കോട്ടയത്തിനും തൃശ്ശൂരിനും ഇഷ്ടം ബ്രാൻഡി; ആലപ്പുഴയ്ക്ക് ഇഷ്ടം റം: സ്ത്രീകൾ കുടിക്കുന്ന ജില്ല ഇതാണ്
സ്വന്തം ലേഖകൻ
തിരുവനന്തപുരം: മദ്യാപനത്തിന്റെ കാര്യത്തിൽ ദേശീയ ശരാശരിയെക്കാൾ കൂടുതൽ പേർ മദ്യപിക്കുന്നത് കേരളത്തിലാണെന്ന് ദേശീയ കുടുംബാരോഗ്യ സർവേ.
ജനസംഖ്യയുടെ അടിസ്ഥാനത്തിൽ സംസ്ഥാനത്ത് ശരാശരിയിൽ ഏറ്റവും കൂടുതൽ പേർ മദ്യപിക്കുന്നത് ആലപ്പുഴ ജില്ലയിലാണ്. ആലപ്പുഴയുടെ ഇഷ്ട മദ്യം റം ആണെങ്കിൽ കോട്ടയത്തെ പുരുഷന്മാർക്കിഷ്ടം ബ്രാൻഡിയാണ്. കോട്ടയത്ത് റമ്മിന് ആവശ്യക്കാർ ഉണ്ടെങ്കിലും തൃശ്ശൂർകാർക്ക് റമ്മിനോട് പ്രിയമില്ല. അവർക്കിഷ്ടം ബ്രാൻഡിയാണ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
എറണാകുളം, ഇടുക്കി, കണ്ണൂർ, കാസർകോട്, പാലക്കാട്, വയനാട് ജില്ലകൾക്കും ബ്രാൻഡിയാണ് പ്രിയം. കൊല്ലം, കോഴിക്കോട്, പത്തനംതിട്ട, തിരുവനന്തപുരം എന്നിവർക്ക് റമ്മാണ് ഇഷ്ടം.
ആലപ്പുഴയിലെ പുരുഷൻമാരിൽ 29 ശതമാനം പേരാണ് മദ്യപിക്കുന്നത്. കഴിഞ്ഞ ഒരു മാസം 90,684 കെയ്‌സ് റമ്മാണ് ആലപ്പുഴക്കാർ കുടിച്ച് തീർത്തത്. മറ്റ് ബ്രാൻഡുകളും ബീയറും ഉൾപ്പെടെ 1.4 ലക്ഷം കെയ്‌സ് ചെലവായി. ആലപ്പുഴയിൽ 0.2 ശതമാനം സ്ത്രീകൾ മദ്യപിക്കുന്നുണ്ട്.
ആലപ്പുഴയ്ക്ക് തൊട്ടുപിന്നാലെ കോട്ടയത്ത് 27.4 ശതമാനം പുരുഷന്മാരാണ് മദ്യപിക്കുന്നത്. 0.6 ശതമാനം സ്ത്രീകളും ഇവിടെ മദ്യപിക്കുന്നുണ്ട്. മൂന്നാംസ്ഥാനത്തുള്ള തൃശൂരിൽ 26.2 ശതമാനം പുരുഷന്മാരാണ് മദ്യപിക്കുന്നത്. 0.2 ശതമാനം സ്ത്രീകളും മദ്യപിക്കുന്നുണ്ട്. മദ്യപാനം ഏറ്റവും കുറവുള്ള മലപ്പുറത്ത് 7.7 ശതമാനം പുരുഷന്മാർ മാത്രമാണ് മദ്യപിക്കുന്നത്.
ഇഷ്ട മദ്യം ബ്രാൻഡിയാണ്. സ്ത്രീകളിൽ മദ്യപാന ശീലം ഏറ്റവും കൂടുതലുള്ളത് വയനാട് ജില്ലയിലാണ്. 1.2 ശതമാനം സ്ത്രീകൾ ഇവിടെ മദ്യപിക്കുന്നുണ്ട്. കേരളത്തിൽ നഗരങ്ങളിൽ 18.7 ശതമാനവും ഗ്രാമങ്ങളിൽ 21 ശതമാനവും പുരുഷന്മാർ മദ്യപിക്കുന്നു.