കളക്ട്രേറ്റോ അതോ മാലിന്യകൂമ്പാരമോ? വാട്ടർ ടാങ്കിന് താഴെ ഉപയോഗശൂന്യമായ ക്ലോസറ്റിൻ്റെയും, വാഷ്‌ബേസിനുകളുടെയും കൂമ്പാരം, തുരുമ്പെടുത്ത ഇൻസിനേറ്ററിന്‌ ചുറ്റും ഭക്ഷണ വേസ്‌റ്റ്‌, ഒന്നാംകോടതിയ്ക്ക് സമീപം ലോഡ് കണക്കിന് മാലിന്യം; മാലിന്യ മുക്ത മേഖല എന്നെഴുതി വെച്ച ബോർഡ് മൂടി മാലിന്യമല; ശുചിത്വം കോട്ടയത്തെ പൊതുജനങ്ങൾക്ക് മാത്രം മതിയോ ജില്ലാ ഭരണകൂടമേ?

കളക്ട്രേറ്റോ അതോ മാലിന്യകൂമ്പാരമോ? വാട്ടർ ടാങ്കിന് താഴെ ഉപയോഗശൂന്യമായ ക്ലോസറ്റിൻ്റെയും, വാഷ്‌ബേസിനുകളുടെയും കൂമ്പാരം, തുരുമ്പെടുത്ത ഇൻസിനേറ്ററിന്‌ ചുറ്റും ഭക്ഷണ വേസ്‌റ്റ്‌, ഒന്നാംകോടതിയ്ക്ക് സമീപം ലോഡ് കണക്കിന് മാലിന്യം; മാലിന്യ മുക്ത മേഖല എന്നെഴുതി വെച്ച ബോർഡ് മൂടി മാലിന്യമല; ശുചിത്വം കോട്ടയത്തെ പൊതുജനങ്ങൾക്ക് മാത്രം മതിയോ ജില്ലാ ഭരണകൂടമേ?

സ്വന്തം ലേഖകൻ

കോട്ടയം: കളക്ട്രേറ്റോ അതോ മാലിന്യകൂമ്പാരമോ? കോട്ടയം ജില്ലാ കളക്ട്രേറ്റിൻ്റെ പുറക് വശത്ത് എത്തിയാൽ ആരും ചോദിച്ച് പോകും ഇങ്ങനെ ഒരു ചോദ്യം.

കളക്ട്രേറ്റിലെ നൂറ് കണക്കിന് ജീവനക്കാരും പൊതുജനങ്ങളും കുടിക്കാൻ ഉപയോഗിക്കുന്നത് കളക്ടേറ്റിന് പുറകിലുള്ള വാട്ടർ ടാങ്കിലെ വെള്ളമാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഈ വാട്ടർ ടാങ്കിൻ്റെ താഴെ ഉപയോഗശൂന്യമായ ഒരു ഡസനിലധികം ക്ലോസറ്റിന്റെയും, വാഷ്‌ബേസിനുകളുടെയും മാലിന്യത്തിൻ്റെയും കൂമ്പാരമാണ് തേർഡ് ഐ ന്യൂസ് സംഘം കണ്ടത്. തൊട്ടടുത്തായി മാലിന്യ മുക്ത മേഖല എന്ന ബോർഡും എഴുതി വെച്ചിട്ടുണ്ട്. ഈ ബോർഡിൻ്റെ പകുതിയിലേറെ ഭാഗം മാലിന്യം മൂടിക്കിടക്കുകയാണ്.

തുരുമ്പെടുത്ത ഇൻസിനേറ്ററിന്‌ ചുറ്റും ഭക്ഷണ വേസ്‌റ്റ്‌ അലക്ഷ്യമായി വാരിയെറിഞ്ഞിരിക്കുന്നതും ഇവിടെ കാണാം . ഒന്നാം കോടതിയ്ക്ക് സമീപം ലോഡ് കണക്കിന് മാലിന്യമാണ് കിടക്കുന്നത്. രണ്ട് ലോറിയിൽ കയറ്റാനുള്ള മദ്യക്കുപ്പികളാണ് കളക്ട്രറ്റിന് ചുറ്റും പലയിടത്തായി കിടക്കുന്നത്. റവന്യൂ വകുപ്പിൻ്റെ ഉപയോഗശൂന്യമായ ജീപ്പിൽ മദ്യക്കുപ്പിയും വെള്ളവും ഗ്ലാസും ഇരിക്കുന്ന ചിത്രം സഹിതം ഇന്നലെ തേർഡ് ഐ ന്യൂസ് വാർത്ത പ്രസിദ്ധീകരിച്ചിരുന്നു.

മാലിന്യ മുക്ത മേഖല എന്നെഴുതി വെച്ച ബോർഡ് മൂടി മാലിന്യം കിടക്കുന്നത് ഒന്നാം കോടതിയ്ക്ക് സമീപമാണ്. തൊട്ടടുത്തായി ജില്ലാ ഭരണകൂടം ശുചിത്വമിഷൻ എന്ന്‌ എഴുതിയിരിക്കുന്ന വലിയ ബോർഡും കാണാം.

കൂടാതെ മറ്റൊരു ഭാഗത്ത്‌ മലപോലെ ഉയരുന്ന തെർമോകോൾ കൂമ്പാരവും ഉണ്ട്.

കോട്ടയം ജില്ലാ കലക്‌ട്രേറ്റിന്റെ ആരും കാണത്ത കാഴ്ചകളാണ്‌ ഇത്‌. എസി മുറിയിൽ ഇരുന്ന്‌ സിരാകേന്ദ്രം ഭരിക്കുന്നവർ ഇടയ്‌ക്ക്‌ ഒന്ന്‌ ഈ വലിയ കെട്ടിടത്തിന്റെ പുറക്‌ വശത്തൂടി നടക്കണം. നടക്കുന്നവർ മാസ്‌കോ, തൂവാലയോ നിർബന്ധമായും കരുതണം. അത്രയ്‌ക്കുണ്ട്‌ ദുർഗന്ധം.

നാളുകളായി കലക്‌ട്രേറ്റിന്‌ പുറക്‌ വശം മാലിന്യ കൂമ്പാരമായി മാറിയിട്ട്‌. ശുചിത്യമിഷന്റെ മാലിന്യമുക്തം എഴുതിയ ബോർഡുകളും, ബയോപാർക്ക്‌ എന്ന്‌ എഴുതിയ ബോർഡിനും ചുറ്റുമാണ്‌ ഈ മാലിന്യങ്ങൾ കൂടികിടക്കുന്നത്‌. എന്നിട്ടും അധികൃതർ മാത്രം ഇത്‌ കണ്ടില്ലേ ? അതോ കണ്ടിട്ടും കാണാത്തതാണോ ?.
ജനങ്ങളുടെ നികുതി പണം കൊണ്ടാണ് സർക്കാർ ഓഫീസിലേയ്‌ക്ക്‌ ഉപകരണങ്ങൾ വാങ്ങുന്നത്‌. എന്നാൽ അറ്റകുറ്റപണികളുടെ പേര്‌ പറഞ്ഞ്‌ പഴയ വസ്‌തുക്കൾ മൂലയ്‌ക്ക്‌ കൂട്ടുന്ന പതിവ്‌ പല്ലവി ഇവിടെയും ആവർത്തിച്ചിരിക്കുന്നു.

തൂമ്പൂർമുഴി പോലെ മാലിന്യം വേർത്തിരിച്ച്‌ നൽകാനുള്ള സംവിധാനം ഉണ്ടായിട്ടും വലിച്ചെറിഞ്ഞിരിക്കുകയാണ്‌ ഇവിടെ.
ഉപയോഗിച്ച ക്ലോസറ്റുകൾ അലക്ഷ്യമായി വലിച്ചെറിഞ്ഞിരിക്കുന്നു. മാലിന്യം വലിച്ചെറിയരുതെന്ന്‌ പറയുന്ന സ്ഥലത്ത്‌ തന്നെ മാലന്യ കൂമ്പാരമായിരിക്കുന്നതാണ്‌ ഏറെ കൗതുകം.

ഇനിയെങ്കിലും പുറത്തിറങ്ങി കലക്‌ട്രേറ്റും പരിസരവും യഥാർത്ഥമായി സംരക്ഷിക്കാൻ അധികൃതർ തയ്യാറാകണം.