കോട്ടയം മെഡിക്കൽ കോളജില്‍ പേവിഷബാധയ്ക്ക് കുത്തിവയ്ക്കുന്ന മരുന്നില്ലാതായിട്ട് മാസങ്ങൾ; വലഞ്ഞ് രോഗികൾ; നടപടിയെടുക്കാതെ അധികൃതർ
സ്വന്തം ലേഖകൻ
ഗാന്ധിനഗര്‍: ജില്ലയിൽ പേവിഷബാധയ്ക്ക് കുത്തിവയ്ക്കുന്ന മരുന്നിന് ക്ഷാമം. കോട്ടയം മെഡിക്കല്‍ കോളജില്‍ മരുന്ന് ലഭ്യമല്ലാതായിട്ട് മാസങ്ങള്‍ പിന്നിട്ടു. ഇക്വിന്‍ ആന്‍റി റാബീസ് ഇമ്യൂണോഗ്ലോബുലിന്‍ (ഇആര്‍ഐജി ) വാക്സിനാണ് ലഭ്യമല്ലാത്തത്. സ്വകാര്യ ആശുപത്രിയില്‍ ഒരു വയ്ല്‍ മരുന്നിന് 720 രൂപയാണ് ഈടാക്കുന്നത്.
വാക്സിന്‍ ഓര്‍ഡര്‍ ചെയ്യാന്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ താമസിച്ചതും തെറ്റായ വിവരങ്ങള്‍ നല്കിയ പര്‍ച്ചേസ് ഓര്‍ഡര്‍ വിതരണ കമ്പനി തള്ളിയതുമാണ് മരുന്നുക്ഷാമത്തിനു കാരണം.
Whatsapp Group 1 | Whatsapp Group 2 |Telegram Group
തൊലിപ്പുറത്തു കുത്തിവയ്ക്കുന്ന ഇന്‍ട്രാ ഡെര്‍മല്‍ റാബി വാക്സിന്‍ (ഐഡിആര്‍വി) ചില ആശുപത്രികളില്‍ സ്റ്റോക്കുണ്ടെങ്കിലും മൃഗങ്ങളുടെ കടിയേറ്റ് വലിയ മുറിവുകളുമായി എത്തുന്നവര്‍ക്ക് ഇആര്‍ഐജി തന്നെ കുത്തിവയ്ക്കേണ്ടി വരും. 70 കിലോഗ്രാമിനു മുകളില്‍ ശരീര ഭാരമുള്ള ഒരാള്‍ക്ക് മരുന്നു കുത്തിവയ്ക്കാന്‍ 6000 രൂപയിലധികം വേണ്ടിവരും. ഇത് സാധാരണക്കാരായ പലര്‍ക്കും സാധ്യമാകുന്നുമില്ല.
മൂന്നു മാസങ്ങള്‍ക്കു മുന്‍പ് രണ്ടു തവണ ആശുപത്രി വികസന സമിതിയുടെ പണം ഉപയോഗിച്ച് മരുന്നു വാങ്ങിയെങ്കിലും ഇതും തീര്‍ന്നു. കഴിഞ്ഞ ദിവസം തെരുവുനായയുടെ കടിയേറ്റ് മെഡിക്കല്‍ കോളജില്‍ എത്തിച്ച രോഗിക്ക് ഇആര്‍ഐജി നല്കാനായില്ല.
ദിവസം 800 വയ്ല്‍ മരുന്നാണ് കേരളത്തില്‍ ആവശ്യമായി വരുന്നത്. കഴിഞ്ഞ ഡിസംബറിലായിരുന്നു മരുന്നിന് ഓര്‍ഡര്‍ നല്‍കേണ്ടിയിരുന്നത്. ഇതാണ് ബന്ധപ്പെട്ടവര്‍ മനഃപൂര്‍വം താമസിപ്പിച്ചത്.
ഒരാഴ്ചയ്ക്കുളളില്‍ മരുന്നുലഭ്യമാകുമെന്നും അത്യാവശ്യ ഘട്ടങ്ങളില്‍ ലോക്കല്‍ പര്‍ച്ചേസ് നടത്താന്‍ ആശുപത്രി അധികൃതരോട് നിര്‍ദേശിച്ചിട്ടുണ്ടെന്നും കേരള സ്റ്റേറ്റ് മെഡിക്കല്‍ സര്‍വീസ് കോര്‍പറേഷന്‍ ലിമിറ്റഡ് ഓഫിസർ പറഞ്ഞു.