കോട്ടയത്ത് വീണ്ടും കൊറോണയുടെ ആശങ്ക വർദ്ധിക്കുന്നു: വിദേശത്തു നിന്നും രോഗവിമുക്തയായി എത്തിയ യുവതിയ്ക്ക് പായിപ്പാട്ട് വീണ്ടും രോഗം; പള്ളിക്കത്തോട്ടിൽ വീണ്ടും സമ്പർക്കത്തിലൂടെ രോഗം

കോട്ടയത്ത് വീണ്ടും കൊറോണയുടെ ആശങ്ക വർദ്ധിക്കുന്നു: വിദേശത്തു നിന്നും രോഗവിമുക്തയായി എത്തിയ യുവതിയ്ക്ക് പായിപ്പാട്ട് വീണ്ടും രോഗം; പള്ളിക്കത്തോട്ടിൽ വീണ്ടും സമ്പർക്കത്തിലൂടെ രോഗം

സ്വന്തം ലേഖകൻ

കോട്ടയം: കോട്ടയം ജില്ലയിൽ കോവിഡ് രോഗത്തിന്റെ എണ്ണവും രോഗം പടരുന്ന രീതിയും ആശങ്ക വർദ്ധിപ്പിക്കുന്നു. ഒരു കുടുംബത്തിലെ നാലു പേർക്കു രോഗം ബാധിച്ചതിനു പിന്നാലെ, പള്ളിക്കത്തോട്ടിൽ ഒരാൾക്ക് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചതാണ് ആശങ്ക വർദ്ധിപ്പിക്കുന്നത്. ഇതിനിടെ ചങ്ങനാശേരി പായിപ്പാട് വിദേശത്തു നിന്നും രോഗവിമുക്തയായി എത്തിയ യുവതിയ്ക്കു രോഗം സ്ഥിരീകരിച്ചതും ആശങ്കയ്ക്ക് ഇടയാക്കിയിട്ടുണ്ട്.

ഷാർജയിൽ കോവിഡ് ബാധിച്ച് മൂന്നാഴ്ചയിലേറെ വിദേശത്ത് ചികിത്സയിൽ കഴിഞ്ഞ ശേഷം നാട്ടിലെത്തിയ യുവതിയ്ക്കാണ് പായിപ്പാട് വീണ്ടും കോവിഡ് സ്ഥിരീകരിച്ചത്. യു.എ.ഇയിലെ ഷാർജയിൽ നിന്നും എത്തി വീട്ടിൽ ഹോം ക്വാറന്റൈനിൽ കഴിയുന്നതിനിടെയാണ് യുവതിയ്ക്കു വീണ്ടും രോഗം സ്ഥിരീകരിച്ചതാണ് ആരോഗ്യ വകുപ്പ് അധികൃതരെ ആശങ്കയിലാക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജൂൺ 19 നാണ് ഇവർ എയർ ഇന്ത്യ വിമാനത്തിൽ നെടുമ്പാശേരിയിൽ എത്തിയത്. പായിപ്പാട് വീട്ടിൽ ക്വാറന്റൈനിൽ കഴിയുന്നതിനിടെയാണ് ഇവർക്കു രോഗ ലക്ഷണങ്ങൾ കണ്ടെത്തിയത്. ഷാ്ർജയിൽ ജോലി ചെയ്തിരുന്ന ഇവർക്ക് ഇവിടെ വച്ചു മേയ് പത്തിനു നടത്തിയ പരിശോധനയിൽ രോഗം സ്ഥിരീകരിച്ചിരുന്നു.

തുടർന്നു ഷാർജയിൽ ഒരു മാസത്തോളം ഇവർ ചികിത്സയിൽ കഴിഞ്ഞിരുന്നു. ഇതിനു ശേഷം നടത്തിയ പരിശോധനയിൽ ഇവർക്കു കൊവിഡ് നെഗറ്റീവാണ് എന്നു കണ്ടെത്തി. ജൂൺ മൂന്നിനു നടത്തിയ പരിശോധനയിലാണ് ഇവർ രോഗവിമുക്തയായതായി കണ്ടെത്തിയത്.

തുടർന്നു ഇവർ ഷാർജയിൽ നിന്നും നാട്ടിലേയ്ക്കു തിരികെ മടങ്ങുകയായിരുന്നു. തുടർന്നു ഇവർ നാട്ടിലെത്തി ഹോം ക്വാറന്റൈനിൽ തന്നെ കഴിയുകയായിരുന്നു. ഇതിനിടെ നടത്തിയ പരിശോധനയിലാണ് വീണ്ടും രോഗം സ്ഥിരീകരിച്ചത്.

ഇവരെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇവർക്കു വൈറസ് ബാധയുണ്ടെന്നു കണ്ടെത്തിയെങ്കിലും, ഒരു പരിശോധന കൂടി നടത്തിയ ശേഷം മാത്രമേ രോഗ ബാധ സ്ഥിരീകരിക്കുവെന്നാണ് ആരോഗ്യ വകുപ്പ് അധികൃതർ പറയുന്നത്. ഇവർക്കു രോഗം സ്ഥിരീകരിച്ച സാഹചര്യത്തിൽ ഇവരുടെ വീട്ടുകാർ അടക്കമുള്ള ബന്ധുക്കളോട് ക്വാറന്റൈനിൽ പോകാൻ നിർദേശിച്ചിട്ടുണ്ട്.

ഇതിനിടെയാണ് പൊൻകുന്നത്തെ സ്വകാര്യ ആശുപത്രി ജീവനക്കാരിയുമായി സമ്പർക്കത്തിലുണ്ടായിരുന്ന പള്ളിക്കത്തോട് സ്വദേശിയ്ക്കു രോഗം സ്ഥിരീകരിച്ചത്. പള്ളിക്കത്തോട് ഒരു കുടുംബത്തിലെ ആറു പേർക്കു നേരത്തെ രോഗം സ്ഥിരീകരിച്ചിരുന്നു. ഇതിൽ ഒരാൾ പൊൻകുന്നത്തെ ആശുപത്രിയിലെ ആരോഗ്യ പ്രവർത്തകയായിരുന്നു. ഇവരിൽ ഒരാളിൽ നിന്നാണ് ഇപ്പോൾ സമ്പർക്കത്തിലൂടെ മറ്റൊരു ആരോഗ്യ പ്രവർത്തകയ്ക്കു കൂടി രോഗം ബാധിച്ചിരിക്കുന്നത്.