നാഗമ്പടം പാലത്തിൽ വൻകുഴി : എം.സി റോഡിൽ ഗതാഗതകുരുക്ക് ; ആംബുലൻസുകളും കുടുങ്ങി
സ്വന്തം ലേഖകൻ
കോട്ടയം : കനത്ത മഴയിൽ എം.സി റോഡിൽ നാഗമ്പടം പാലത്തിന് സമീപം വൻ കുഴി രൂപപ്പെട്ടതോടെ നഗരത്തിൽ അതിരൂക്ഷമായ ഗതാഗതക്കുരുക്ക്. കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത മഴയിലാണ് കോട്ടയത്ത് നിന്നും എത്തുമ്പോൾ നാഗമ്പടം പാലത്തിലേക്ക് കയറുന്ന ഭാഗത്ത് വലിയ കുഴികൾ രൂപപ്പെട്ടത്.
സംസ്ഥാനത്തെ ഏറ്റവും തിരക്കേറിയ റോഡുകളിലൊന്നിൽ വൻകുഴി രൂപപ്പെട്ടതോടെ കോട്ടയം നഗരത്തിൽ അതിരൂക്ഷമായ ഗതാഗതക്കുരുക്കാണ് അനുഭവപ്പെട്ടത്. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് അടക്കമുള്ള നൂറുക്കണക്കിന് ആംബുലൻസുകളാണ് ഇതുവഴി കടന്ന് പോകുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
തിങ്കളാഴ്ച ഉച്ചയ്‌ക്കെത്തിയ ആംബുലൻസിന് പോലും പതിനഞ്ച് മിനുറ്റോളം നാഗമ്പടത്തെ ഗതാഗതക്കുരുക്കിൽ കഴിയേണ്ടി വന്നു. നാഗമ്പടം പാലത്തിലേക്ക് കയറുന്ന ഭാഗത്ത് കുഴികൾ രൂപപ്പെടുകയും ഈ കുഴികളിൽ വെള്ളം നിറയുകയും ചെയ്തതോടെ വാഹനങ്ങൾ ഇവിടെയെത്തി വേഗം കുറയ്ക്കുന്നത് പതിവ് കാഴ്ചയാണ്.
അത്‌കൊണ്ട് തന്നെയാണ് പിന്നാലെയെത്തുന്ന വാഹനങ്ങൾ ഗതാഗതക്കുരുക്കിൽ പെടുന്നത്. നിലവിൽ നാഗമ്പടം പാലത്തിൽ ഒരു പൊലീസ് ഉദ്യോഗസ്ഥൻ മാത്രമാണ് തിരക്ക് നിയന്ത്രിക്കാൻ ഉള്ളത്. ഒരു മഴ കൂടി പെയ്താൽ പ്രദേശത്ത് ഗതാഗതക്കുരുക്ക് അതിരൂക്ഷമാകും.
റോഡിലെ കുഴി ഒഴിവാക്കുക മാത്രമാണ് ഗതാഗതക്കുരുക്ക് പരിഹരിക്കാനുള്ള ശ്വാശതമാർഗം. എം. സി റോഡിന്റെ അറ്റക്കുറ്റപ്പണി നടത്തുന്ന കെ.എസ്.ടി.പി. ഉദ്യോഗസ്ഥരാകട്ടെ ഇവിടേക്ക് തിരിഞ്ഞ് നോക്കിയിട്ട് പോലുമില്ല. ഈ സാഹചര്യത്തിൽ അനിയന്ത്രിതമായി റോഡ് ടാർ ചെയ്ത് ഗതാഗതക്കുരുക്കിന് പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം.