മുണ്ടക്കയം കോരുത്തോട് വനാതിര്‍ത്തി പ്രദേശങ്ങളും പുലിപ്പേടിയില്‍; വളര്‍ത്തുനായയെ കടിച്ചുകീറി കൊന്നു
സ്വന്തം ലേഖിക
മുണ്ടക്കയം: ടി.ആര്. ആന്‍ ടി എസ്റ്റേറ്റിന് പിന്നാലെ കോരുത്തോട് വനാതിര്‍ത്തി പ്രദേശങ്ങളും പുലിപ്പേടിയില്‍.
കുറ്റിക്കയം മൂലേച്ചാലില്‍ മാത്യുവിന്റെ വളര്‍ത്തുനായയെ കടിച്ചുകീറി കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തിയതോടെയാണ് പ്രദേശത്ത് പുലിയുടെ സാന്നിധ്യം സംശയിക്കുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ശബരിമല വനവുമായി അതിര്‍ത്തി പങ്കിടുന്ന ടി.ആര് ആന്‍ഡ്.ടി എസ്റ്റേറ്റില്‍ ജനുവരി മുതല്‍ മൃഗങ്ങളെ ആക്രമിക്കുന്നത് പതിവായിരുന്നു. ചെന്നാപ്പാറ, ഇ.ഡി.കെ, കുപ്പക്കയം തുടങ്ങിയ പ്രദേശങ്ങളില്‍ പുലിയെ കണ്ടതായി തൊഴിലാളികള്‍ വെളിപ്പെടുത്തിയിരുന്നു.
ഇതിനിടെ ഇ.ഡി.കെ ഡിവിഷനില്‍ തൊഴുത്തില്‍ കെട്ടിയിട്ടിരുന്ന പശുക്കിടാവിനെ കടിച്ചു കീറി കൊന്നതോടെ പുലിയെ പിടിക്കാന്‍ കൂട് സ്ഥാപിച്ചു. അതിനു ശേഷം ചെന്നാപ്പാറിയിലും പശുവിനെ ചത്ത നിലയില്‍ കണ്ടെത്തി.
ഈ പ്രദേശങ്ങളുടെ സമീപം തന്നെയാണ് കോരുത്തോട് പഞ്ചായത്തിന്റെ വനാതിര്‍ത്തി ഗ്രാമങ്ങള്‍. റോഡ് മാര്‍ഗം വളരെ ദൂരമുള്ള പ്രദേശമാണെങ്കിലും കാട്ടിലൂടെ ഇവിടേക്ക് എത്താന്‍ ദൂരം കുറവായതിനാല്‍ എല്ലാ സ്ഥലങ്ങളിലെയും ആക്രമണത്തിന് പിന്നില്‍ പുലി തന്നെയാകും എന്നാണ് നാട്ടുകാരുടെ നിഗമനം.
എന്നാല്‍ വനം വകുപ്പ് വിവിധ സ്ഥലങ്ങളില്‍ സ്ഥാപിച്ച കാമറകളില്‍ പുലിയുടെ ദൃശ്യങ്ങള്‍ പതിഞ്ഞിട്ടില്ല.