play-sharp-fill
കോട്ടയത്ത് കൊറോണയില്ല; ആദ്യ സാമ്പിളുകളില്‍ വൈറസ് സാന്നിധ്യമില്ലന്ന് പരിശോധനാ ഫലം

കോട്ടയത്ത് കൊറോണയില്ല; ആദ്യ സാമ്പിളുകളില്‍ വൈറസ് സാന്നിധ്യമില്ലന്ന് പരിശോധനാ ഫലം

സ്വന്തം ലേഖകൻ

കോട്ടയം: ജില്ലയിൽ കൊറോണയില്ലെന്ന് ആദ്യ പരിശോധനാ ഫലം. കൊറോണ വൈറസ് ബാധയുടേതെന്ന് സംശയിക്കാവുന്ന ലക്ഷണങ്ങളുമായി കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിരീക്ഷണത്തില്‍ കഴിയുന്ന രണ്ടു പേരുടെയും സാമ്പിളുകളില്‍ വൈറസിന്‍റെ സാന്നിധ്യമില്ല. ആലപ്പുഴയിലെ നാഷണല്‍ ഇന്‍സ്റ്റിസ്റ്റ്യൂട്ട് ഓഫ് വൈറോളജിയിലാണ് ആദ്യ സാമ്പിളുകള്‍ പരിശോധിച്ചത്.


സമാന ലക്ഷണങ്ങളുമായി ഒരാളെക്കൂടി മെഡിക്കല്‍ കോളേജിലെ നിരീക്ഷണ വിഭാഗത്തില്‍ പ്രവേശിപ്പച്ചു. ഇയാളുടെ സാമ്പിളും പരിശോധനയ്ക്കയച്ചു. ഇതോടെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം മൂന്നായി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആരോഗ്യ വകുപ്പിന്‍റെ നിര്‍ദേശപ്രകാരം ജില്ലയില്‍ 81 പേര്‍ ജന സമ്പര്‍ക്കമില്ലാതെ വീടുകളില്‍ കഴിയുന്നുണ്ട്. ഇവരുടെ ആരോഗ്യ സ്ഥിതി വകുപ്പ് എല്ലാ ദിവസവും വിലയിരുത്തിവരുന്നു.

വൈറസ് ബാധയ്ക്കെതിരായ മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി ജില്ലയിലെ സ്വകാര്യ ആശുപത്രികളിലെ ഡോക്ടര്‍മാര്‍ക്കായി കോട്ടയം ഐ.എം.എ ഹാളില്‍ പരിശീലന പരിപാടി സംഘടിപ്പിച്ചു. ജില്ലാ കളക്ടര്‍ പി.കെ. സുധീര്‍ ബാബു പരിശീലനം ഉദ്ഘാടനം ചെയ്തു.

നിരീക്ഷണ വാര്‍ഡുകള്‍ സജ്ജമാക്കാനും മുന്‍കരുതല്‍ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുവാന്‍ നോഡല്‍ ഓഫീസറെ ചുമതലപ്പെടുത്തുവാനും ആരോഗ്യ വകുപ്പ് സ്വകാര്യ ആശുപത്രികള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ജില്ലയിലെ ആയൂര്‍വേദ ഡോക്ടര്‍മാര്‍ക്കായി ഫെബ്രുവരി അഞ്ചിന് ഐ.എം.എ ഹാളില്‍ കൊറോണാ മുന്‍കരുതല്‍ സംബന്ധിച്ച് പരിശീലന പരിപാടി നടക്കും.

ലോകാരോഗ്യ സംഘടനയുടെ പ്രതിനിധിയായ ഡോ.പി.എസ്. രാകേഷ് ഇന്നലെ ജില്ലയിലെത്തി. കോട്ടയത്തിനു പുറമെ എറണാകുളം, തൃശൂര്‍ ജില്ലകളിലെ പ്രവര്‍ത്തനങ്ങളുടെ നിരീക്ഷണച്ചുമതലയും ഇദ്ദേഹത്തിനുണ്ട്.

ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ വൈകുന്നേരം ചേര്‍ന്ന വിവിധ കമ്മിറ്റികളുടെ സംയുക്ത യോഗം സ്ഥിതിഗതികളും മുന്‍കരുതല്‍ നടപടികളും വിലയിരുത്തി. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജേക്കബ് വര്‍ഗീസ്, ഡെപ്യൂട്ടി ഡി.എം.ഒ കെ.ആര്‍.രാജന്‍, ഡോ.പി.എസ്. രാഗേഷ് തുടങ്ങിയവര്‍ പങ്കെടുത്തു.