play-sharp-fill
സഹകരണ അംഗ സമാശ്വാസ ഫണ്ട് പദ്ധതി; കോട്ടയം ജില്ലയില്‍ വിതരണം ചെയ്യുന്നത്  2.78 കോടി രൂപ; 3.50 കോടി രൂപ മാറ്റിവച്ചതായി മന്ത്രി വി.എൻ.വാസവൻ

സഹകരണ അംഗ സമാശ്വാസ ഫണ്ട് പദ്ധതി; കോട്ടയം ജില്ലയില്‍ വിതരണം ചെയ്യുന്നത് 2.78 കോടി രൂപ; 3.50 കോടി രൂപ മാറ്റിവച്ചതായി മന്ത്രി വി.എൻ.വാസവൻ

സ്വന്തം ലേഖിക

കോട്ടയം: ഗുരുതര രോഗമുള്ളതും ജീവിതശൈലീ രോഗമുള്ളതുമായ,അശരണരായ സഹകാരികള്‍ക്ക് സഹകരണഅംഗ സമാശ്വാസ പദ്ധതിപ്രകാരം സഹായം നൽകാനായി സര്‍ക്കാര്‍ 3.50 കോടി മാറ്റിവച്ചിട്ടുള്ളതായി സഹകരണ രജിസ്ട്രേഷന്‍ വകുപ്പുമന്ത്രി വി.എന്‍. വാസവന്‍ പറഞ്ഞു.

സംസ്ഥാന സര്‍ക്കാരിന്റെ നൂറുദിന പരിപാടിയില്‍ ഉള്‍പ്പെടുത്തി സര്‍വ്വീസ് സഹകരണ സംഘങ്ങളുടേയും സര്‍ക്കിള്‍ സഹകരണ യൂണിയനുകളുടെ ഭരണസമിതി അംഗങ്ങളില്‍ അശരണരായ ഗുരുതര രോഗമുള്ളതും ജീവിതശൈലീ രോഗമുള്ളതുമായ സഹകാരികള്‍ക്ക് സഹകരണഅംഗ സമാശ്വാസ പദ്ധതിപ്രകാരം രോഗത്തിന്റെ കാഠിന്യമനുസരിച്ച് 50000 രൂപ വരെ അനുവദിക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സഹകരണ സംഘങ്ങളിലെ അംഗങ്ങള്‍ക്കുവേണ്ടി സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന സമാശ്വാസ ഫണ്ട് പദ്ധതിയില്‍ മൂന്നാം ഗഡുവായി കോട്ടയം ജില്ലയ്ക്ക് അനുവദിച്ച 2.78 കോടി രൂപയുടെ വിതരണോദ്ഘാടനം അതിരമ്പുഴ റീജണല്‍ സര്‍വ്വീസ് സഹകരണബാങ്ക് ഓഡിറ്റോറിയത്തില്‍ നിര്‍വ്വഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

സഹകരണ മേഖലയില്‍ നൂതന ആശയങ്ങള്‍ ഉള്‍ക്കൊള്ളിച്ച് വിപുലവും വിശാലവുമായ പദ്ധതികള്‍ നടപ്പിലാക്കി വരുന്നതിന്റെ ഭാഗമായി കലാകാരന്മാര്‍, ഭിന്നശേഷിയുള്ളവര്‍, ഫുട്‌ബോള്‍ സംഘങ്ങള്‍, യുവജനങ്ങള്‍, എസ്.സി, എസ്.റ്റി വിഭാഗക്കാര്‍, വനിതകള്‍ എന്നിവരുടെ പുരോഗതിക്കായി സഹകരണ സംഘങ്ങള്‍ രൂപീകരിച്ചുവരുന്നു.

ഇവര്‍ക്കായി വിവിധ വരുമാനദായകമായ തൊഴിലധിഷ്ഠിത പദ്ധതികള്‍ വിഭാവനം ചെയ്യും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടേയും സഹകരണ സംഘങ്ങളുടേയും യോജിച്ച പ്രവര്‍ത്തനം വികസന സാധ്യതയക്ക് വഴിതെളിക്കുമെന്നും ഇതിനായി സഹകാരികള്‍ മുന്‍കൈയ്യെടുക്കണമെന്നും മന്ത്രി പറഞ്ഞു.
83 സഹകരണ സംഘങ്ങളിലെ 1366 പേർക്ക് പദ്ധതിയുടെ ഗുണം ലഭിക്കും.

അതിരമ്പുഴ റീജണല്‍ സര്‍വ്വീസ് സഹകരണബാങ്ക് പ്രസിഡന്റ് കെ.പി. ദേവസ്യ അധ്യക്ഷത വഹിച്ചു. അതിരമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിജു വലിയമല, കോട്ടയം അര്‍ബന്‍ കോ-ഓപ്പറേറ്റീവ് ബാങ്ക് ചെയര്‍മാന്‍ റ്റി.ആര്‍. രഘുനാഥ്, കേരള പ്രൈമറി ക്രഡിറ്റ് അസോസിയേഷന്‍ ജില്ലാ സെക്രട്ടറി കെ. ജയകൃഷ്ണന്‍, വിവിധ സഹകരണ യൂണിയന്‍ സര്‍ക്കിളുകളിലെ ചെയര്‍മാന്‍മാരായ ജോണ്‍സണ്‍ പുളിക്കിയില്‍, പി. ഹരിദാസ്, മാന്നാനം സര്‍വ്വീസ് സഹകരണബാങ്ക് പ്രസിഡന്റ് പി.കെ. ജയപ്രകാശ്, സഹകരണ എംപ്ലോയീസ് യൂണിയന്‍ സംസ്ഥാന സെക്രട്ടറി റ്റി.സി.വിനോദ്, സഹകരണ എംപ്ലോയീസ് ഫ്രണ്ട് ജില്ലാ പ്രസിഡന്റ് കെ.കെ.സന്തോഷ് എന്നിവര്‍ പങ്കെടുത്തു.

സംസ്ഥാന സഹകരണ യൂണിയന്‍ ഡയറക്ടര്‍ കെ.എം. രാധാകൃഷ്ണന്‍ സ്വാഗതവും സഹകരണ സംഘം ജോയിന്റ് രജിസ്ട്രാര്‍ (ജനറല്‍) എന്‍. അജിത്കുമാര്‍ നന്ദിയും പറഞ്ഞു. ചടങ്ങില്‍ അംഗങ്ങളില്‍ നിന്നുള്ള നിക്ഷേപ സമാഹരണം സ്വീകരിച്ചു.