കോട്ടയം മെഡിക്കല്‍ കോളേജിലെ ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ വിജയകരം; പള്ളിക്കച്ചിറ സ്വദേശി തീവ്ര പരിചരണ വിഭാഗത്തില്‍ നിരീക്ഷണത്തിൽ; ശസ്ത്രക്രിയയ്ക്ക് നേതൃത്വം നല്‍കിയവരെ അഭിനന്ദിച്ച് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്
സ്വന്തം ലേഖിക
കോട്ടയം: സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ വിജയകരം.
ഗുരുതര ഹൃദ്രോഗമുള്ള കോട്ടയം പള്ളിക്കച്ചിറ സ്വദേശി എം.ആര്‍. രാജേഷിനാണ് (35) ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്തിയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കൊച്ചി ആംസ്റ്റര്‍ മെഡിസിറ്റിയില്‍ മസ്തിഷ്‌ക മരണമടഞ്ഞ മഹാരാഷ്ട്ര സ്വദേശിനിയായ ശ്യാമള രാമകൃഷ്ണന്റെ ഹൃദയമാണ് രാജേഷിന് സംസ്ഥാന സര്‍ക്കാരിന്റെ അവയവദാനം ഏകോപിപ്പിക്കുന്ന കെ. സോട്ടോ വഴി ലഭ്യമാക്കിയത്.
ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ശസ്ത്രക്രിയയ്ക്ക് നേതൃത്വം നല്‍കിയ ആശുപത്രി സൂപ്രണ്ട് ഡോ. ജയകുമാറിനേയും മുഴുവന്‍ ടീം അംഗങ്ങളേയും അഭിനന്ദിച്ചു. ഒപ്പം അവയവം ദാനം നല്‍കിയ ശ്യാമള രാമകൃഷ്ണന്റെ (52) ബന്ധുക്കള്‍ക്ക് മന്ത്രി നന്ദിയുമറിയിച്ചു.
കോട്ടയം മെഡിക്കല്‍ കോളേജില്‍ എട്ടാമത്തെ ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയാണ് നടന്നത്. 3 കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയും നടന്നു. 4 മണിക്കൂറോളം എടുത്താണ് ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ പൂര്‍ത്തിയാക്കിയത്.
രാജേഷ് തീവ്ര പരിചരണ വിഭാഗത്തില്‍ നിരീക്ഷണത്തിലാണ്.
ശ്യാമള രാമകൃഷ്ണന്‍ 6 പേര്‍ക്കാണ് പുതുജീവന്‍ നല്‍കുന്നത്. ഹൃദയം, കരള്‍, 2 വൃക്കകള്‍, 2 കണ്ണുകള്‍ എന്നിവയാണ് ദാനം നല്‍കിയത്.
ഒരു വൃക്ക കോഴിക്കോട് മെഡിക്കല്‍ കോളേജിനാണ് ലഭിച്ചത്. പോലീസിന്റെ സഹകരണത്തോടെ ഗ്രീന്‍ ചാനല്‍ ഒരുക്കിയാണ് അവയവവിന്യാസം നടത്തിയത്.