
തിരുവനന്തപുരം: മുഖ്യമന്ത്രി വി ഡി സതീശന് സര്‍ക്കാരിന്റെ ആദ്യ മന്ത്രിസഭാ യോഗത്തില്‍ ആശ പ്രവര്‍ത്തകരുടെ ഓണറേറിയം 3,000 രൂപ വര്‍ധിപ്പിക്കാനുള്ള തീരുമാനത്തെ സ്വാഗതം ചെയ്ത് ആശ സമര സമിതി നേതാവ് എസ് മിനി. ഒരു വര്‍ഷമായി നടത്തിയ സമരത്തിന്റെ വിജയമായാണ് ഈ പ്രഖ്യാപനത്തെ കാണുന്നതെന്ന് മിനി പറഞ്ഞു. നിലവിലെ 9,000 രൂപയില്‍ നിന്ന് 12,000 രൂപയായി ഓണറേറിയം ഉയര്‍ന്നെങ്കിലും 21,000 രൂപ എന്ന അടിസ്ഥാന ആവശ്യത്തില്‍ ഉറച്ച് നില്‍ക്കുന്നതായും അവർ വ്യക്തമാക്കി.
സാമ്പത്തിക സ്ഥിതി മെച്ചപ്പെടുന്ന സാഹചര്യത്തില്‍ ഘട്ടംഘട്ടമായി കൂടുതല്‍ തുക ലഭിക്കുമെന്ന പ്രതീക്ഷയുണ്ടെന്നും മുഖ്യമന്ത്രി തന്നെ അത് വ്യക്തമാക്കിയിട്ടുണ്ടെന്നും എസ് മിനി പറഞ്ഞു. “കുറച്ചുകൂടി തുക ഉയര്‍ത്തുമെന്ന പ്രതീക്ഷ ഉണ്ടായിരുന്നു. എന്നാല്‍ ആദ്യദിവസം തന്നെ 3,000 രൂപ വര്‍ധിപ്പിച്ചത് പ്രതീക്ഷ നല്കുന്ന കാര്യമാണ്. 21,000 രൂപയാണ് ഇപ്പോഴും ആവശ്യപ്പെടുന്നത്. അതാണ് പട്ടിണി ഒഴിവാക്കാനുള്ള കുറഞ്ഞ തുക,” എന്നും മിനി കൂട്ടിച്ചേര്‍ത്തു.
അതേസമയം, ആശ പ്രവര്‍ത്തകര്‍ക്ക് നല്കിയ വാഗ്ദാനം പാലിക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശന് മന്ത്രിസഭാ യോഗത്തിന് ശേഷം മാധ്യമങ്ങളോട് പറഞ്ഞു. ആദ്യഘട്ടമായാണ് 3,000 രൂപയുടെ വര്‍ധന നടപ്പാക്കുന്നതെന്നും ഇതോടെ ആശമാരുടെ ഓണറേറിയം 12,000 രൂപയാകുമെന്നും അദ്ദേഹം അറിയിച്ചു. അങ്കണവാടി ജീവനക്കാര്‍, പാചക തൊഴിലാളികള്‍, പ്രീ പ്രൈമറി ടീച്ചര്മാര്, ആയമാര്‍ എന്നിവര്‍ക്കും 1,000 രൂപ വീതം വേതന വര്‍ധന നല്‍കുമെന്നും വിരമിക്കല്‍ ആനുകൂല്യത്തെ കുറിച്ച് അടുത്ത ഒരു മാസത്തിനുള്ളില്‍ തീരുമാനം എടുക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
Whatsapp Group 1 | Whatsapp Group 2 |Telegram Group







