കൊറോണ വൈറസ് : രാജ്യത്ത് കടുത്ത ജാഗ്രത : മരണം രണ്ട്: സംസ്ഥാനത്ത് 5468 പേർ നിരീക്ഷണത്തിൽ
സ്വന്തം ലേഖകൻ
ഡൽഹി: കൊറോണ വൈറസ് ബാധ മൂലമുള്ള മരണം രണ്ടായതോടെ രാജ്യത്ത് കടുത്ത ജാഗ്രത നിർദേശം നൽകി. ഡൽഹി രാം മനോഹർ ലോഹ്യ ആശുപത്രിയിൽ ചികിൽസയിലായിരുന്നു ഡൽഹി സ്വദേശിനിയായ 69 കാരിയാണ് ഇന്നലെ മരണമടഞ്ഞത്. ഇന്ത്യയിൽ കൊറോണ സ്ഥിരീകരിച്ചവരുടെ എണ്ണം 84 ആയി ഉയർന്നു. രാജ്യത്ത് രോഗം സ്ഥിരീകരിച്ചവരുമായി സമ്പർക്കമുണ്ടായ 5000 ഓളം പേരെ കണ്ടെത്തി.
പുറമേ, 50,000 പേർ നിരീക്ഷണത്തിലാണ്. രാജ്യത്തിന്റെ 37 അതിർത്തി ചെക്‌പോസ്റ്റുകളിൽ 18 എണ്ണം അടച്ചു. ഇന്ത്യ- ബംഗ്ലദേശ് പാസഞ്ചർ ട്രെയിൻ, ബസ് റദ്ദാക്കൽ ഏപ്രിൽ 15 വരെ നീട്ടി. എയർഇന്ത്യ ഇറ്റലി, ഫ്രാൻസ്, ജർമനി, സ്‌പെയിൻ, ദക്ഷിണ കൊറിയ, ശ്രീലങ്ക വിമാനങ്ങൾ ഏപ്രിൽ 30 വരെ റദ്ദാക്കി. കരസേന റിക്രൂട്ട്‌മെന്റ് നടപടികൾ മാറ്റി. രാജ്യത്ത് ആരോഗ്യ അടിയന്തരാവസ്ഥയുടെ സാഹചര്യമില്ലെന്നും ആശങ്കപ്പെടേണ്ടതില്ലെന്നും കേന്ദ്രസർക്കാർ അറിയിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
അതേസമയം കോവിഡിനെ നേരിടാൻ കേരളം സ്വീകരിച്ച മാതൃകയിലുള്ള മുൻകരുതൽ നടപടികളുമായി കൂടുതൽ സംസ്ഥാനങ്ങൾ രംഗത്തെത്തി. കർണാടകയിൽ മാളുകളും പബ്ബുകളും തിയറ്ററുകളും സർവകലാശാലകളും കോളജുകളും ഒരാഴ്ചത്തേക്ക് അടച്ചു. വിവാഹ, ജന്മദിന ആഘോഷങ്ങൾ, വിവിധ പ്രദർശനങ്ങൾ, നിശാക്ലബുകൾ, കായിക പരിപാടികൾ, സംഗീതോത്സവം, വേനൽക്യാമ്പുകൾ തുടങ്ങിയവയ്ക്കും വിലക്ക് ഏർപ്പെടുത്തി.
ഉത്തർപ്രദേശിൽ സ്‌കൂളുകളും കോളജുകളും ഈ മാസം 22 വരെ അടച്ചു. ഒഡീഷയിൽ സ്‌കൂളുകളും തിയറ്ററുകളും 31 വരെ അടച്ചു. പരീക്ഷ നടത്തും. ഡൽഹി, ജെഎൻയു, ജാമിയ മില്ലിയ സർവകലാശാലകൾ 31 വരെ ക്ലാസുകൾ ഒഴിവാക്കി. മഹാരാഷ്ട്രയിൽ മുംബൈ, നവിമുംബൈ, താനെ, പുണെ, പിംപ്രി-ചിഞ്ച്‌വാഡ്, നാഗ്പുർ നഗരങ്ങളിൽ തിയറ്റർ, ജിം, സ്വിമ്മിങ് പൂൾ, പൊതു പാർക്ക് എന്നിവ 30 വരെ അടച്ചിടും. തമിഴ്‌നാട്ടിൽ പ്രധാന റെയിൽവേ സ്റ്റേഷനുകളിലും ബസ് ടെർമിനലുകളിലും തെർമൽ സ്‌ക്രീനിങ് സംവിധാനം ഏർപ്പെടുത്തും.
സംസ്ഥാനത്ത് ഇന്നലെ മൂന്നുപേർക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു. ഒരു വിദേശി അടക്കം മൂന്നുപേർക്കാണ് രോഗം സ്ഥിരീകരിച്ചത്. വർക്കലയിലെ സ്വകാര്യ റിസോർട്ടിൽ കഴിയുന്ന ഇറ്റാലിയൻ പൗരനും, ഇംഗ്ലണ്ടിൽ നിന്നും ഇറ്റലിയിൽ നിന്നുമെത്തിയ തിരുവനന്തപുരം സ്വദേശികളായ രണ്ടുപേർക്കുമാണ് രോഗം സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് 19 പേരാണ് രോഗം ബാധിച്ച് ചികിൽസയിലുള്ളത്. 5468 പേരാണ് നിരീക്ഷണത്തിലുള്ളത്.
ഇവരിൽ 5191 പേർ വീടുകളിലും 277 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. രോഗലക്ഷണങ്ങൾ ഉള്ള 1715 വ്യക്തികളുടെ സാമ്പിൾ പരിശോധനക്ക് അയച്ചു. ഇതിൽ 1132 സാമ്പിളുകളുടെ പരിശോധനാ ഫലം നെഗറ്റിവ് ആണ്. 22 പേർക്കാണ് സംസ്ഥാനത്ത് ഇതുവരെ രോഗബാധ സ്ഥിരീകരിച്ചത്. ഇതിൽ19 പേർ നിലവിൽ ചികിത്സയിലുണ്ട്. മൂന്ന് പേർ രോഗമുക്തി നേടി. രോഗബാധയ്‌ക്കെതിരെ ജാഗ്രതയും നിരീക്ഷണവും ശക്തിപ്പെടുത്തിയതായി ആരോഗ്യമന്ത്രി കെ.കെ. ശൈലജ അറിയിച്ചു.