കോട്ടയത്ത് നിന്ന് കുമ്പിളപ്പം വിദേശത്തേക്ക് പറക്കുന്നു; നീലൂർ പ്രൊഡ്യൂസർ കമ്പനി പ്രതിമാസം കയറ്റിയയ്ക്കുന്നത് 50,000 കുമ്പിളപ്പം; നിർമാണം പത്ത് സ്ത്രീകളുടെ മേല്‍നോട്ടത്തിൽ; വിദേശ വിപണിയില്‍ വില 35 രൂപ
കോട്ടയം: വിദേശത്തേക്കും കോട്ടയത്തിന്റെ സ്വന്തം കുമ്പിളപ്പം പറന്നുതുടങ്ങി.
കർഷകരുടെ ഉടമസ്ഥതയിലുള്ള കോട്ടയം നീലൂർ പ്രൊഡ്യൂസർ കമ്പനി പ്രതിമാസം വിദേശത്തേക്ക് കയറ്റിയയ്ക്കുന്നത് 50,000 കുമ്പിളപ്പം.
ഏഴുമാസം മുൻപാണ് ഇത്രയും എണ്ണം കുമ്പിളപ്പം യു.കെ, അമേരിക്ക, കാനഡ, ഗള്‍ഫ് രാജ്യങ്ങള്‍ എന്നിവിടങ്ങളിലേക്ക് അയച്ചുതുടങ്ങിയത്.
വാണിജ്യാടിസ്ഥാനത്തില്‍ കേരളത്തിലെ ഏറ്റവും കൂടുതല്‍ കുമ്പിളപ്പം ഉത്പാദിപ്പിക്കുന്ന കമ്പനി പ്രാദേശിക വിപണിയില്‍ പ്രതിദിനം 2500 കുമ്പിളപ്പവും വില്‍ക്കുന്നുണ്ട്. 650 കർഷകരുടെ കൂട്ടായ്മയായ കമ്പനിയുടെ ഓഹരി ഉടമകളില്‍ പുരുഷന്മാരുണ്ടെങ്കിലും കുമ്പിളപ്പനിർമാണം പൂർണമായും പത്ത് സ്ത്രീകളുടെ മേല്‍നോട്ടത്തിലാണ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
രാത്രിയും പകലും കുമ്പിളപ്പം നിർമിക്കുന്നു. കയറ്റിയയ്ക്കുന്നവ മാത്രം ശീതീകരിച്ചാണ് തയ്യാറാക്കുന്നത്.
വിപണിയിലുള്ള സ്വീകാര്യത തിരിച്ചറിഞ്ഞാണ് കുമ്ബിളപ്പ നിർമാണത്തിലേക്ക് കമ്ബനി തിരിഞ്ഞതെന്ന് ചെയർമാൻ മാത്യു സിറിയക് പറയുന്നു.
കുമ്പിളാക്കിയ വഴനയിലയില്‍ അരിക്കൂട്ട് നിറച്ച് ആവിയില്‍ പുഴുങ്ങിയെടുക്കുന്ന അടയുടെ പ്രധാന ചേരുവ ചക്കപ്പഴമാണ്. ശർക്കരയും തേങ്ങയും ഏലയ്ക്കയും ജീരകവും റവ അല്ലെങ്കില്‍ അരിപ്പൊടിയും ചേർത്തുണ്ടാക്കുന്നതാണ് കുമ്പിളപ്പം.
ആവശ്യമായ ഇല പ്രധാനമായും ശേഖരിക്കുന്നത് പ്രാദേശിക തലത്തിലാണെന്ന് കമ്പനി സി.ഇ.ഒ. ഷാജി ജോസഫ് പറയുന്നു.
‘വീടുകളില്‍ കുമ്പിളപ്പമുണ്ടാക്കാൻ ചക്കപ്പഴം ഉടനടി ഉപയോഗിക്കുന്നെങ്കില്‍ വാണിജ്യാടിസ്ഥാനത്തില്‍ ചക്കപ്പഴം പള്‍പ്പാക്കിയാണ് ഉപയോഗിക്കുക. ഇതിനായി വ്യത്യസ്ത സമയങ്ങളില്‍ ചക്ക ശേഖരിച്ച് പള്‍പ്പാക്കി ശീതീകരിച്ച് സൂക്ഷിക്കും. തെക്കൻ കേരളത്തില്‍ നിന്നും ശേഖരിച്ച് തുടങ്ങി പിന്നീട് എല്ലാ ഭാഗത്തുനിന്നും തമിഴ്നാട്ടില്‍ നിന്നുവരെ ചക്ക ശേഖരിക്കും.
കോട്ടയം ജില്ലയ്ക്ക് പുറമേ പാലക്കാട്, അട്ടപ്പാടി ഭാഗത്തുനിന്നുവരെ ഇല ശേഖരിക്കാറുണ്ട്. ഒരു രൂപ നല്‍കിയാണ് ഇല വാങ്ങുന്നത്. കേടുള്ളതോ പഴകിയതോ ആയ ഇല ഉപയോഗിക്കാറില്ല’ ഷാജി ജോസഫ് പറയുന്നു.
വലിയ ഓർഡറുകള്‍ തയ്യാറാക്കാനുള്ള സംവിധാനം കമ്പനിക്കുണ്ട്. ഒരു മണിക്കൂറിനുള്ളില്‍ 1250 എണ്ണം ആവിയില്‍ പുഴുങ്ങാവുന്ന സ്റ്റീമറിലാണ് തയ്യാറാക്കുന്നത്.