നാട് കുട്ടിച്ചോറായാലും കോട്ടയം നഗരസഭയിലെ തമ്മിലടി തീരില്ല ;വാര്‍ഷിക പദ്ധതി സമര്‍പ്പിക്കാത്ത കോട്ടയം നഗരസഭയോട് വിശദീകരണം തേടി ജില്ലാ ആസൂത്രണ സമിതി

നാട് കുട്ടിച്ചോറായാലും കോട്ടയം നഗരസഭയിലെ തമ്മിലടി തീരില്ല ;വാര്‍ഷിക പദ്ധതി സമര്‍പ്പിക്കാത്ത കോട്ടയം നഗരസഭയോട് വിശദീകരണം തേടി ജില്ലാ ആസൂത്രണ സമിതി

സ്വന്തം ലേഖകൻ

കോട്ടയം : വാർഷിക പദ്ധതി അംഗീകാരത്തിന്‌ സമർപ്പിക്കാത്ത ഏക തദ്ദേശസ്ഥാപനമായ കോട്ടയം നഗരസഭയോട്‌ വിശദീകരണം തേടാൻ ജില്ലാ ആസൂത്രണ സമിതി യോഗം തീരുമാനിച്ചു. മാർച്ച്‌ 31ന്‌ മുമ്പ്‌ പദ്ധതി സമർപ്പിച്ച്‌ അംഗീകാരം നേടേണ്ട സ്ഥാനത്ത്‌ ജൂൺ മാസം അവസാനിക്കാറായിട്ടും പദ്ധതി സമർപ്പിക്കാത്ത സാഹചര്യത്തിലാണ്‌ യുഡിഎഫ്‌ അംഗങ്ങളും ഉൾപ്പെട്ട ആസൂത്രണസമിതിയുടെ തീരുമാനം.

കോട്ടയം നഗരസഭയുടെ ഭാഗത്തുനിന്നുണ്ടായ കെടുകാര്യസ്ഥതയ്‌ക്കെതിരെ നഗരസഭാ സെക്രട്ടറിയെ സർക്കാർ വിളിച്ചു വരുത്തി വിശദീകരണം തേടിയിരുന്നു. ഇനി സർക്കാരിന്റെ പ്രത്യേകാനുമതിയോടെ മാത്രമേ പദ്ധതി സമർപ്പിച്ച്‌ അംഗീകാരം നേടാൻ കഴിയൂ. അനുമതി ലഭിച്ചാൽത്തന്നെ എങ്ങനെ ഈ സാമ്പത്തിക വർഷം പദ്ധതികൾ നടപ്പാക്കുമെന്ന കാര്യത്തിലും വ്യക്തതയില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നഗരസഭ ചരിത്രത്തിൽ ഉണ്ടായിട്ടില്ലാത്ത കെടുകാര്യസ്ഥതയ്‌ക്കെതിരെ പ്രതിപക്ഷ പാർട്ടികൾ പ്രക്ഷോഭം ആരംഭിച്ചിരുന്നു. പദ്ധതി നടപ്പാക്കാൻ വൈകുന്നതിലും അജൻഡയിൽ പോലും ഉൾപ്പെടുത്താത്തതിലും പ്രതിഷേധിച്ച്‌ പ്രതിപക്ഷം നഗരസഭയിൽ സമരം ആരംഭിച്ചിരുന്നു.

കഴിഞ്ഞ ദിവസം ചേർന്ന കൗൺസിൽ യോഗവും പ്രതിപക്ഷത്തിന്റെ പ്രതിഷേധത്തെ തുടർന്ന് തല്ലിപ്പിരിയുകയാണുണ്ടായത്. പദ്ധതി വിഹിതം പാസാക്കാതെ അജണ്ട ചർച്ച ചെയ്യാൻ സമ്മതിക്കില്ലന്ന് പ്രതിപക്ഷവും ചർച്ചയില്ലാതെ അജണ്ട പാസാക്കി ഭരണപക്ഷവും തമ്മിലടിച്ചപ്പോൾ നാട്ടിൽ നടക്കേണ്ട നിരവധി വികസനങ്ങളാണ് വെളിച്ചം കാണാതെ പോകുന്നത്.

പദ്ധതികൾക്ക്‌ അംഗീകാരം വാങ്ങാത്തതിനാൽ അങ്കണവാടികളുടെ പ്രവർത്തനം, പോഷകാഹാര വിതരണം, പാലിയേറ്റീവ്‌ പ്രവർത്തനങ്ങൾ, ഭിന്നശേഷി സ്‌കോളർഷിപ്‌ അടക്കം നിർബന്ധിതമായി നടപ്പാക്കേണ്ട പദ്ധതികൾ പോലും പ്രതിസന്ധിയിലാകുമെന്നുറപ്പായി. ജില്ലയിലെ മറ്റെല്ലാ തദ്ദേശ സ്ഥാപനങ്ങളും അനുമതിവാങ്ങി പദ്ധതി നിർവഹണം ആരംഭിച്ചു .

എന്നാൽ പ്രതിപക്ഷത്തെ കുറ്റപ്പെടുത്തി മുഖം രക്ഷിക്കാനാണ്‌ നഗരസഭാധ്യക്ഷ ശ്രമിച്ചത്‌. കൗണ്‍സിലില്‍ പദ്ധതി സമര്‍പ്പണവുമായി ബന്ധപ്പെട്ട അജണ്ടകള്‍ ചര്‍ച്ച ചെയ്യാന്‍ പോലും അനുവദിക്കാതെ പ്രതിപക്ഷം ബഹളമുണ്ടാക്കി കൗണ്‍സില്‍ യോഗം പല തവണ അലങ്കോലപ്പെടുത്തിയതുമൂലമാണ് പദ്ധതി സമര്‍പ്പണം വൈകിയതെന്നാണ് ചെയര്‍പേഴ്‌സണ്‍ പറയുന്നത്.