കോട്ടയം നഗരസഭ തകർന്ന് തരിപ്പണമാകുന്നു; കൗൺസിൽ യോഗങ്ങൾ വെടിയും പുകയുമായി മാറുന്നു; നടക്കുന്നത് അഴിമതിയും തീവെട്ടികൊള്ളയും മാത്രം ; പൊളിച്ചു കളയൽ അല്ലാതെ നിർമ്മാണമില്ല; മീൻ മാർക്കറ്റ് ഇല്ല, ഇറച്ചിമാർക്കറ്റ് ഇല്ല; നഗരസഭയുടെ റോഡ് കൈയ്യേറിയത് പൊളിച്ച് കളയാൻ ചീഫ് സെക്രട്ടറി ഉത്തരവിട്ട ഫയലും മുക്കി ഉദ്യോഗസ്ഥർ; നഗരസഭാഭരണം കുളം തോണ്ടുന്നതിലെ പ്രധാനി കഞ്ഞിക്കുഴിയിൽ നിന്നുളള കൗൺസിലർ; ഫയൽ നോക്കലും ഉദ്യോഗസ്ഥരെ സ്ഥലം മാറ്റലും, വിരട്ടലുമാണ് വിദ്വാന്റെ പ്രധാന വിനോദം

കോട്ടയം നഗരസഭ തകർന്ന് തരിപ്പണമാകുന്നു; കൗൺസിൽ യോഗങ്ങൾ വെടിയും പുകയുമായി മാറുന്നു; നടക്കുന്നത് അഴിമതിയും തീവെട്ടികൊള്ളയും മാത്രം ; പൊളിച്ചു കളയൽ അല്ലാതെ നിർമ്മാണമില്ല; മീൻ മാർക്കറ്റ് ഇല്ല, ഇറച്ചിമാർക്കറ്റ് ഇല്ല; നഗരസഭയുടെ റോഡ് കൈയ്യേറിയത് പൊളിച്ച് കളയാൻ ചീഫ് സെക്രട്ടറി ഉത്തരവിട്ട ഫയലും മുക്കി ഉദ്യോഗസ്ഥർ; നഗരസഭാഭരണം കുളം തോണ്ടുന്നതിലെ പ്രധാനി കഞ്ഞിക്കുഴിയിൽ നിന്നുളള കൗൺസിലർ; ഫയൽ നോക്കലും ഉദ്യോഗസ്ഥരെ സ്ഥലം മാറ്റലും, വിരട്ടലുമാണ് വിദ്വാന്റെ പ്രധാന വിനോദം

സ്വന്തം ലേഖകൻ

കോട്ടയം: വികസനമെത്താത്ത നഗരമാണ് കുപ്പിക്കഴുത്തുപോലെ ഇടുങ്ങിയ കോട്ടയം നഗരം. വികസനമെത്തിക്കാൻ ചുമതലപ്പെട്ട നഗരസഭയുടെ ഭരണാധികാരികളാകട്ടെ തമ്മിൽ തല്ലും തൊഴുത്തിൽ കുത്തുമായി നടക്കുന്നു.പത്തോ ഇരുപതോ വര്‍ഷം മാത്രം മുന്നില്‍ കണ്ടുള്ള വികസന കാഴ്ചപ്പാടുമായുള്ള കെട്ടിടം പണി മാത്രമാണ് നഗരത്തിൽ നടക്കുന്നത്. ഇതിന് ഏറ്റവും വലിയ ഉദാഹരണമാണ് കോടിമതയിലെ പച്ചക്കറി മാർക്കറ്റ്.2012 ൽ പണിത കെട്ടിടം ചോർന്നൊലിക്കാൻ തുടങ്ങി. ഭിത്തി വീണ്ടുകീറി ഏത് സമയവും നിലം പൊത്താവുന്ന സ്ഥിതിയിലായി മാർക്കറ്റ് .

ടിബി റോഡിലെ പഴയ പച്ചക്കറി മാർക്കറ്റ് പൊളിച്ച് കളഞ്ഞ് പുതിയ കെട്ടിടം പണിയുമെന്ന് പറഞ്ഞ് വ്യാപാരികളെ പെരുവഴിയിലാക്കിയിട്ട് വർഷങ്ങൾ കഴിഞ്ഞു.
പൊളിച്ച് കളഞ്ഞതല്ലാതെ ഇതുവരെയും കെട്ടിടം പണിതിട്ടില്ല. എം.എല്‍. റോഡിലെ പഴയ മീന്‍ ചന്തയും അറവുശാലയും മാറ്റിയിട്ട് വര്‍ഷങ്ങളായി. കോടിമതയില്‍ പുതിയ മീന്‍ മാര്‍ക്കറ്റിനും അറവുശാലക്കുമുള്ള കെട്ടിടം പണിതിട്ടും പണിതിട്ടും തീരാതെ കിടക്കുകയാണ്. അറവു ശാല എന്നു തുറക്കുമെന്നു ചോദിച്ചാല്‍ ആ … എന്നാണ് ഉത്തരം. മീന്‍ കച്ചവടമാകട്ടെ വര്‍ഷമേറെക്കഴിഞ്ഞിട്ടും ഇന്നും എം.ജി റോഡിന് ഇരു വശത്തുമാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രണ്ട് കോടി ഏഴ് ലക്ഷം രൂപ മുടക്കി പണിയുകയും ആറ് വർഷം അടച്ചിടുകയും ചെയ്ത മുൻസിപ്പൽ പാർക്ക് തുറന്ന് കൊടുക്കാൻ തേർഡ് ഐ ന്യൂസിന് ഹൈക്കോടതിയെ സമീപിക്കേണ്ടി വന്നു.
തേർഡ് ഐ ന്യൂസ് നല്കിയ ഹർജിയെ തുടർന്നാണ് നഗരത്തിൽ കൂട്ടിയിട്ടിരുന്ന മാലിന്യങ്ങൾ നീക്കം ചെയ്യാൻ ഹൈക്കോടതി ഉത്തരവിട്ടത്. ഇതേ തുടർന്നാണ് മാലിന്യങ്ങൾ നീക്കം ചെയ്തത്. എന്നാൽ വീണ്ടും മാലിന്യം നഗരത്തിൽ പലയിടത്തും കുന്നുകൂടിയിട്ടുണ്ട്. കഞ്ഞിക്കുഴിയിലെ പഴയ ബസ്സ്റ്റാൻഡ് പരിസരത്ത് ലോഡ് കണക്കിന് മാലിന്യമാണ് കൂട്ടിയിട്ടിരിക്കുന്നത് .വരുമാനത്തിൽ ഒന്നാം സ്ഥാനത്ത് നിന്നിരുന്ന കോട്ടയം നഗരസഭ മൂക്കും കുത്തി താഴെ വീഴുന്ന കാഴ്ചയാണ് ഇപ്പോൾ കാണാനാവുന്നത്.

നഗരസഭയുടെ റോഡ് കൈയ്യേറി നിരവധി കെട്ടിടങ്ങളാണ് പണിയുന്നത്. റോഡ് കൈയ്യേറി പണിത വൃന്ദാവൻ കോംപ്ലക്സിൻ്റെ കൈയ്യേറ്റ ഭാഗം പൊളിച്ചു കളയാൻ അഡീഷണൽ ചീഫ് സെക്രട്ടറി തന്നെ ഉത്തരവിട്ടിട്ടും ഫയൽ മുക്കി .നഗര പ്രദേശത്തെങ്ങും തന്നെ വഴിവിളക്കുകൾ കത്തുന്നില്ല. പ്രധാന ജംഗ്ഷനുകളായ കെഎസ്ആർടിസിയും , ജില്ലാ ആശുപത്രിയും, തിരുനക്കരയും ഇരുട്ടിൽ മുങ്ങിയിട്ട് മാസങ്ങളായി.

മുൻപെങ്ങും കണ്ടിട്ടില്ലാത്ത രീതിയിലുള്ള അഴിമതിയും കെടുകാര്യസ്ഥതയുമാണ് കോട്ടയം നഗരസഭയിൽ നടക്കുന്നത്. വികസന കാര്യങ്ങൾ ചർച്ച ചെയ്യേണ്ട കൗൺസിൽ യോഗങ്ങളിൽ വെടിയും പുകയുമാണ് മിച്ചം . നൂറിനടത്ത് അജണ്ടയുമായി ചർച്ചയ്ക്ക് വന്നാൽ പത്തെണ്ണം പോലും ചർച്ച ചെയ്യാൻ പറ്റുന്നില്ല. പൂരപ്പറമ്പിൽ കതിനക്ക് തീ കൊളുത്തുന്നതുപോലെയാണ് കൗൺസിൽ യോഗത്തിലെ തല്ലും ബഹളവും

നഗരസഭാ ഭരണം കുളം തോണ്ടുന്നതിലെ പ്രധാനി കഞ്ഞിക്കുഴിയിൽ നിന്നുള്ള കൗൺസിലറാണ്. നഗരസഭയിൽ പ്രത്യക റോളൊന്നുമില്ലങ്കിലും ചെയർപേഴ്സന്റെ മുറിയിലിരുന്ന് ഫയൽ നോട്ടവും ഉദ്യോഗസ്ഥരെ വിരട്ടലുമാണ് വിദ്വാന്റെ പ്രധാന പണി. ചെയർ പേഴ്സൺ വീട്ടിൽ പോയി കഴിഞ്ഞും ഏറെ നേരം ഇയാളെ ചെയർ പേഴ്സന്റെ മുറിയിൽ കാണാെമെന്ന് ജീവനക്കാരും കൗൺസിലർമാര്യം പറയുന്നു..

കൗൺസിലർമാരോ ഉദ്യോഗസ്ഥരോ ചെയർ പേഴ്സണോട് ഔദ്യോഗിക കാര്യങ്ങൾ സംസാരിക്കാൻ വന്നാലും മറുപടി പറയുന്നത് ഇയാളാണ്. ചുരുക്കിപ്പറഞ്ഞാൽ നഗരസഭ കുളം തോണ്ടിയിട്ടേ ഏമാൻ കസേര ഒഴിയൂ !