
ബലിപെരുന്നാളിനോടനുബന്ധിച്ച് യുഎഇയിൽ പൊതു-സ്വകാര്യ മേഖലകളിലെ അവധി ദിനങ്ങൾ പ്രഖ്യാപിച്ചു. രാജ്യത്തെ സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് നാല് ദിവസത്തെ ശമ്പളത്തോടു കൂടിയ അവധിയാണ് ലഭിക്കുകയെന്ന് മാനവ വിഭവശേഷി-സ്വദേശിവൽക്കരണ മന്ത്രാലയം അറിയിച്ചു. ഈ മാസം 26 മുതൽ 29 വരെയാണ് മന്ത്രാലയം പ്രഖ്യാപിച്ച ഔദ്യോഗിക അവധി. ഇതോടെ നാല് ദിവസം തുടർച്ചയായി സ്വകാര്യ മേഖലയ്ക്ക് വിശ്രമം ലഭിക്കും.
എന്നാൽ ഷാർജ സർക്കാർ ജീവനക്കാർക്ക് ഇത്തവണ ലോട്ടറിയാണ്. വാരാന്ത്യ അവധികൾ കൂടി ചേർത്ത് തുടർച്ചയായ 10 ദിവസത്തെ ദീർഘ അവധിയാണ് ഷാർജയിൽ ലഭിക്കുക. ഷാർജയിലെ നാല് പ്രവൃത്തി ദിനങ്ങളുള്ള തൊഴിൽ രീതിയാണ് ഈ നീണ്ട അവധിക്ക് വഴിയൊരുക്കിയത്. ഇന്നലെ ചന്ദ്രപ്പിറവി ദൃശ്യമായതോടെ ഇന്ന് ദുൽഹജ് ഒന്ന് ആയിരിക്കുമെന്ന് അധികൃതർ അറിയിച്ചു. ഇതനുസരിച്ച് ഹജിന്റെ സുപ്രധാന ചടങ്ങായ അറഫാ സംഗമം 26ന് നടക്കും. തുടർന്ന് 27നാകും യുഎഇയിൽ ബലിപെരുന്നാൾ ആഘോഷിക്കുക.






