കോട്ടയം മെഡിക്കല്‍ കോളേജ് വഴിയുള്ള റൂട്ട് ദേശസാല്‍ക്കരിക്കണമെന്ന പഴയ വിജ്ഞാപനം നടപ്പാക്കാൻ നീക്കം ; 560 സ്വകാര്യ ബസ് പെര്‍മിറ്റുകളെ ബാധിക്കും ; 3000 പേര്‍ തൊഴില്‍രഹിതരാകും
കോട്ടയം: കോട്ടയം- ചുങ്കം- മെഡിക്കല്‍ കോളേജ് -ചേര്‍ത്തല, കോട്ടയം -ചുങ്കം -മെഡിക്കല്‍ കോളേജ് -നീണ്ടൂര്‍ വഴി വൈക്കം റൂട്ടുകള്‍ ദേശസാല്‍ക്കരിക്കണമെന്ന പഴയ വിജ്ഞാപനം നടപ്പാക്കാനുള്ള നീക്കം ജില്ലയിലെ 560 സ്വകാര്യ ബസ് പെര്‍മിറ്റുകളെ ബാധിക്കും.
3000 പേര്‍ തൊഴില്‍രഹിതരാകുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. കോട്ടയം മുതല്‍ നീണ്ടൂര്‍ വരെയുള്ള റൂട്ട് നേരത്തെ ദേശസാല്‍ക്കരിച്ചിരുന്നതാണ്. ഇത് ലാഭകരമല്ലെന്ന വാദം ഉയര്‍ത്തിയാണ് കെഎസ്‌ആര്‍ടിസി ഈ ആവശ്യവുമായി മുന്നോട്ടു വന്നിരിക്കുന്നത്.
കോട്ടയം നീണ്ടൂര്‍ റൂട്ടില്‍ സര്‍വീസ് നടത്തുന്ന ഒരു സ്വകാര്യ ബസിന്റെ പെര്‍മിറ്റ് പുതുക്കി നല്‍കുന്നതുമായി ബന്ധപ്പെട്ട് സമീപിച്ചപ്പോഴാണ് കെഎസ്‌ആര്‍ടിസി ഈ വിഷയത്തില്‍ കക്ഷി ചേര്‍ന്നതും പുതിയ ആവശ്യം ഉന്നയിച്ചതും. ദേശസല്‍കൃത റൂട്ടില്‍ അഞ്ച് കിലോമീറ്റര്‍ അല്ലെങ്കില്‍ മൊത്തം റൂട്ടിന്റെ അഞ്ചു ശതമാനം ദൂരം മാത്രമേ സ്വകാര്യ ബസുകള്‍ക്ക് സര്‍വീസ് അനുവദിക്കൂ.
Whatsapp Group 1 | Whatsapp Group 2 |Telegram Group
2009 ലെ സംസ്ഥാന സര്‍ക്കാര്‍ വിജ്ഞാപ്രകാരം കെഎസ്‌ആര്‍ടിസി ഇപ്പോള്‍ ആവശ്യപ്പെടുന്ന റൂട്ടുകള്‍ അവര്‍ക്ക് അനുവദിച്ചിട്ടുള്ളതാണ്. മെഡിക്കല്‍ കോളേജ് വഴി ഇപ്പോള്‍ സ്വകാര്യ ബസുകള്‍ക്ക് താല്‍ക്കാലിക പെര്‍മിറ്റാണ് നല്‍കിക്കൊണ്ടിരിക്കുന്നത്. അടുത്ത ആര്‍ടിഎ ബോര്‍ഡ് യോഗത്തില്‍ ഈ വിഷയം വിശദമായി ചര്‍ച്ച ചെയ്യുമെന്ന് അധ്യക്ഷനായ ജില്ലാ കളക്ടര്‍ അറിയിച്ചു.