ഇതര സമുദായത്തില്‍ നിന്ന് വിവാഹം കഴിച്ചതിന് ക്നാനായ സമുദായ വിലക്ക്; അപ്പീല്‍ തള്ളി കോട്ടയം അഡീഷനല്‍ ജില്ല സെഷന്‍സ് കോടതി; കോട്ടയം അതിരൂപതക്ക് തിരിച്ചടി
സ്വന്തം ലേഖിക
കോട്ടയം: ക്നാനായ സമുദായ വിലക്കുമായി ബന്ധപ്പെട്ട കേസില്‍ കോട്ടയം അതിരൂപതക്ക് തിരിച്ചടി.
ഇതര സമുദായത്തില്‍ നിന്ന് വിവാഹം കഴിച്ചതിനെത്തുടര്‍ന്ന് പുറത്താക്കിയവരെ തിരിച്ചെടുക്കണമെന്നതടക്കമുള്ള സബ് കോടതി ഉത്തരവിനെതിരെ കോട്ടയം അതിരൂപത നല്‍കിയ അപ്പീല്‍ കോട്ടയം അഡീഷനല്‍ ജില്ല സെഷന്‍സ് കോടതി തള്ളി. കോട്ടയം അതിരൂപത ആര്‍ച് ബിഷപ്പിന് പുറമെ, ക്നാനായ കാത്തലിക് കോണ്‍ഗ്രസ് നല്‍കിയതടക്കം ഏട്ട് അപ്പീലുകളായിരുന്നു കോടതിയുടെ പരിഗണനക്ക് എത്തിയത്. ഇതെല്ലാം കോടതി തള്ളി.
Whatsapp Group 1 | Whatsapp Group 2 |Telegram Group
സ്വസമുദായത്തില്‍ നിന്ന് വിവാഹം കഴിച്ചില്ലെന്ന കാരണത്താല്‍ കോട്ടയം അതിരൂപതയില്‍ നിന്ന് പുറത്താക്കിയവരെ തിരിച്ചെടുക്കണമെന്നും മറ്റ് സമുദായങ്ങളില്‍ നിന്ന് വിവാഹം ചെയ്യുന്നവരെ പുറത്താക്കരുതെന്നുമായിരുന്നു കോട്ടയം സബ് കോടതി ഉത്തരവ്. ഇത്തരത്തില്‍ ക്നാനായ സമുദായത്തില്‍ നിന്ന് പുറത്താക്കപ്പെട്ടവരുടെ മക്കളുടെ വിവാഹം, മാമോദീസ ചടങ്ങുകള്‍ അനുവദിക്കണമെന്നും ഉത്തരവിലുണ്ടായിരുന്നു.
ക്നാനായ നവീകരണ സമിതി പ്രസിഡന്‍റ് ടി.ഒ. ജോസഫ്, ലൂക്കോസ് മാത്യു എന്നിവരാണ് ക്നാനായ സമുദായ വിലക്കിനെതിരെ കോട്ടയം സബ് കോടതിയെ സമീപിച്ചത്. ഇതില്‍ ഇവര്‍ക്ക് അനുകൂല വിധിയുണ്ടായതോടെയാണ് അപ്പീലുമായി സഭ നേതൃത്വം ജില്ല കോടതിയെ സമീപിച്ചത്. ക്നാനായ സമുദായത്തിന് പുറത്തുനിന്ന് വിവാഹം കഴിക്കുന്നവരെ കോട്ടയം അതിരൂപത വിലക്കുന്നതാണ് പതിവ്. ഇതിനെതിരെയായിരുന്നു ക്നാനായ നവീകരണ സമിതി കോടതിയെ സമീപിച്ചത്.