ക്രിസ്മസ് – പുതുവത്സരാഘോഷം; കോട്ടയം ജില്ലയിൽ പരിശോധന കർശനമാക്കി എക്സൈസ് വകുപ്പ്; ജില്ലയിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമും പ്രവർത്തനമാരംഭിച്ചു; മദ്യവും മയക്കുമരുന്നും അനധികൃതമായി നിർമിക്കുന്നതും സൂക്ഷിക്കുന്നതും ശ്രദ്ധയിൽപ്പെട്ടാൽ എക്സൈസിന് വിവരം അറിയിക്കാം….
സ്വന്തം ലേഖിക
കോട്ടയം: ക്രിസ്മസ് – പുതുവത്സരാഘോഷങ്ങൾ ലക്ഷ്യമാക്കിയുള്ള വ്യാജമദ്യ നിർമാണം, സ്പിരിറ്റ് ശേഖരണം, മയക്കുമരുന്ന് വിൽപ്പന എന്നിവയ്ക്കെതിരെയുള്ള സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി എക്സൈസ് വകുപ്പിന്റെ പരിശോധനകൾ കർശനമാക്കിയതായി ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ അറിയിച്ചു.
ജില്ലയിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന ഒരു കൺട്രോൾ റൂമും മൂന്ന് പ്രത്യേക സ്ട്രൈക്കിംഗ് ഫോഴ്സുകളും പ്രവർത്തനമാരംഭിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
വ്യാജ മദ്യ നിർമ്മാണം തടയുന്നതിനായി പോലീസ്, വനം, റവന്യു വകുപ്പുകളുമായി ചേർന്ന് കായൽ മേഖലകളിലും തുരുത്തുകളിലും പുഴയോരങ്ങളിലും അതിഥിതൊഴിലാളികൾ താമസിക്കുന്ന ക്യാമ്പുകളിലും പരിശോധന നടത്തും. മദ്യവിൽപ്പന ശാലകളിൽ നിരന്തര പരിശോധന നടത്തും.
മദ്യത്തിന്റെ സാമ്പിളുകൾ ദിവസവും രാസ പരിശോധനയ്ക്ക് വിധേയമാക്കും. മെഡിക്കൽ സ്‌റ്റോറുകളിൽ കുറിപ്പടിയില്ലാതെ മരുന്നുകൾ വിതരണം ചെയ്യുന്നില്ലെന്ന് ഉറപ്പു വരുത്താൻ ഡ്രഗ് ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ പരിശോധന നടത്തും.
മറ്റ് സംസ്ഥാനങ്ങളിൽ നിന്നോ ജില്ലകളിൽനിന്നോ മയക്കുമരുന്നും വ്യാജമദ്യവും സ്പിരിറ്റും കടത്തുന്നില്ല എന്ന് ഉറപ്പാക്കാൻ അതിർത്തി പ്രദേശങ്ങളിൽ വാഹന പരിശോധന നടത്തും. മദ്യവും മയക്കുമരുന്നും അനധികൃതമായി നിർമിക്കുന്നതും സൂക്ഷിക്കുന്നതും കടത്തിക്കൊണ്ടു പോകുന്നതും സംബന്ധിച്ച വിവരങ്ങൾ പൊതുജനങ്ങൾക്ക് എക്സൈസ് ഓഫീസുകളിൽ അറിയിക്കാം. ഫോൺ നമ്പരുകൾ ചുവടെ.
എക്സൈസ് ഡിവിഷൻ ഓഫീസ് ആൻഡ് കൺട്രോൾ റൂം – 0481 -2562211 (ടോൾഫ്രീ നമ്പർ – 1800 425 2818) എക്സൈസ് സർക്കിൾ ഓഫീസ്, കോട്ടയം- 0481 ‘ 2583091, 9400069508: സർക്കിൾ ഓഫീസുകൾ: ചങ്ങനാശേരി – 0481 2422741, 9400069509, പൊൻകുന്നം – 04828 221412, 9400069510 , പാലാ – 04822 212235, 9400069511, വൈക്കം – 04829 231592, 9400069512, സ്പെഷ്യൽ സ്‌ക്വാഡ്, കോട്ടയം – 0481 2583801, 9400069506, അസിസ്റ്റന്റ് എക്സൈസ് കമ്മീഷണർ, കോട്ടയം – 9496002865