ലോറിക്ക് കടന്നുപോകുവാൻ വീതിയുള്ള വഴിയുണ്ട്; പക്ഷെ റോഡിലെത്താൻ രോഗികളെയും പ്രായമായവരെയും ചുമന്ന് പടികള്‍ കയറിയിറങ്ങേണ്ട അവസ്ഥ; നാട്ടുകാർക്ക് ദുരിതം വിതയ്ച്ച് കോരുത്തോട് പഞ്ചായത്തിലെ നടപ്പാത
മടുക്ക: ലോറിക്ക് കടന്നുപോകുവാൻ വീതിയുള്ള വഴിയാണെങ്കിലും പടികള്‍ കയറിയിറങ്ങേണ്ട അവസ്ഥ.
രോഗികളെയും പ്രായമായവരെയും ചുമന്ന് റോഡിലെത്തിച്ച് വാഹനത്തില്‍ കയറ്റേണ്ട ഗതികേടില്‍ ഒരു നാട്. കോരുത്തോട് പഞ്ചായത്തിന്‍റെ പന്ത്രണ്ടാം വാർഡിലാണ് നാട്ടുകാർക്ക് ദുരിതം വിതയ്ക്കുന്ന ഈ നടപ്പാത.
മടുക്ക മുസ്‌ലിം പള്ളിക്ക് സമീപം താമസിക്കുന്ന രോഗിയായ കീചാലില്‍ അനില്‍കുമാറി (48) നെ വാഹന സൗകര്യത്തിന്‍റെ പരിമിതിമൂലം ആളുകള്‍ ചുമന്നുകൊണ്ട് ആശുപത്രിയില്‍ എത്തിക്കേണ്ട ഗതികേടിലാണ്. പ്രമേഹം മൂർച്ഛിച്ച് ഒരു കാല്‍ മുറിച്ചു കളഞ്ഞു. അന്നുമുതല്‍ കിടപ്പുരോഗിയാണ്. അതിന് പുറമേ ഇപ്പോള്‍ ഹൃദ്രോഗവും.
Whatsapp Group 1 | Whatsapp Group 2 |Telegram Group
രോഗം മൂലം ദുരിതത്തിലായ കുടുംബത്തിന്‍റെ ഏറ്റവും വലിയ ദുരിതം വീട്ടിലേക്ക് വാഹനമെത്തില്ല എന്നതു തന്നെയാണ്.
കിടപ്പ് രോഗിയായ മോഹനന് പെട്ടെന്ന് രോഗം മൂർച്ഛിച്ചാല്‍ രണ്ടുപേർ ചേർന്ന് എടുത്തു കൊണ്ട് വേണം ആശുപത്രിയിലേക്കും തിരികെ വീട്ടിലേക്കും കൊണ്ടുവരുവാൻ. അനില്‍ കുമാറിന്‍റെ ഭാര്യ രജനിയും മകൻ റെനീഷും അയല്‍പക്കത്തുള്ള യുവാക്കളും ചേർന്നാണ് പലപ്പോഴും ആശുപത്രിയിലേക്കും തിരിച്ചും കൊണ്ടു പോകുന്നത്.
ആദ്യമൊക്കെ കസേരയില്‍ ഇരുത്തി എടുത്തുകൊണ്ടു പോകുമായിരുന്നെങ്കിലും പിന്നീട് ഇപ്പോള്‍ കയ്യില്‍ എടുത്തുകൊണ്ടാണ് പോകുന്നതെന്ന് ഇവർ പറയുന്നു.
13 കുടുംബങ്ങളാണ് ഇവിടെ താമസിക്കുന്നത്. നാട്ടുകാർക്ക് ദുരിതമായ നട പൊളിച്ചുമാറ്റി വാഹനം എത്തുന്ന രീതിയില്‍ റോഡ് നിർമിച്ചാല്‍ ഈ കുടുംബങ്ങളുടെ ദുരവസ്ഥയ്ക്ക് പരിഹാരമാകും.
കുറെ കുടുംബങ്ങള്‍ക്ക് നടപ്പുവഴി മാത്രമാണ് ആശ്രയം. അങ്ങോട്ടേക്കും ഈ വഴിനീട്ടിയാല്‍ അത്രയും കുടുംബങ്ങള്‍ക്ക് സഞ്ചാര സ്വാതന്ത്ര്യം സാധ്യമാക്കുവാൻ കഴിയും. നടകള്‍ പൊളിച്ചുമാറ്റി റോഡാക്കി മാറ്റുവാൻ വലിയ ഫണ്ടിന്‍റെ ആവശ്യമൊന്നുമില്ല നാട്ടുകാർ പറയുന്നു. അടിയന്തരമായി കോരുത്തോട് പഞ്ചായത്ത് ഇടപെട്ട് ഇവിടുത്തെ ആളുകളുടെ ദുരിത ജീവിതത്തിന് പരിഹാരം കാണണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.