അറുപതു തവണ തട്ടിപ്പ്; പിടിയിലായത് ആറു തവണ മാത്രം: കടയിലെത്തി ഉടമയുടെ സുഹൃത്ത് ചമഞ്ഞ് തട്ടിപ്പ് നടത്തി ലക്ഷങ്ങൾ തട്ടിയെടുക്കുന്ന വീരൻ പിടിയിൽ; പിടിയിലായത് രണ്ടാമത്തെ കാമുകിയോടൊപ്പം സുഖജീവിതത്തിനു പണം തട്ടിയെടുക്കാൻ ശ്രമിക്കുന്നതിനിടെ

അറുപതു തവണ തട്ടിപ്പ്; പിടിയിലായത് ആറു തവണ മാത്രം: കടയിലെത്തി ഉടമയുടെ സുഹൃത്ത് ചമഞ്ഞ് തട്ടിപ്പ് നടത്തി ലക്ഷങ്ങൾ തട്ടിയെടുക്കുന്ന വീരൻ പിടിയിൽ; പിടിയിലായത് രണ്ടാമത്തെ കാമുകിയോടൊപ്പം സുഖജീവിതത്തിനു പണം തട്ടിയെടുക്കാൻ ശ്രമിക്കുന്നതിനിടെ

സ്വന്തം ലേഖകൻ

കൊല്ലം: കണ്ടാൽ സുന്ദരനും മാന്യനും.. പക്ഷേ, കയ്യിലിരുപ്പോ തട്ടിപ്പിന്റെ ഉസ്താദ്.. കൊല്ലം സ്വദേശിയായ തട്ടിപ്പുകാരന്റെ ഓരേ ലീലാ വിലാസങ്ങൾ പുറത്തു വരുമ്പോൾ ഞെട്ടുന്നത് സാധാരണക്കാരായ നാട്ടുകാരാണ്. ഇയാൾ ഇങ്ങനെയായിരുന്നോ എന്ന ചോദ്യമാണ് ആളുകൾ ഉയർത്തുന്നത്. രണ്ടു കെട്ടിയ ശേഷം രണ്ടാം കെട്ടിലെ ഭാര്യയ്ക്കു ചിലവിനു നൽകാനായാണ് തട്ടിപ്പുകാരൻ രൂപവും ഭാവവും മാറി തട്ടിപ്പിനിറങ്ങിയത്.

മാന്യതയുടെ വേഷം മറയാക്കി രാജേഷ് ജോർജ് എന്ന തട്ടിപ്പുകാരനാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി ആയിരം മുതൽ ലക്ഷങ്ങൾ വരെയാണ് തട്ടിയെടുത്തത്.
കടയ്ക്കൽ പൊലീസ് ചോദ്യം ചെയ്തപ്പോഴാണ് പത്തനംതിട്ട മല്ലപ്പള്ളി വെസ്റ്റ് ആലുംമൂട്ടിൽ രാജേഷ് ജോർജ് (46) തട്ടിപ്പ് പുസ്തകം തുറന്നത്. വീട്ടുകാരറിഞ്ഞ് നടത്തിയ വിവാഹ ജീവിതം ഉപേക്ഷിച്ച് മറ്റൊരു സ്ത്രീയ്‌ക്കൊപ്പം താമസിച്ചാണ് രാജേഷ് തട്ടിപ്പിനിറങ്ങിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബൈക്കിലായിരുന്നു യാത്ര. രാവിലെ വീട്ടിൽ നിന്ന് ഇറങ്ങും. വൈകിട്ടോടെ ആരെയെങ്കിലും കബളിപ്പിച്ച് പണവുമായെത്തും. ലോക്ക് ഡൗൺ കാലയളവിൽ പ്രതീക്ഷിച്ച കളക്ഷൻ ലഭിച്ചില്ല!. വ്യാപാര സ്ഥാപനങ്ങളിലാണ് തട്ടിപ്പ് കൂടുതലും അരങ്ങേറിയത്. കടയിലെത്തി ഉടമയെ അന്വേഷിക്കും. ഇല്ലെന്ന് പറഞ്ഞാൽ ഫോൺ വിളിക്കുന്ന രീതിയിൽ അഭിനയിക്കും. ഉടമയെന്ന് പറഞ്ഞ് ജീവനക്കാരിൽ നിന്ന് പണം വാങ്ങി മുങ്ങുന്നതാണ് രീതി.

എറണാകുളം തോപ്പുംപടി ബേബി മറൈൻ ഡ്രൈവിലെ തടിമില്ലിൽ തടി വാങ്ങാനെന്ന രീതിയിലെത്തി മേശവലിപ്പിൽ നിന്ന് 1.90 ലക്ഷം രൂപയും തട്ടിയെടുത്തു. നിരവധി തവണ ജയിൽ വാസം അനുഭവിച്ചെങ്കിലും തട്ടിപ്പിൽ നിന്ന് പിൻമാറാൻ രാജേഷ് ഒരുക്കമായിരുന്നില്ല. റൂറൽ എസ്.പി ഹരിശങ്കറിന്റെ നേതൃത്വത്തിൽ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘം വിദഗ്ദ്ധമായാണ് കടയ്ക്കലിൽ നിന്ന് പ്രതിയെ അറസ്റ്റ് ചെയ്തത്. വിവിധ സ്റ്റേഷനുകളിൽ നിന്ന് പ്രതിയെ കസ്റ്റഡിയിൽ ലഭിക്കാൻ അപേക്ഷ നൽകിയിട്ടുണ്ട്.

സിനിമാ പ്രൊഡക്ഷൻ എക്‌സിക്യുട്ടീവാണെന്ന് വിശ്വസിപ്പിച്ച് ആലപ്പുഴ കളർകോടുള്ള സ്വകാര്യ സ്ഥാപന ജീവനക്കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചതിന് രാജേഷിനെ അറസ്റ്റ് ചെയ്തിരുന്നു. ജീവനക്കാരി മാത്രം ഉള്ളപ്പോൾ സ്ഥാപനത്തിലെത്തുകയും ഷൂട്ടിംഗ് ഇവിടെവച്ച് നടത്താമെന്ന് പറയുകയും ചെയ്തു. അഭിനയിക്കാൻ ചാൻസ് തരാമെന്ന് പറഞ്ഞ് കടന്നുപിടിക്കാൻ ശ്രമിച്ചെങ്കിലും യുവതി കുതറി രക്ഷപ്പെട്ടു. പിന്നീട് പൊലീസിൽ പരാതി നൽകി. മറ്റ് പലരോടും സിനിമയിൽ അഭിനയിക്കാൻ അവസരമൊരുക്കാമെന്ന് പറഞ്ഞ് പണം തട്ടിയതായും ലൈംഗിക അതിക്രമം നടത്തിയതായും പരാതികളുണ്ട്.

വെളിയം കോളനി ജംഗ്ഷനിലെ എച്ച്.ആൻഡ്.എസ്.എ എന്ന സ്ഥാപനത്തിലെ ജീവനക്കാരിയെ കബളിപ്പിച്ച് പണം തട്ടിയത് അടുത്തിടെയാണ്. സ്ഥാപന ഉടമ ഹരികുമാറിനെ ഫോൺ വിളിക്കുന്നുവെന്ന രീതിയിൽ അഭിനയിച്ചു. ഹരികുമാർ പറഞ്ഞെന്ന് ജീവനക്കാരിയെ ബോദ്ധ്യപ്പെടുത്തി 1,700 രൂപയുമായാണ് ഇവിടെ നിന്ന് മുങ്ങിയത്.