തിരുനക്കരയിലേയ്ക്കുള്ള പൊലീസ് സ്റ്റേഷൻ മാറ്റം: തേർഡ് ഐ ന്യൂസ് ലൈവിനു പിൻതുണയുമായി എംപി യും എം എൽ എ യുമടക്കമുള്ള പ്രമുഖർ; തിരുനക്കരയടക്കം കോട്ടയം നഗരത്തിലെ മറ്റ് സ്ഥലങ്ങളും പരിഗണിക്കാമെന്നും പ്രമുഖരുടെ അഭിപ്രായം; ജില്ലയിൽ പരിഗണിക്കുന്ന സ്ഥലങ്ങൾ ഏതൊക്കെയെന്നും അറിയാം

തിരുനക്കരയിലേയ്ക്കുള്ള പൊലീസ് സ്റ്റേഷൻ മാറ്റം: തേർഡ് ഐ ന്യൂസ് ലൈവിനു പിൻതുണയുമായി എംപി യും എം എൽ എ യുമടക്കമുള്ള പ്രമുഖർ; തിരുനക്കരയടക്കം കോട്ടയം നഗരത്തിലെ മറ്റ് സ്ഥലങ്ങളും പരിഗണിക്കാമെന്നും പ്രമുഖരുടെ അഭിപ്രായം; ജില്ലയിൽ പരിഗണിക്കുന്ന സ്ഥലങ്ങൾ ഏതൊക്കെയെന്നും അറിയാം

തേർഡ് ഐ ബ്യൂറോ

കോട്ടയം: തിരുനക്കരയിലേയ്ക്കു പൊലീസ് സ്റ്റേഷൻ മാറ്റുന്നതിനുള്ള തേർഡ് ഐ ന്യൂസ് ലൈവിന്റെ പോരാട്ടത്തിനു പിൻതുണയുമായി ജില്ലയിലെ രാഷ്ട്രീയ നേതാക്കൾ അടക്കമുള്ള പ്രമുഖർ. പാർട്ടി ജില്ലാ സെക്രട്ടറിമാരും സംസ്ഥാന ഭാരവാഹികളും അടക്കമുള്ളവർ പുതിയ നിർദേശങ്ങളും, തേർഡ് ഐ ന്യൂസ് ലൈവിന്റെ വാർത്തകൾക്കു പിൻതുണയുമായി എത്തിയിട്ടുണ്ട്. സി.പി.എം ജില്ലാ സെക്രട്ടറി , കോൺഗ്രസ്, ബി.ജെ.പി ജില്ലാ പ്രസിഡന്റുമാരും, തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എയും, തോമസ് ചാഴികാടൻ എം.പിയും പൊലീസ് സ്റ്റേഷനു വേണ്ടി പോരാടാൻ തയ്യാറാണെന്ന് അറിയിച്ചു.

തോമസ് ചാഴികാടൻ
എം.പി
കോട്ടയം നഗരത്തിന്റെ കേന്ദ്ര സ്ഥാനത്ത് തന്നെ പൊലീസ് സ്റ്റേഷൻ ആയാലും കൺട്രോൾ റൂം ആയാലും എയ്ഡ് പോസ്റ്റ് ആയാലും അത്യാവശ്യം വേണ്ടതാണ്. പൊതുജനത്തിന് അത് പ്രയോജനം ചെയ്യുന്നതാണ്. നഗരസഭയുടെ ഉടമസ്ഥതയിലുള്ള സ്ഥലമായിരുന്നു പഴയ പൊലീസ് സ്റ്റേഷൻ നിലനിന്നിരുന്ന കെട്ടിടം. ഈ കെട്ടിടം പഴയതായതിനെ തുടർന്നാണ് കോടിമതയിലേയ്ക്കു മാറ്റിയത്. എന്നാൽ, ഇതിനുള്ള ക്രമീകരണം ഒരുക്കുന്നതിനു വേണ്ടിയാണ് പൊലീസ് സ്റ്റേഷൻ കോടിമതയിലേയ്ക്കു മാറ്റിയത്. നിലവിൽ പൊലീസ് സ്റ്റേഷന്റെ വിസ്തൃതിയും, മുനിസിപ്പൽ പരിധിയും വർദ്ധിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ കൂടുതൽ പൊലീസ് സാന്നിധ്യം നഗരമധ്യത്തിൽ ഉണ്ടാകേണ്ടതാണ് ആവശ്യമാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

തിരുവഞ്ചൂർ രാധാകൃഷ്ണൻ
എം.എൽ.എ
നഗരത്തിലേയ്ക്കു പൊലീസ് സ്റ്റേഷൻ മാറ്റി സ്ഥാപിക്കുന്ന കാര്യത്തിൽ തീരുമാനം എടുക്കേണ്ടത് സർക്കാരാണ്. പൊലീസ് സ്റ്റേഷൻ മാറ്റി സ്ഥാപിക്കുകയാണ് വേണ്ടത്. ഇത് തീരുമാനിക്കേണ്ടത് സർക്കാരാണ്. നഗരമധ്യത്തിൽ പൊലീസ് സ്റ്റേഷൻ എത്തുന്നതിനെ എല്ലാ രീതിയിലും സ്വാഗതം ചെയ്യുന്നു. നഗരമധ്യത്തിൽ തന്നെ പൊലീസ് സ്റ്റേഷൻ വരുന്നത് തന്നെയാണ് ഏറ്റവും നല്ലത്.


വി.എൻ വാസവൻ
സി.പി.എം ജില്ലാ സെക്രട്ടറി
കോട്ടയം നഗരത്തിലേയ്ക്കു പൊലീസ് സ്റ്റേഷൻ ടൗണിലേയ്ക്കു മാറ്റി സ്ഥാപിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. ടൗണിൽ പൊലീസ് സ്റ്റേഷൻ വരുന്നതിനുള്ള സ്ഥലം ഇല്ല എന്നതാണ് പ്രശ്‌നം. വിപുലമായ ആധുനിക സൗകര്യങ്ങളോടെ വേണം പൊലീസ് സ്റ്റേഷൻ സ്ഥാപിക്കാൻ. ഇതിനു കൂടുതൽ സ്ഥലം ആവശ്യമാണ്. ചന്തയ്ക്കുള്ളിൽ പഴയ പച്ചക്കറി മാർക്കറ്റ് പൊലീസ് സ്റ്റേഷനു വേണ്ടി ഉപയോഗിക്കാൻ സാധിക്കും. ഇവിടെ ആവശ്യത്തിന് സ്ഥലം ഉണ്ട്. പഴയ പൊലീസ് സ്റ്റേഷൻ മൈതാനത്ത് ആവശ്യത്തിന് പാർക്കിംങിനും , പൊലീസുകാർ വന്നു ചേരുന്നതിനും എല്ലാം സൗകര്യം ഇല്ല. പൊലീസ് സ്റ്റേഷനിൽ ഒരു സി.ഐയും അഞ്ചാറ് എസ്.ഐമാരും, നൂറിലധികം പോലീസുകാരും ഉണ്ടാകും. ഇവർക്കെല്ലാം ഇരിക്കാനും ജോലി ചെയ്യാനും അടക്കം സൗകര്യം വേണ്ടി വരും. ഇതിന് അനുയോജ്യമായ സ്ഥലം കണ്ടെത്തുകയാണ് വെല്ലുവിളി.


ജോഷി ഫിലിപ്പ്
പ്രസിഡന്റ്
ജില്ലാ കോൺഗ്രസ് കമ്മിറ്റി
പൊലീസ് സ്റ്റേഷൻ നഗരത്തിലേയ്ക്കു വരുന്നതിനെ പൂർണമായും സ്വാഗതം ചെയ്യുന്നു. പൊലീസ് സ്റ്റേഷൻ പുതിയത് അനുവദിക്കുകയല്ല. വെസ്റ്റ് പൊലീ്‌സ് സ്റ്റേഷൻ മാറ്റി സ്ഥാപിക്കുകയാണ് വേണ്ടത്. സർക്കാർ ഇതിനു വേണ്ട നടപടി സ്വീകരിക്കണം. സർക്കാരിന്റെ ഭാഗത്തു നിന്നും അനൂകൂലമായ തീരുമാനം ഉണ്ടാകണം. എല്ലാവരുമായി ചർച്ച ചെയ്ത് സർക്കാർ ഉചിതമായ തീരുമാനം എടുക്കണം.

റ്റോമി കല്ലാനി

കെപിസിസി ജനറൽ സെക്രട്ടറി

നഗരത്തിലെ ക്രമസമാധാന നില കൂടുതൽ മെച്ചപ്പെടുത്താൻ പോലീസ് സ്റ്റേഷൻ ടൗണിലേക്ക് മാറ്റുന്നത് ഗുണം ചെയ്യും.സർക്കാർ അടിയന്തിര നടപടി സ്വീകരിക്കുകയാണ് വേണ്ടത്.


അഡ്വ.നോബിൾ മാത്യു
ബി.ജെ.പി ജില്ലാ പ്രസിഡന്റ്
നഗരത്തിലേയ്ക്കു പൊലീസ് സ്റ്റേഷൻ മാറ്റി സ്ഥാപിക്കണ്ടത് സർക്കാരിന്റെ ഭാഗത്തു നിന്നും ഉണ്ടാകേണ്ട നിലപാടാണ്. ആഭ്യന്തരമന്ത്രിയായിരുന്നപ്പോൾ പോലും തിരുവഞ്ചൂർ രാധാകൃഷ്ണനു ഇത് ചെയ്യാൻ സാധിച്ചില്ല. പൊലീസ് സ്റ്റേഷനും സൗകര്യങ്ങളും ഉണ്ടാക്കാൻ വാസവനും, തിരുവഞ്ചൂരീനും സാധിച്ചില്ല. ബി.ജെ.പി അധികാരം നേടിയാൽ ആ നിമിഷം കോട്ടയം നഗരമധ്യത്തിലേയ്ക്കു പൊലീസ് സ്റ്റേഷൻ കൊണ്ടു വരും.


ടി.എൻ ഹരികുമാർ
ബി.ജെ.പി സംസ്ഥാന കമ്മിറ്റി അംഗം
നഗരസഭ കൗൺസിലർ
നഗരത്തിൽ നിന്നും പൊലീസ് സ്റ്റേഷൻ മാറ്റുന്നതിനെതിരെ സമരം നടത്തിയ വ്യക്തികളിൽ ഒരാളാണ് ഞാൻ. കോടിമതയിലേയ്ക്കു പൊലീസ് സ്റ്റേഷൻ മാറ്റുന്നത് അക്ഷരാർത്ഥത്തിൽ മണ്ടത്തരമായിരുന്നു. തിരുനക്കരയിൽ അത്രയും വലിയ മൈതാനത്തിന്റെ ആവശ്യമില്ല. തിരുനക്കര മൈതാനത്തിന്റെ പകുതിയെങ്കിലും എടുത്ത് പൊലീസ് സ്റ്റേഷൻ നിർമ്മിക്കുകയാണ് വേണ്ടത്. നേരത്തെ ആളുകളുടെ കണ്ണിൽപൊടിയിടുന്നതിനു വേണ്ടി എയ്ഡ് പോസ്റ്റ് നഗരത്തിൽ സ്ഥാപിച്ചിരുന്നു. കോട്ടയം നഗരസഭയുടെയും സർക്കാരിന്റെയും ഉത്തരവാദിത്വമാണ് നഗരത്തിൽ തന്നെ പൊലീസ് സ്റ്റേഷൻ കൊണ്ടു വരിക എന്നത്. ഇത് എത്രയും വേഗം നടപ്പിലാക്കുകയാണ് ചെയ്യേണ്ടത്.