കോളേജിൽ പരീക്ഷയ്ക്കിടെ കോപ്പിയടിച്ചെന്നു കണ്ടെത്തി: കാഞ്ഞിരപ്പള്ളി സ്വദേശിയായ ബികോം വിദ്യാർത്ഥിനിയായ പെൺകുട്ടിയെ കാണാതായി; പെൺകുട്ടി ആറ്റിൽ വീണതായുള്ള സംശയം; കിടങ്ങൂരിൽ പൊലീസ് തിരച്ചിൽ തുടരുന്നു

കോളേജിൽ പരീക്ഷയ്ക്കിടെ കോപ്പിയടിച്ചെന്നു കണ്ടെത്തി: കാഞ്ഞിരപ്പള്ളി സ്വദേശിയായ ബികോം വിദ്യാർത്ഥിനിയായ പെൺകുട്ടിയെ കാണാതായി; പെൺകുട്ടി ആറ്റിൽ വീണതായുള്ള സംശയം; കിടങ്ങൂരിൽ പൊലീസ് തിരച്ചിൽ തുടരുന്നു

തേർഡ് ഐ ബ്യൂറോ

കോട്ടയം: കോളേജിൽ പരീക്ഷയ്ക്കിടെ കോപ്പിയടിച്ചത് പിടിച്ചതിനെ തുടർന്നുള്ള മാനസിക വിഷമത്തിൽ പെൺകുട്ടിയെ കാണാതായി. ശനിയാഴ്ച വൈകിട്ട് കാണാതായ പെൺകുട്ടി കിടങ്ങൂരിൽ മീനച്ചിലാറ്റിൽ വീണതായുള്ള സംശയത്തെ തുടർന്നു പൊലീസും അഗ്നിരക്ഷാ സേനയും പരിശോധന ആരംഭിച്ചു.

കാഞ്ഞിരപ്പള്ളി സ്വദേശിയും കിടങ്ങൂരിലെ സ്വകാര്യ കോളേജിലെ ബികോം വിദ്യാർത്ഥിനിയുമായ പെൺകുട്ടിയെയാണ് ശനിയാഴ്ച വൈകിട്ട് മുതൽ കാണാതായത്. ശനിയാഴ്ച നടന്ന പരീക്ഷയ്ക്കിടെ പെൺകുട്ടിയെ കോപ്പി അടിച്ചതിനു കോളേജ് അധികൃതർ പിടികൂടിയിരുന്നതായി സുഹൃത്തുക്കൾ പറയുന്നു. ഇതിനു ശേഷം രാത്രി വൈകിയും പെൺകുട്ടി വീട്ടിൽ എത്തിയില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ദിവസവും കാഞ്ഞിരപ്പള്ളിയിൽ നിന്നും കിടങ്ങൂരിലെ കോളേജിലെത്തുകയാണ് പെൺകുട്ടി ചെയ്തിരുന്നത്. ശനിയാഴ്ച രാത്രി വൈകിയും കുട്ടി എത്താതെ വന്നതോടെ ബന്ധുക്കൾ കാഞ്ഞിരപ്പള്ളി പൊലീസിൽ പരാതി നൽകി. കാഞ്ഞിരപ്പള്ളി പൊലീസിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ കിടങ്ങൂർ പൊലീസ് അന്വേഷണം ആരംഭിക്കുകയായിരുന്നു.

കിടങ്ങൂർ പൊലീസ് നടത്തിയ അന്വേഷണത്തിൽ പെൺകുട്ടിയുടെ ബാഗ് ആറ്റിനു സമീപത്തെ പാലത്തിൽ നിന്നും കണ്ടെത്തി. സിസിടിവി ക്യാമറാ ദൃശ്യങ്ങളിൽ പെൺകുട്ടി ആറിന്റെ ഭാഗത്തേയ്ക്കു നടന്നു വരുന്നതായും കണ്ടെത്തിയിട്ടുണ്ട്. എന്നാൽ, പെൺകുട്ടി ആറ്റിൽ ചാടിയതിന്റെയോ ആറ്റിൽ വീണതിന്റെയോ ലക്ഷണങ്ങൾ ഒന്നും കണ്ടെത്തിയിട്ടില്ല.

ഇവിടെ മീൻ പിടിച്ചിരുന്ന ആളുകൾ ആരും തന്നെ പെൺകുട്ടി ആറ്റിൽ ചാടുന്നത് കണ്ടതായി മൊഴി നൽകിയിട്ടുമില്ല. ഈ സാഹചര്യത്തിൽ പെൺകുട്ടി എവിടെയാണ് എന്നു കണ്ടെത്തുന്നതിനായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പെൺകുട്ടി ആറ്റിൽ വീണെന്ന സംശയത്തിന്റെ അടിസ്ഥാനത്തിൽ അഗ്നിരക്ഷാ സേനയുടെ സ്‌കൂബ ഡൈവിംങ് സംഘം അടക്കം സ്ഥലത്ത് എത്തി പരിശോധന തുടരുകയാണ്.

ഇത് കൂടാതെ നാട്ടുകാരായ മുങ്ങൽ വിദഗ്ധരുടെ സഹായവും പൊലീസ് തേടിയിട്ടുണ്ട്. മറ്റേതെങ്കിലും സ്ഥലത്തേയ്ക്കു പെൺകുട്ടി പോയിട്ടുണ്ടോ എന്നതിന്റെ അടിസ്ഥാനത്തിൽ പെൺകുട്ടിയുടെ മൊബൈൽ ഫോൺ നമ്പർ കേന്ദ്രീകരിച്ചും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പെൺകുട്ടി അവസാനം ഫോൺ ചെയ്ത നമ്പരുകൾ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്.