കോട്ടയത്ത് നിന്ന് ആറണയ്ക്ക് ചങ്ങനാശേരിക്കെത്തിയിരുന്ന കാലം; കോട്ടയം – തിരുവനന്തപുരം ടിക്കറ്റ് ചാർജ് മൂന്ന് രൂപ 80 പൈസ; കോട്ടയത്തെ കെഎസ്ആർടിസി ബസ് സ്റ്റേഷനെ പറയാനുണ്ട് ഏറെ വിശേഷങ്ങൾ…..

കോട്ടയത്ത് നിന്ന് ആറണയ്ക്ക് ചങ്ങനാശേരിക്കെത്തിയിരുന്ന കാലം; കോട്ടയം – തിരുവനന്തപുരം ടിക്കറ്റ് ചാർജ് മൂന്ന് രൂപ 80 പൈസ; കോട്ടയത്തെ കെഎസ്ആർടിസി ബസ് സ്റ്റേഷനെ പറയാനുണ്ട് ഏറെ വിശേഷങ്ങൾ…..

സ്വന്തം ലേഖിക

കോട്ടയം: ഡിടിഒയായി വിരമിച്ച എ.വി.രാജന് കോട്ടയത്തെ കെഎസ്ആർടിസി ബസ് സ്റ്റേഷനെ കുറിച്ച് പറയാൻ വർഷങ്ങളുടെ
പഴക്കമുള്ള ഓർമ്മകളുണ്ട്.

കോട്ടയത്തു നിന്ന് ആറണയ്ക്ക് ചങ്ങനാശേരിക്കെത്തുന്ന കാലത്തോളമുണ്ട് ആ പഴക്കമെന്ന് ഡിടിഒയായി വിരമിച്ച കോട്ടയം ചവിട്ടുവരി സ്വദേശി എ.വി.രാജൻ പറയുന്നു. 1938 ലാണ് കോട്ടയത്ത് സ്റ്റേഷൻ ആരംഭിച്ചത്. അന്ന് ട്രാവൻകൂർ സ്റ്റേറ്റ് ട്രാൻസ്പോർട്ട് ഡിപ്പാർട്മെന്റായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജില്ലയുടെ ആദ്യകാല സിവിൽ സ്റ്റേഷൻ പ്രവർത്തിച്ച കെട്ടിടത്തിനോട് ചേർന്നായിരുന്നു ബസ് സ്റ്റേഷൻ. കോട്ടയത്തു നിന്ന് അഞ്ച് സർവീസുകളാണ് ആദ്യം ആരംഭിച്ചത്. പിന്നീട് എക്സ്പ്രസ് ബസുകൾ വന്നു.
തിരുവനന്തപുരം–2, ദേവികുളം–2, തേക്കടി –2 എന്നിങ്ങനെയായിരുന്നു ദീർഘ ദൂര സർവീസുകളെന്ന് എവി.രാജൻ ഓർമിക്കുന്നു.

1962 ലാണ് രാജൻ കണ്ടക്ടറായി ജോലിക്കെത്തുന്നത്. അന്ന് റെയിൽവേ സംവിധാനം പോലെ ടിക്കറ്റ് എടുത്തതിന് ശേഷം ബസിൽ കയറുന്ന രീതിയായിരുന്നു. സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രത്യേക ക്യൂ. അന്ന് 35–80 എന്ന വ്യവസ്ഥയിലായിരുന്നു ഡ്യൂട്ടി. കണ്ടക്ടർക്കു 2.50 രൂപയും ഡ്രൈവർക്ക് 2.75 രൂപയുമായിരുന്നു ദിവസക്കൂലി. കോട്ടയത്തു നിന്നു തിരുവനന്തപുരത്തേക്ക് 3.80 രൂപയായിരുന്നു ടിക്കറ്റ് ചാർജെന്നും രാജൻ പറയുന്നു.

1965 ലാണ് പുതിയ കെട്ടിടത്തിനു വേണ്ടി ശുപാർശ നൽകുന്നത്. അപ്പോഴേക്കും കെഎസ്ആർടിസി പിറവിയെടുത്തു. 1971ലാണ് ഇപ്പോൾ ബാക്കി നിൽക്കുന്ന കെട്ടിടം പണിതത്. 3 നില കെട്ടിടം അന്നു ജില്ലയിലെ ആദ്യ വലിയ ഡിപ്പോയായി.

സ്റ്റേഷൻ മാസ്റ്റർ ഓഫിസ്, ടിക്കറ്റ് കൗണ്ടർ, അന്വേഷണ വിഭാഗം, വിശ്രമ കേന്ദ്രം, കാത്തിരിപ്പു സ്ഥലം എന്നീ സൗകര്യങ്ങളോടെയാണു കെട്ടിടം നിർമിച്ചത്. 5 സർവീസുകളുമായി തുടക്കമിട്ട ഡിപ്പോ 1970ൽ 152 ഷെഡ്യൂളായി വളർന്നു.

കെഎസ്ആർടിസി ബസ് ടെർമിനൽ ദീപാവലി ദിനത്തിലാണ് യാത്രക്കാർക്ക് തുറന്നു നൽകിയത്. രണ്ടു കോടിയിൽ താഴെ മാത്രം ചെലവിട്ടാണ് തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ ആസ്തി വികസന ഫണ്ട് ഉപയോഗിച്ചു കോട്ടയത്തെ ടെർമിനലിന്റെ നിർമാണം.

32 കോടി ചെലവിട്ട് കോട്ടയത്ത് ബസ് ടെർമിനൽ നിർമിക്കാൻ നേരത്തേ സർക്കാർ നിശ്ചയിച്ചിരുന്നു, അതു നടക്കാതെ വന്നപ്പോഴാണ് ബസ് ടെർമിനൽ നിർ‌മിക്കാൻ തീരുമാനിച്ചത്. പല കാരണങ്ങൾ കൊണ്ടു നിർമാണം വൈകിയതിനെ തുടർന്ന്, എംഎൽഎ ഫണ്ടിൽ നിന്ന് 1.81 കോടി രൂപ ചെലവഴിച്ചാണു ടെർമിനൽ പൂർത്തിയാക്കിയത്.