വാക്ക് തർക്കത്തെ തുടർന്ന് യുവാക്കളെ ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച രണ്ടു പേരെ കോട്ടയം ഈസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തു
കോട്ടയം: യുവാക്കളെ ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പുതുപ്പള്ളി സ്വദേശികളായ അനന്തു ബിനു (22), അഖിൽ കുമാർ (27) എന്നിവരെ കോട്ടയം ഈസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തു.
കഴിഞ്ഞദിവസം രാത്രി ഇവർ സംഘം ചേർന്ന് കൈപ്പനാട്ട് പടി ഭാഗത്ത് വച്ച് പുതുപ്പള്ളി സ്വദേശിയായ യുവാവിനെയും, ഇയാളുടെ സഹോദരനെയും സുഹൃത്തിനെയും ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. യുവാവ് സ്ഥിരമായി ബൈക്ക് വയ്ക്കുന്ന സ്ഥലത്ത് വച്ച് അനന്തുവും സംഘവും ബഹളം ഉണ്ടാക്കിയത് യുവാവും സുഹൃത്തും ചോദ്യം ചെയ്തു. തുടർന്ന് ഇവർ സംഘം ചേർന്ന് യുവാവിനെ ചീത്ത വിളിക്കുകയും, മർദ്ദിക്കുകയും, പെപ്പർ സ്പ്രേ കൊണ്ട് ആക്രമിക്കുകയുമായിരുന്നു. ഇത് തടയാൻ ശ്രമിച്ച യുവാവിന്റെ സുഹൃത്തിനെയും യുവാവിന്റെ സഹോദരനെയും ഇവർ ആക്രമിച്ചു.
പരാതിയെ തുടർന്ന് ഈസ്റ്റ് പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും തുടർന്ന് നടത്തിയ തിരച്ചിലിൽ ഇരുവരെയും പിടികൂടുകയുമായിരുന്നു. ഈസ്റ്റ് സ്റ്റേഷൻ എസ്.എച്ച്.ഓ യൂ.ശ്രീജിത്ത്, എസ്.ഐ മാരായ നെൽസൺ, ശ്രീനിവാസ്, സി.പി.ഓ മാരായ സജയൻ, ജോജി മോൻ എന്നിവർ ചേർന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. മറ്റു പ്രതികൾക്കായി തിരച്ചിൽ ശക്തമാക്കി.
Whatsapp Group 1 | Whatsapp Group 2 |Telegram Group