75 ലക്ഷം രൂപ വകയിരിത്തിയിട്ടുണ്ട്. സൗരോര്‍ജ പ്ലാന്‍റുകള്‍ സ്ഥാപിക്കുന്നതിന് 15 ലക്ഷം രൂപ വകയിരിത്തി.

മഴക്കാലത്ത് റോഡുകള്‍ തകര്‍ന്ന് രൂപപ്പെടുന്ന കുഴികള്‍ കോള്‍ഡ് മിക്സ് ഷെല്‍മാക് മിശ്രിതം ഉപയോഗിച്ച് സഞ്ചാരയോഗ്യമാക്കുന്നതിന് 30 ലക്ഷം രൂപ വകയിരുത്തി. നാഗമ്പടം നെഹ്‌റു സ്റ്റേഡിയം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയമാക്കുന്നതിനായി ഒരുകോടി രൂപ വായ്പയായി കണ്ടെത്തും.

വയസ്‌കര കുന്നില്‍ നഗരസഭ ഫ്ലാറ്റ് നിര്‍മ്മാണത്തിന്‍റെ ഡി.പി.ആര്‍ തയാറാക്കുന്നതിന് 10 ലക്ഷം, നാഗമ്പടത്ത് ബോട്ടുജെട്ടി നിര്‍മ്മിച്ച് മീനച്ചിലാറിലൂടെ ജലടൂറിസത്തിന് 12.50 ലക്ഷം.

വിവിധ വാര്‍ഡുകളിലെ കുടിവെള്ള പദ്ധതികള്‍ക്കായി മൂന്നുകോടി രൂപ, വാട്ടര്‍ കിയോസ്‌കുകള്‍ക്ക്​ 25 ലക്ഷം, മരുന്നുകള്‍ വാങ്ങിനല്‍കുന്ന പദ്ധതിക്ക് 66 ലക്ഷം, പ്രിമെട്രിക് ഹോസ്റ്റല്‍ ഒരുകോടി, പാടശേഖരങ്ങളില്‍ ഡീ വാട്ടറിംഗ് സൗകര്യം 30 ലക്ഷം, സി.എസ്.ആര്‍ ഫണ്ട് ലഭ്യമാക്കി തിരുനക്കര മൈതാനം, ശാസ്ത്രി റോഡ്, പ്രധാന ജങ്​ഷന്‍, വീഥികള്‍ എന്നിവ മോടിപ്പിടിക്കും.