കോട്ടയം ഞീഴൂർ  കെ റെയിൽ സർവേക്കല്ല് സ്ഥാപിക്കാൻ എത്തിയ ഉദ്യോഗസ്ഥരെ നാട്ടുകാർ  തടഞ്ഞു; വാഹനത്തിനു കുറുകെ കിടന്നു പ്രതിഷേധം; പ്രദേശത്ത് സംഘർഷാവസ്ഥ

കോട്ടയം ഞീഴൂർ കെ റെയിൽ സർവേക്കല്ല് സ്ഥാപിക്കാൻ എത്തിയ ഉദ്യോഗസ്ഥരെ നാട്ടുകാർ തടഞ്ഞു; വാഹനത്തിനു കുറുകെ കിടന്നു പ്രതിഷേധം; പ്രദേശത്ത് സംഘർഷാവസ്ഥ

സ്വന്തം ലേഖകൻ
കോട്ടയം : കടുത്തുരുത്തി ഞീഴൂർ വെളിയംകോട് കെ റെയിൽ സർവേക്കല്ല് സ്ഥാപിക്കാൻ എത്തിയ ഉദ്യോഗസ്ഥരെ നാട്ടുകാർ തടഞ്ഞു.

ഉദ്യോഗസ്ഥരെത്തിയ വാഹനത്തിനു കുറുകെ കിടന്നു നാട്ടുകാർ പ്രതിഷേധിച്ചു. ഇതോടെ പ്രദേശത്ത് സംഘർഷാവസ്ഥയായി. വിവിധ രാഷ്ട്രീയ പാർട്ടികളും ജനകീയ പ്രതിഷേധത്തിനു പിന്തുണയുമായി എത്തിയിരുന്നു.

കോട്ടയം ഞീഴൂർ പഞ്ചായത്തിലെ വെളിയംകോട് മേഖലയിൽ കല്ലിടലിനായി രാവിലെ ഉദ്യോഗസ്ഥ സംഘം എത്തുമെന്ന് നേരത്തെ തന്നെ അറിയിപ്പുണ്ടായിരുന്നു. ഈ സാഹചര്യത്തിൽ പ്രദേശത്ത് നാട്ടുകാർ തമ്പടിച്ചിരുന്നു. സമരസമിതിയുടെ നേതൃത്വത്തിൽ എന്തുവന്നാലും കല്ലിടീൽ അനുവദിക്കില്ലെന്ന നിലപാടും സ്വീകരിച്ചിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കല്ലിടാൻ ഉദ്യോഗസ്ഥർ എത്തും മുമ്പു തന്നെ പ്രവർത്തനങ്ങൾ നടക്കേണ്ട സ്ഥലത്ത് പ്രതിഷേധ സമരം സമരസമിതി സംഘടിപ്പിച്ചു. രാവിലെ നടന്ന സമരം മോൻസ് ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു. വരും ദിവസങ്ങളിലും പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുമെന്ന് സമരസമിതി നേതാക്കൾ അറിയിച്ചിരുന്നു.

പ്രദേശത്തെ കല്ലിടൽ സ്ഥലങ്ങൾ കൃത്യമായി രേഖപ്പെടുത്തിയ ശേഷമായിരിന്നു റവന്യൂ സംഘം ഇവിടെ എത്തിയത്. പ്രതിഷേധ സാധ്യതയുള്ളതിനാൽ സംഘത്തിനു പോലീസ് സുരക്ഷയൊരുക്കിയിരുന്നു. രണ്ട് റവന്യൂ ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിലാണ് കല്ലിടൽ ജോലികൾ നടന്നത്. പദ്ധതിയുമായി ബന്ധപ്പെട്ട സർക്കാരിൻ്റെ വിശദീകരണയോഗം കഴിഞ്ഞദിവസം ജില്ലയിൽ നടന്നതിനു പിന്നാലെയാണ് കല്ലിടൽ ജോലി ആരംഭിച്ചത്.

സിൽവർ ലൈനിൽ സാമൂഹിക ആഘാത പഠനത്തിനു പിന്നാലെ പ്രതിഷേധങ്ങൾ ഒരു പരിധിവരെയെങ്കിലും തണുപ്പിക്കാനാകുമെന്നാണ് സർക്കാർ കണക്കുകൂട്ടുന്നത്. കോട്ടയം ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ നിന്നായി 110 ഹെക്ടറിലധികം ഭൂമിയാണ് പദ്ധതിക്കായി ഏറ്റെടുക്കേണ്ടി വരുന്നത്. ജില്ലയിലെ നാലു താലൂക്കുകളിലെ 16 ഗ്രാമപഞ്ചായത്തുകളിലൂടെയാണ് സിൽവർ ലൈൻ കടന്നുപോകുന്നത്.

കോട്ടയം ജില്ലയിലെ കോൺഗ്രസും ബിജെപിയും എസ്ഡിപിഐയും കേരള കോൺഗ്രസ് ജോസഫ് വിഭാഗവും പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. നേരത്തെ കൊല്ലാട്, പനച്ചിക്കാട് ഭാഗത്ത് കല്ലിടാൻ എത്തിയ കെ റെയിൽ ജീവനക്കാരെ നാട്ടുകാർ തടഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോൾ ഞീഴൂരിലും സംഘർഷം ഉണ്ടായിരിക്കുന്നത്.