കോട്ടയത്തെ ജവഹര്‍ ബാലഭവനെ അരനൂറ്റാണ്ട് പ്രവര്‍ത്തിച്ച കെട്ടിടത്തില്‍ നിന്ന് ഒഴിപ്പിക്കാന്‍ നീക്കം; ലാഭകരമല്ലെന്ന കാരണത്താലാണ് ബാലഭവനെ വാടകക്കെട്ടിടത്തിലേക്ക് മാറ്റാൻ നീക്കം നടക്കുന്നത്
സ്വന്തം ലേഖിക
കോട്ടയം: കുട്ടികളുടെ ലൈബ്രറി കെട്ടിടത്തില്‍ നിന്ന് കോട്ടയത്തെ ജവഹര്‍ ബാലഭവനെ ഒഴിപ്പിക്കാന്‍ നീക്കം .ലാഭകരമല്ലെന്ന കാരണത്താലാണ് 50 വര്‍ഷമായി പ്രവര്‍ത്തിക്കുന്ന കെട്ടിടത്തില്‍ നിന്ന് ബാല ഭവനെ ഒഴിപ്പിക്കാൻ നീക്കം നടക്കുന്നത് . കെട്ടിടത്തിന്‍റെ ഉടമസ്ഥാവകാശമുള്ള പബ്ലിക് ലൈബ്രറി ഭരണസമിതിയുടേതാണ് നടപടി.
ഇതിനായി സാംസ്കാരിക വകുപ്പിന്‍റെ ഉത്തരവും ഭരണസമിതി സ്വന്തമാക്കി. ബാലഭവനെ വാടകക്കെട്ടിടത്തിലേക്ക് മാറ്റാനാണ് നീക്കം. തീരുമാനത്തിനെതിരെ പ്രതിഷേധിച്ച അധ്യാപകരെ പിരിച്ചുവിട്ടതിനെ തുടര്‍ന്ന് അധ്യാപകരാകെ സമരം തുടങ്ങി.
Whatsapp Group 1 | Whatsapp Group 2 |Telegram Group
സംവിധായകന്‍ ജയരാജ്, നടന്‍ ഗിന്നസ് പക്രു, സിപിഎം നേതാവ് സുരേഷ് കുറുപ്പ് തുടങ്ങിയ പ്രമുഖര്‍ കോട്ടയം ജവഹര്‍ ബാലഭവന്‍ വിദ്യാര്‍ത്ഥികളായിരുന്നു. പബ്ലിക് ലൈബ്രറിയുടെ കെട്ടിടത്തില്‍ അരനൂറ്റാണ്ടായി കുട്ടികളുടെ ലൈബ്രറിക്കൊപ്പം പ്രവര്‍ത്തിക്കുന്ന ബാലഭവനെ അടര്‍ത്തിമാറ്റാനാണ് നീക്കം.
ബാലഭവന്‍റെ ഭരണത്തിന് ചുക്കാന്‍ പിടിക്കുന്ന പബ്ലിക് ലൈബ്രറി ഭാരവാഹികള്‍ തന്നെയാണ് തീരുമാനത്തിന് പിന്നിലും. പുതിയ നീക്കത്തിനെതിരെ പ്രതിഷേധിച്ച രണ്ട് അധ്യാപകരെ പുറത്താക്കി. മറ്റധ്യാപകര്‍ ക്ലാസ് ബഹിഷ്കരിച്ച് സമരത്തിലാണ്
പിരിച്ചുവിട്ട അധ്യാപകരെ തിരിച്ചെടുക്കണമെന്ന ആവശ്യത്തോട് നിഷേധാത്മക നിലപാടാണ് പബ്ലിക് ലൈബ്രറി ഭരണസമിതി സ്വീകരിച്ചതെന്ന് ബാലഭവനിലെ അധ്യാപകനായ ഹരീന്ദ്രനാഥ് കുറ്റപ്പെടുത്തി. ബാലഭവനില്‍ കുട്ടികള്‍ കുറവെന്നും നടത്തിപ്പ് ബാധ്യതയെന്നുമാണ് പബ്ലിക് ലൈബ്രറി ഭാരവാഹികളുടെ നിലപാട്.
ബാലഭവനെ ഒഴിപ്പിച്ച് കുട്ടികളുടെ ലൈബ്രറി വിശാലമാക്കും. അധ്യാപകരുടെ ശ്രമം പ്രശസ്‌തി നിലനിര്‍ത്താനെന്നും പബ്ലിക് ലൈബ്രറി പ്രസിഡന്റ് എബ്രഹാം ഇട്ടിച്ചിറ പറഞ്ഞു. കഴിഞ്ഞ 51 വര്‍ഷമായി ബാലഭവനില്‍ നിന്ന് വാടകയായി ഒരു രൂപ പോലും വാങ്ങിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
സാംസ്കാരിക വകുപ്പിന്‍റെ ഈ ഉത്തരവിന്‍റെ അടിസ്ഥാനത്തിലാണ് പബ്ലിക് ലൈബ്രറി ഭരണസമിതി നീക്കം. ബാലഭവന് സ്വന്തമായി കെട്ടിടം ഉണ്ടാകുന്നത് വരെ വാടക കെട്ടിടത്തിലേക്ക് മാറ്റണമെന്നാണ് ഉത്തരവ്. എന്നാല്‍, ഇത് തെറ്റിധാരണയുടെ പുറത്തുള്ള ഉത്തരവെന്നാണ് ബാലഭവന്‍ സംരക്ഷണ സമിതി പറയുന്നത്.