
കൊച്ചി: മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്ന വി ഡി സതീശന് ആശംസകളുമായി അന്തരിച്ച മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ മകൻ വി എ അരുണ്‍ കുമാര്‍.
രണ്ട് പതിറ്റാണ്ടുകള്‍ക്ക് മുൻപ്, 2006-ല്‍ ഇതേ മെയ് 18-നായിരുന്നു വി എസ് അച്യുതാനന്ദൻ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.
കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തില്‍ പ്രത്യേക പ്രാധാന്യമുള്ള അതേ ദിനത്തിലാണ് വി ഡി സതീശനും മുഖ്യമന്ത്രിപദത്തിലെത്തുന്നതെന്നത് ശ്രദ്ധേയമാണെന്ന് അരുണ്‍ കുമാര്‍ പറഞ്ഞു. “വി ഡി സതീശന്റെ ദീർഘവീക്ഷണം കേരളത്തിന് പുതിയൊരു ദിശാബോധം നല്കട്ടെ” എന്നായിരുന്നു അദ്ദേഹത്തിന്റെ ആശംസ.
വി എ അരുണ്‍ കുമാറിന്റെ കുറിപ്പിന്റെ പൂർണ രൂപം
ഇന്ന് മെയ് 18. കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തില്‍ ഏറെ സവിശേഷതകളുള്ള ഒരു തീയതിയാണിത്. കൃത്യം രണ്ട് പതിറ്റാണ്ടുകള്‍ക്ക് മുന്‍പ്, അതായത് 2006 മെയ് 18-നായിരുന്നു തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ തടിച്ചുകൂടിയ ആയിരങ്ങളെ സാക്ഷിനിര്‍ത്തി വിഎസ് കേരളത്തിന്റെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. സാധാരണക്കാരന്റെ അവകാശങ്ങള്‍ക്കും സാമൂഹ്യനീതിക്കും വേണ്ടിയുള്ള വലിയൊരു ജനമുന്നേറ്റത്തിന്റെ പ്രഖ്യാപനമായിരുന്നു അന്ന് ആ വേദിയില്‍ മുഴങ്ങിയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

രണ്ട് പതിറ്റാണ്ടുകള്‍ പിന്നിടുമ്പോള്‍, ഇതേ മെയ് 18-ന് ശ്രീ. വി.ഡി. സതീശന് കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേല്‍ക്കുകയാണ്. ചരിത്രത്തിലെ അതീവ കൗതുകകരവും അര്‍ത്ഥവത്തുമായ ഒരു യാദൃശ്ചികതയായി തോന്നുന്നു.
കേരളത്തിന്റെ മുഖ്യമന്ത്രി പദവി എന്നത് കേവലം ഒരു പദവിയല്ല, വലിയൊരു ജനതയുടെ പ്രതീക്ഷകളുടെയും അവകാശങ്ങളുടെയും കാവല്‍പ്പുരയാണ്. വിഎസ് എന്ന ഭരണാധികാരി ആ കസേരയിലിരുന്ന് കാണിച്ചുതന്നത്, അധികാരം എന്നത് പാവപ്പെട്ടവന്റെ കണ്ണീരൊപ്പാനും അഴിമതിക്കെതിരെ വിട്ടുവീഴ്ചയില്ലാതെ പോരാടാനുമുള്ള ഉപാധിയാണെന്നാണ്.
ആ കസേരയിലേക്ക് പുതിയൊരു ജനവിധിയുടെ കരുത്തുമായി കടന്നുവരുന്ന ശ്രീ. വി.ഡി. സതീശന് ആ ദൗത്യം ഭംഗിയായി മുന്നോട്ട് കൊണ്ടുപോകാന്‍ സാധിക്കുമെന്ന് ഞാന്‍ പ്രത്യാശിക്കുന്നു. അദ്ദേഹത്തിന്റെ പാര്‍ലമെന്ററി രംഗത്തെ പക്വതയും ദീര്‍ഘവീക്ഷണവും കേരളത്തിന് പുതിയൊരു ദിശാബോധം നല്കട്ടെ.
ഈ ചരിത്രദിനത്തില്‍ കേരളത്തിന്റെ പുതിയ മുഖ്യമന്ത്രി ശ്രീ. വി.ഡി. സതീശനും അദ്ദേഹത്തിന്റെ മന്ത്രിസഭാംഗങ്ങള്‍ക്കും എന്റെയും കുടുംബത്തിന്റെയും ഹൃദയം നിറഞ്ഞ ആശംസകള്‍ നേരുന്നു. നവകേരളത്തിന്റെ പ്രയാണത്തില്‍ ഈ ഭരണം ജനപക്ഷത്തുണ്ടാകട്ടെ.







