video
play-sharp-fill
കോട്ടയം ജില്ലാ പഞ്ചായത്തിനെച്ചൊല്ലി തർക്കം: ജോസ് കെ.മാണി വിഭാഗത്തെ യുഡിഎഫിൽ നിന്നും പുറത്താക്കി; ജോസ് വിഭാഗത്തിന് മുന്നണിയിൽ തുടരാൻ അർഹതയില്ല; വൈകിട്ട് നാലിനു ജോസ് കെ.മാണി മാധ്യമങ്ങളെ കാണും

കോട്ടയം ജില്ലാ പഞ്ചായത്തിനെച്ചൊല്ലി തർക്കം: ജോസ് കെ.മാണി വിഭാഗത്തെ യുഡിഎഫിൽ നിന്നും പുറത്താക്കി; ജോസ് വിഭാഗത്തിന് മുന്നണിയിൽ തുടരാൻ അർഹതയില്ല; വൈകിട്ട് നാലിനു ജോസ് കെ.മാണി മാധ്യമങ്ങളെ കാണും

തേർഡ് ഐ ബ്യൂറോ

കോട്ടയം: ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ യുഡിഎഫിനുള്ളിലെ ധാരണ അംഗീകരിച്ചില്ലെന്നാരോപിച്ചു ജോസ് കെ.മാണി വിഭാഗത്തെ യുഡിഎഫിൽ നിന്നും പുറത്താക്കി. അച്ചടക്കം ലംഘിച്ച് യുഡിഎഫ് ധാരണ അംഗീകരിക്കാതെ വന്നതോടെയാണ് ജോസ് കെ.മാണി വിഭാഗത്തെ പുറത്താക്കുന്നതെന്നും യുഡിഎഫ് നേതാക്കൾ പ്രഖ്യാപിച്ചു.

വിഷയം ചർച്ച ചെയ്യാൻ കേരള കോൺഗ്രസ് എം ജോസ് കെ.മാണി വിഭാഗത്തിന്റെ ഉന്നതാധികാര സമിതി യോഗം കോട്ടയത്ത് ചേരുന്നതിനിടെയാണ് ഇപ്പോൾ യുഡിഎഫിൽ നിന്നും ജോസ് കെ.മാണി വിഭാഗത്തെ പുറത്താക്കാൻ തീരുമാനം ഉണ്ടായിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജില്ലാ പഞ്ചായത്തിൽ അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കലിനെ മാറ്റി പകരം, ജോസഫ് വിഭാഗത്തിൽ നിന്നുള്ള അജിത് മുതിരമലയ്ക്കു നൽകണമെന്നായിരുന്നു യുഡിഎഫിലെ ധാരണ. ഇത് അനുസരിച്ചു യുഡിഎഫ് നേതാക്കൾ രാജി വയ്ക്കണമെന്നു ജോസ് കെ.മാണി വിഭാഗത്തോടു ആവശ്യപ്പെടുകയായിരുന്നു. എന്നാൽ, ജോസ് കെ.മാണി വിഭാഗം ഇത്തരത്തിൽ ഒരു ധാരണ നിലവിലില്ലെന്നു പ്രഖ്യാപിക്കുകയും, രാജി വയ്ക്കില്ലെന്നു തീരുമാനിക്കുകയുമായിരുന്നു.

ഇതോടെയാണ് തിങ്കളാഴ്ച തിരുവനന്തപുരത്ത് ചേർന്ന യുഡിഎഫ് നേതൃത്വം ജോസ് കെ.മാണി വിഭാഗത്തെ പുറത്താക്കാൻ തീരുമാനിച്ചത്. ബുധനാഴ്ച ചേരുന്ന യോഗത്തിലേയ്ക്കു ജോസ് കെ.മാണി വിഭാഗത്തെ ക്ഷണിക്കില്ലെന്നു യുഡിഎഫ് കൺവീനർ ബെന്നി ബെഹന്നാൻ അറിയിച്ചു.

മാസങ്ങളോളം നീണ്ടു നിന്ന അനിശ്ചിതത്വത്തിനൊടുവിലാണ് ജോസ് കെ.മാണി വിഭാഗത്തെ പുറത്താക്കാൻ യുഡിഎഫ് തീരുമാനിച്ചിരിക്കുന്നത്. തീരുമാനം ഏകപക്ഷീയമാണ് എന്നു റോഷി അഗസ്റ്റിൻ എം.എൽ.എ മാധ്യമങ്ങളോടു പറഞ്ഞു. നിലവിൽ അങ്ങിനെ ഒരു ധാരണയുണ്ടായിട്ടില്ല. രമേശ് ചെന്നിത്തലയോ, ഉമ്മൻ ചാണ്ടിയോ, ബെന്നി ബെഹന്നാനോ വിഷയത്തിൽ ധാരണയുണ്ടെന്നു പ്രഖ്യാപനം നടത്തിയിട്ടില്ല. പിന്നെ എങ്ങിനെയാണ് ഇത്തരത്തിൽ ധാരണ ഉണ്ടെന്നു അറിയിക്കുന്നത്. ജോസ് പക്ഷത്തു നിന്നും രാത്രി ജോസഫ് വിഭാഗം തട്ടിക്കൊണ്ടു പോയ രണ്ടു പേരിൽ ഒരാളെ പ്രസിഡന്റാക്കുന്നതിൽ എന്തു ധാരണയാണ് ഉള്ളതെന്നും എം.എൽ.എമാരായ റോഷി അഗസ്റ്റിനും എൻ.ജയരാജും അറിയിച്ചു.