play-sharp-fill
കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ യുവാവിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടത് ഒരു നാടിന്റെയും വീടിന്റെയും പ്രിയപ്പെട്ടവൾ;  ഉത്സവം കണ്ട് ആശുപത്രിയിലേയ്ക്ക് മടങ്ങിയത് ഉടൻ തിരികെ വരാമെന്ന് മാതാപിതാക്കൾക്ക് വാക്കുകൊടുത്ത ശേഷം; വന്ദനയെ മരണം തേടിയെത്തിയത് പി ജി പഠനത്തിന് പോകാനിരിക്കെ

കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ യുവാവിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടത് ഒരു നാടിന്റെയും വീടിന്റെയും പ്രിയപ്പെട്ടവൾ; ഉത്സവം കണ്ട് ആശുപത്രിയിലേയ്ക്ക് മടങ്ങിയത് ഉടൻ തിരികെ വരാമെന്ന് മാതാപിതാക്കൾക്ക് വാക്കുകൊടുത്ത ശേഷം; വന്ദനയെ മരണം തേടിയെത്തിയത് പി ജി പഠനത്തിന് പോകാനിരിക്കെ

കോട്ടയം: കോട്ടയം കടുത്തുരുത്തിക്കടുത്ത് മുട്ടുചിറ പട്ടാളമുക്ക് സ്വദേശിയാണ് ഡോക്ടർ വന്ദന ദാസ്. അബ്കാരി ബിസിനസുകാരനായ മോഹൻ ദാസിന്റെയും വസന്തകുമാരിയുടെയും ഏക മകളാണ് വന്ദന. കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ പൊലീസ് വൈദ്യപരിശോധനയ്ക്കെത്തിച്ച യുവാവിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടത് ഒരു നാടിന്റെയും വീടിന്റെയും പ്രിയപ്പെട്ടവൾ. വീടിന്റെ മതിലിലുള്ള ‘ഡോ. വന്ദന ദാസ് എംബിബിഎസ്’ എന്ന ബോർഡ് നൊമ്പരക്കാഴ്ചയായി മാറിയിരിക്കുകയാണ്.

പഠനത്തിൽ മിടുക്കിയായിരുന്ന വന്ദന പ്ലസ് ടു വരെ നാട്ടിൽ തന്നെയാണ് പഠിച്ചിരുന്നത്. പിന്നീട് ഏറെ പ്രതീക്ഷയോടെയാണ് മാതാപിതാക്കൾ വന്ദനയെ അസീസിയ മെഡിക്കൽ കോളേജിലേയ്ക്ക് എംബിബിഎസ് പഠിപ്പിക്കാനയച്ചത്. നാട്ടുകാർക്ക് ഏറെ പ്രിയപ്പെട്ടവരാണ് വന്ദനയും കുടുംബവും.

പിജി പഠനത്തിനായുള്ള തയ്യാറെടുപ്പിനിടെയാണ് വന്ദനയെ ദുരന്തം തേടിയെത്തിയത്. ഒന്നര മാസം മുമ്പാണ് വന്ദന അവസാനമായി നാട്ടിലെത്തിയത്. വീടിന് സമീപമുള്ള കുന്നശേരിക്കാവ് ദേവി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ ഭാഗമായുള്ള ഗരുഡൻ തൂക്കം കാണാനായിരുന്നു എത്തിയത്. കുറച്ച് ദിവസം വീട്ടുകാരോടൊപ്പം നിന്ന ശേഷം ഉടൻ തിരികെ വരുമെന്ന് വാക്ക് കൊടുത്താണ് ആശുപത്രിയിലേയ്ക്ക് മടങ്ങിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആക്രമണത്തിനിരയായി സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ ഹൗസ് സർജനായ വന്ദന (23) മരിച്ചത്. പൊലീസ് കസ്റ്റഡിയിലെടുത്ത് ആശുപത്രിയിലെത്തിച്ച പ്രതി സന്ദീപാണ് ഡോക്ടറെ കുത്തിക്കൊന്നത്. സർജിക്കൽ ഉപകരണങ്ങളുപയോഗിച്ചുള്ള ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ വന്ദനയെ പുലർച്ചെ തിരുവനന്തപുരത്തേക്ക് എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആറ് തവണയാണ് കുത്തേറ്റത്. മുതുകിലേറ്റ കുത്ത് ശ്വാസകോശത്തിലേയ്ക്കും കയറി. നട്ടെല്ലിനും കുത്തേറ്റു.