കോട്ടയം നഗരസഭ മുടിച്ച് നാശമാക്കിയിട്ടേ ഞങ്ങൾ കസേര ഒഴിയൂ ; സ്ക്വയർ ഫീറ്റിന് 150 രൂപ വരെ വാടക വാങ്ങാമെന്ന് റവന്യൂ ഇൻസ്പെക്ടർ ശുപാർശ ചെയ്ത കെട്ടിടത്തിന് വാടക  വാങ്ങുന്നത് വെറും ആറ് രൂപ മാത്രം; ബാർ ഹോട്ടൽ തുടങ്ങാൻ രാജധാനി ഗ്രൂപ്പിന് നല്കിയ കെട്ടിടത്തിന് പ്രതിമാസ വാടക ഒരു ലക്ഷത്തിൽ താഴെ മാത്രം; ലഭിക്കേണ്ടത് പതിമൂന്ന് ലക്ഷത്തിന് മുകളിൽ; നഗരസഭയ്ക്ക് നഷ്ടം പ്രതിമാസം പന്ത്രണ്ട് ലക്ഷം

കോട്ടയം നഗരസഭ മുടിച്ച് നാശമാക്കിയിട്ടേ ഞങ്ങൾ കസേര ഒഴിയൂ ; സ്ക്വയർ ഫീറ്റിന് 150 രൂപ വരെ വാടക വാങ്ങാമെന്ന് റവന്യൂ ഇൻസ്പെക്ടർ ശുപാർശ ചെയ്ത കെട്ടിടത്തിന് വാടക വാങ്ങുന്നത് വെറും ആറ് രൂപ മാത്രം; ബാർ ഹോട്ടൽ തുടങ്ങാൻ രാജധാനി ഗ്രൂപ്പിന് നല്കിയ കെട്ടിടത്തിന് പ്രതിമാസ വാടക ഒരു ലക്ഷത്തിൽ താഴെ മാത്രം; ലഭിക്കേണ്ടത് പതിമൂന്ന് ലക്ഷത്തിന് മുകളിൽ; നഗരസഭയ്ക്ക് നഷ്ടം പ്രതിമാസം പന്ത്രണ്ട് ലക്ഷം

സ്വന്തം ലേഖകൻ

കോട്ടയം : നഗരസഭ മുടിച്ച് നാശമാക്കിയിട്ടേ ഭരിക്കുന്നവർ കസേര ഒഴിയൂ. ഗുരുതര സാമ്പത്തിക പ്രതിസന്ധിയിൽ പെട്ട് നട്ടം തിരിയുന്ന നഗരസഭയിൽ ബാർ ഹോട്ടൽ തുടങ്ങാൻ കെട്ടിടം വാടകയ്ക്ക് നല്കിയത് സ്ക്വയർ ഫീറ്റിന് വെറും ആറ് രൂപയ്ക്ക് .

സ്ക്വയർ ഫീറ്റിന് 150 രൂപ വരെ വാടക വാങ്ങാമെന്ന് റവന്യൂ ഇൻസ്പെക്ടർ ശുപാർശ ചെയ്ത കെട്ടിടമാണ് വെറും ആറ് രൂപ വാടകയ്ക്ക് നല്കിയത്. നഗരസഭയുടെ എതിർവശത്ത് രാജധാനി ഹോട്ടൽ ഗ്രൂപ്പിനാണ് ഈ വഴി വിട്ട സഹായം ഭരണാധികാരികൾ ചെയ്ത് നല്കിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതേ കെട്ടിടത്തിനോട് ചേർന്ന് കിടക്കുന്ന പഴയ കൽപക സൂപ്പർ മാർക്കറ്റ് ഇരുന്ന കടമുറികൾ രണ്ട് വർഷം മുൻപ് ലേലം ചെയ്തത് സ്ക്വയർ ഫീറ്റിന് 110 രൂപയ്ക്കാണ്. കോട്ടയം നഗരത്തിൽ സ്വകാര്യ കെട്ടിടങ്ങൾക്ക് നൂറ് മുതൽ നൂറ്റി അൻപത് രൂപ വരെയാണ് സ്ക്വയർ ഫീറ്റിന് വാടക.

രാജധാനി ഹോട്ടൽ ഗ്രൂപ്പിന്റെ കൈവശം 9601 സ്ക്വയർ ഫീറ്റ് കെട്ടിടമാണ് നിലവിൽ ഉണ്ടായിരുന്നത് . ഇതിന് സ്ക്വയർ ഫീറ്റിന് 6 രൂപ പ്രകാരമാണ് വാടക വാങ്ങുന്നത്. ഇവർക്ക് ത്രീസ്റ്റാർ ബാർ ഹോട്ടൽ തുറക്കുന്നതിനുള്ള സ്ഥലപരിമിതി പരിഹരിക്കുന്നതിനായി പുതുതായി 3504 സ്ക്വയർ ഫീറ്റ് കെട്ടിടം കൂടി നിലവിലുള്ള കെട്ടിടത്തിനോട് കൂട്ടിച്ചേർത്ത് പണിതു. പുതുതായി പണിത ഈ 3504 സ്ക്വയർ ഫീറ്റ് കെട്ടിടത്തിന് വെറും 15 രൂപയാണ് വാടക. രാജധാനിയുടെ തൊട്ടടുത്ത മുറി നഗരസഭ തന്നെ സ്ക്വയർ ഫീറ്റിന് 110 രൂപയ്ക്ക് കൊടുത്തപ്പോഴാണ് ബാർ മുതലാളിക്ക് നഗരസഭയുടെ സഹായം.

നിലവിലുള്ള വാടക കരാർ അവസാനിച്ചതിനാൽ നിലവിലെ വാടകയായ 6 രൂപയുടെ 10 % വർദ്ധിപ്പിച്ച് 6 രൂപ 60 പൈസയാക്കാനും കരാർ പുതുക്കാനുമുളള ശുപാർശയും വൈസ് ചെയർമാൻ അധ്യക്ഷനായ ധനകാര്യ കമ്മറ്റി നല്കി കഴിഞ്ഞു. കോട്ടയം നഗരം വികസിപ്പിക്കാൻ എന്തൊരു ശുഷ്കാന്തിയാണ് ഭരണാധികാരികൾക്ക് .

ബാർ ഹോട്ടൽ തുടങ്ങാൻ രാജധാനി ഗ്രൂപ്പിന് നല്കിയ കെട്ടിടത്തിന് പ്രതിമാസ വാടക ഒരു ലക്ഷത്തിൽ താഴെ മാത്രമാണ് നഗരസഭയ്ക്ക് ലഭിക്കുന്നത്. നഗരസഭയുടെ തന്നെ കൽപക സൂപ്പർ മാർക്കറ്റുമായോ, സ്വകാര്യ കെട്ടിടങ്ങളുമായോ താരതമ്യം ചെയ്താൽ പതിമൂന്ന് ലക്ഷത്തിന് മുകളിൽ വാടക ലഭിക്കേണ്ടതാണ്. നഗരസഭയ്ക്ക് പ്രതിമാസം ഉണ്ടാകുന്ന നഷ്ടം പന്ത്രണ്ട് ലക്ഷം രൂപയാണ്. വർഷം ഒന്നരക്കോടിയോളം രൂപ. ജീവനക്കാർക്ക് ശമ്പളം നല്കാൻ കാശില്ലാതെ നട്ടം തിരിയുന്ന നഗരസഭയിലാണ് ബാർ മുതലാളിയെ സഹായിക്കൽ .

നഗരസഭയുടെ റോഡുകൾ തകർന്ന് തരിപ്പണമായിട്ട് മാസങ്ങളായി. ഒരു പദ്ധതി പോലും പുതുതായി കൊണ്ടു വരാൻ കോട്ടയം നഗരസഭയ്ക്ക് കഴിയുന്നില്ല. എന്ത് ചോദിച്ചാലും പണമില്ല എന്ന മറുപടിയാണ് ലഭിക്കുന്നത്. തൊട്ടടുത്ത നഗരസഭകൾ അതിവേഗം വളരുമ്പോഴാണ് കോട്ടയം തകരുന്നത്.