വികസന കുതിപ്പിൽ കോട്ടയം മെഡിക്കൽ കോളേജ്; തുടക്കം കുറിക്കുന്നത് നാഴിക്കല്ലാവുന്ന പുതിയ പദ്ധതികൾ; ഉദ്ഘാടനം 28ന്
കോട്ടയം: രാജ്യത്ത് ഏറ്റവും കൂടുതൽ പേര്‍ക്ക് സൗജന്യ ചികിത്സ ലഭ്യമാക്കിയതിനുള്ള അംഗീകാരം സ്വന്തമാക്കിയതിന് പിന്നാലെ പുതിയ വികസന പദ്ധതികള്‍ക്ക് തുടക്കം കുറിക്കുകയാണ് കോട്ടയം മെഡിക്കല്‍ കോളേജ്. ഒൻപതു കോടിയോളം രൂപ ചെലവിട്ടു നടപ്പിലാക്കുന്ന പുതിയ അഞ്ച് പ്രധാന പദ്ധതികൾ 28ന് രാവിലെ പത്തിന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം ചെയ്യും.
ആയുഷ്‌മാന്‍ ഭാരത് പ്രധാനമന്ത്രി ജന്‍ ആരോഗ്യ യോജന കാരുണ്യ പദ്ധതി പ്രകാരം രാജ്യത്ത് ഏറ്റവും കൂടുതൽ പേര്‍ക്ക് സൗജന്യ ചികിത്സ ലഭ്യമാക്കിയതിനുള്ള അംഗീകാരം മെഡിക്കൽ കോളേജിൻ്റെ കിരീടത്തിലെ പൊൻ തൂവലാണ്.
ഏഴ് ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്തിയ സര്‍ക്കാര്‍ മേഖലയിലെ ഏക ആശുപത്രിയെന്ന പ്രശസ്തി നേടി. 250 വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്തിയ ആശുപത്രി എന്ന ഖ്യാതിയും കോട്ടയം മെഡിക്കല്‍ കോളേജ് ഇതിനോടകം സ്വന്തമാക്കി കഴിഞ്ഞു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
നഴ്സിംഗ് കോളേജ് ഓഡിറ്റോറിയം, പൊള്ളല്‍ ചികിത്സകള്‍ക്കായി തീവ്രപരിചരണ വിഭാഗം, നവീകരിച്ച 7, 8 വാര്‍ഡുകള്‍, മെഡിക്കല്‍ കോളേജ് കുട്ടികളുടെ ആശുപത്രിയില്‍ ഓക്സിജന്‍ ജനറേറ്റര്‍ പ്ലാന്റ് , 750 കെവിഎ ജനറേറ്റര്‍ എന്നിവ സ്ഥാപിച്ചു കഴിഞ്ഞു.
ഇന്ത്യയില്‍ ഏറ്റവും അധികം പ്രൈമറി ആന്‍ജിയോപ്ലാസ്റ്റി ചെയ്ത കാര്‍ഡിയോളജി വിഭാഗം മെഡിക്കല്‍ കോളേജിന്റെ അഭിമാനമാണ്. കേരളത്തില്‍ ആദ്യത്തെ ടെസ്റ്റ് ട്യൂബ് ചികിത്സയിലൂടെ കുട്ടി പിറന്നതും ഇവിടെയാണ്. രോഗികള്‍ സംസാരിച്ചുകൊണ്ടിരിക്കെ തന്നെ തലയില്‍ മേജര്‍ ശസ്ത്രക്രിയ വിജയകരമായി നടത്തി ന്യൂറോ ശസ്ത്രക്രിയ വിഭാഗം. സര്‍ക്കാര്‍ മേഖലയില്‍ ഏറ്റവും കൂടുതല്‍ ട്രോമ സര്‍ജറികള്‍ നടത്തിയെന്ന പ്രശസ്തിയും കോട്ടയം മെഡിക്കല്‍ കോളേജിനു തന്നെ.
37 ഡയാലിസിസ് മെഷീനുകളുള്ള കേരളത്തിലെ ഏറ്റവും വലിയ ഡയാലിസിസ് യൂണിറ്റാണ് ഇവിടെ പ്രവര്‍ത്തിക്കുന്നത്. കേരളത്തില്‍ കോക്ലിയര്‍ ഇംപ്ലാന്റ് ശസ്ത്രക്രിയ നടത്തിയ ഏക സര്‍ക്കാര്‍ ആശുപത്രിയാണ് ഇത്. 564 കോടി രൂപയുടെ മാസ്റ്റര്‍ പ്ലാന്‍ പദ്ധതി പ്രകാരം സര്‍ജറി ബ്ലോക്ക്, മെഡിക്കല്‍ ആന്‍ഡ് സര്‍ജിക്കല്‍ സ്റ്റോര്‍ എന്നിവയുടെ നിര്‍മാണം പുരോഗമിക്കുകയാണ്.
പുതിയ ചികിത്സാ വിഭാഗങ്ങള്‍, നവീന വാര്‍ഡുകള്‍, അപൂര്‍വ്വ ശസ്ത്രക്രിയകള്‍, അവയവമാറ്റ ശസ്ത്രക്രിയകള്‍ എന്നിവയില്‍ മാത്രമല്ല, കൊവിഡ് ചികിത്സയുടെ കാര്യത്തിലും മുന്‍പന്തിയിലാണ് കോട്ടയം മെഡിക്കല്‍ കോളേജ്.
2020 ഒക്ടോബര്‍ ഒന്നു മുതല്‍ 2021 ആഗസ്റ്റ് 31 വരെ കോട്ടയം മെഡിക്കല്‍ കോളേജിലെ 43,352 ചികിത്സകളുടെ വിവരങ്ങള്‍ സമര്‍പ്പിച്ചാണ് രാജ്യത്തെ പൊതു ആശുപത്രികളുടെ നിരയില്‍ കോട്ടയം മെഡിക്കല്‍ കോളേജ് ഒന്നാം സ്ഥാനത്ത് എത്തിയത്.
സൗജന്യ ചികിത്സ ലഭ്യമാക്കിയിരുന്ന ആര്‍.എസ്.ബി.വൈ, കാരുണ്യ ചിസ്, കാരുണ്യ ചിസ് പ്ലസ് പദ്ധതി എന്നിവയെ ഒരുമിപ്പിച്ച് കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി (കാസ്പ്) ആക്കി മാറ്റുകയായിരുന്നു. കേന്ദ്രവും സംസ്ഥാനവും ചേര്‍ന്ന് പദ്ധതിയില്‍ രോഗികളുടെ ഇന്‍ഷുറന്‍സ് പ്രീമിയം അടച്ചു. ഓരോ രോഗിക്കും അഞ്ച് ലക്ഷം രൂപ വരെ സൗജന്യ ചികിത്സ ലഭ്യമാക്കുന്ന പദ്ധതിയാണ് നടപ്പിലാക്കുന്നത്.
2019 ഏപ്രില്‍ ഒന്നിനാണ് ഈ പദ്ധതി മെഡിക്കല്‍ കോളേജില്‍ ആരംഭിച്ചത്. 1,08,000 ക്ലെയിമുകളാണ് ഇതുവരെ സമര്‍പ്പിച്ചത്. ഇതില്‍ 137.62 കോടി രൂപയാണ് അനുവദിച്ചത്.
കരള്‍ മാററിവയ്ക്കല്‍ ശസ്ത്രക്രിയകള്‍ക്ക് തുടക്കം കുറിച്ചിരിക്കയാണ്. ഹൃദയത്തിന്റെ ഒപ്പം ശ്വാസകോശവും ഒരുമിച്ച് മാറ്റിവയ്‌ക്കുന്നതിനുള്ള ശ്രമവും ആരംഭിച്ചു കഴിഞ്ഞു. ഹൃദ്രോഗ, ഹൃദ്രോഗ ശസ്ത്രക്രിയ വിഭാഗത്തെ റീജണല്‍ ഹൃദ്രോഗ കേന്ദ്രമാക്കി മാറ്റുന്നതിനുള്ള പദ്ധതിയും ആവിഷ്ക്കരിച്ചിട്ടുണ്ട്.