play-sharp-fill
കോട്ടയം കളക്‌ടറേറ്റില്‍ കൂട്ടിയിട്ട ഫര്‍ണിച്ചറുകള്‍ക്കൊപ്പം മദ്യകുപ്പികളും; കണ്ടില്ലെന്ന് നടിച്ച്‌ അധികൃതര്‍; ഹരിത കര്‍മസേനയുടെ ഇടപെടലുമില്ല

കോട്ടയം കളക്‌ടറേറ്റില്‍ കൂട്ടിയിട്ട ഫര്‍ണിച്ചറുകള്‍ക്കൊപ്പം മദ്യകുപ്പികളും; കണ്ടില്ലെന്ന് നടിച്ച്‌ അധികൃതര്‍; ഹരിത കര്‍മസേനയുടെ ഇടപെടലുമില്ല

സ്വന്തം ലേഖിക

കോട്ടയം: കളക്‌ടറേറ്റ് കെട്ടിടത്തിന്‍റെ ഇടനാഴികളില്‍ പഴകിയ ഫര്‍ണിച്ചറുകളുക്കൊപ്പം മദ്യകുപ്പികളും കൂട്ടിയിട്ട നിലയില്‍.

വിവിധ ആവശ്യങ്ങള്‍ക്കായി ഇവിടേക്കെത്തുന്ന ആളുകള്‍ നടക്കുന്ന ഇടനാഴികളിലെ ഇരുവശങ്ങളിലുമാണ് ഇവ. സര്‍ക്കാര്‍ കെട്ടിടത്തില്‍ പഴയ ഫര്‍ണിച്ചറുകള്‍ക്കൊപ്പം മദ്യക്കുപ്പികള്‍ കണ്ടെത്തിയിട്ടും അധികൃതര്‍ക്ക് മിണ്ടാട്ടമില്ലാത്ത സ്ഥിതിയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നാളേറെയായിട്ടും ഇവ നീക്കം ചെയ്യാന്‍ അധികൃതര്‍ യാതൊരു ഇടപെടലും നടത്താന്‍ തയ്യാറായിട്ടില്ലെന്ന് വിവിധ ആവശ്യങ്ങള്‍ക്കായി കളക്‌ടറേറ്റിലെത്തിയവര്‍ പറയുന്നു.

ഉപയോഗശൂന്യമായ വസ്‌തുക്കള്‍ കൂട്ടിയിട്ടതിനൊപ്പം നിരവധി ബിയര്‍ കുപ്പികളും മദ്യക്കുപ്പികളുമാണുള്ളത്. വിവിധ സര്‍ക്കാര്‍ ഓഫീസുകള്‍ പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിലേക്ക് പ്രതിദിനം നൂറുകണക്കിന് പൊതുജനങ്ങളാണ് എത്തുന്നത്.

പഴയ അലമാരകള്‍, തുരുമ്പെടുത്ത കസേരകള്‍, പ്രിന്‍ററുകള്‍, മേശകള്‍ തുടങ്ങി വിവിധ ഉപകരണങ്ങളും ഇവിടെ കൂട്ടിയിട്ടതില്‍ ഉള്‍പ്പെടുന്നു. സ്‌റ്റെപ്പുകള്‍ക്ക് സമീപങ്ങളില്‍ വിവിധ യൂണിയനുകളുടെ ബോര്‍ഡുകളും മറ്റും ചാരിവെയ്‌ക്കുകയും ചെയ്‌തിട്ടുണ്ട്. ഇവ പൊടിപിടിച്ച്‌ മാറാല കെട്ടിയ നിലയിലാണ്. പക്ഷികളും ഇഴജന്തുക്കളും ഇവയ്‌ക്കിടയില്‍ താമസമാക്കിയിട്ടുണ്ട്.

അതേസമയം, കെട്ടിടം പുതുക്കിപ്പണി നടക്കുന്നതുമൂലം ഓഫീസിലെ പഴയ വസ്‌തുക്കള്‍ താത്‌ക്കാലികമായി പുറത്തേക്ക് മാറ്റിയെന്നാണ് അധികൃതരുടെ വാദം. ഇവ പിന്നീട് ലേലത്തില്‍ കൊടുക്കുമെന്നും ഇവര്‍ പറയുന്നു.

എന്നാല്‍, മദ്യക്കുപ്പികള്‍ ഇവിടെ കാണപ്പെട്ടതിനെക്കുറിച്ച്‌ അധികൃതര്‍ പ്രതികരിച്ചില്ല. പഴയ വസ്‌തുക്കള്‍ ഹരിത കര്‍മസേനയുടെ നേതൃത്വത്തിലാണ് നീക്കം ചെയ്യേണ്ടത്. എന്നാല്‍, ഹരിതകര്‍മ സേന അതിനുള്ള നടപടി സ്വീകരിക്കാത്ത സ്ഥിതിയാണുള്ളത്.