ഉരുൾ കവർന്നെടുത്ത കൂട്ടിക്കൽ അതിജീവനത്തിന്റെ പാതയിൽ, എല്ലാം തകർത്തെറിഞ്ഞ് കടന്നുപോയ ദുരന്തത്തിനു ഇന്ന് 3 വയസ്സ് ; പ്രളയത്തില്‍ തകർന്ന പാലങ്ങളുടെ നിർമ്മാണം ഇനിയും പൂർത്തീകരിക്കാതെ പാതിവഴിയിൽ
സ്വന്തം ലേഖകൻ
കൂട്ടിക്കല്‍ : എല്ലാം തകർത്തെറിഞ്ഞ് കടന്നുപോയ കൂട്ടിക്കല്‍ പ്രളയത്തിന് മൂന്നുവയസ്. ഭീതിയുടെ ഓർമ്മകള്‍ ഒരുവശത്ത് മായാതെ നില്‍ക്കുമ്ബോഴും പ്രളയബാധിതർ അതിജീവനത്തിന്റെ പാതിയിലാണ്.
2021 ഒക്ടോബർ 16ന് ഉച്ചയോടെ കാവാലി, പ്ലാപ്പള്ളി, പൂവഞ്ചി എന്നിവിടങ്ങളിലാണ് ഉരുള്‍പൊട്ടലുകള്‍ ഉണ്ടായത്. 19 ആളുകള്‍ മരണപ്പെട്ടു. കൂട്ടിക്കല്‍ ടൗണില്‍ വെള്ളം കയറി വ്യാപാര സ്ഥാപനങ്ങള്‍ നശിച്ചു.
പ്രളയത്തില്‍ തകർന്ന പാലങ്ങളുടെ നിർമ്മാണം ഇനിയും പൂർത്തീകരിച്ചിട്ടില്ല. ഇളങ്കാട് ടോപ്പിലേക്കുള്ള മ്ലാക്കര പാലം മാത്രമാണ് പൂർത്തീകരിച്ചത്. എന്നാല്‍ ഇതിന് സമീപമുള്ള വല്യേന്ത പാലം പൊളിച്ചതോടെ ഇളംങ്കാട് ഗ്രാമം ഒറ്റപ്പെട്ടു. നിർമ്മാണത്തിനായി പാലം പൊളിച്ചെങ്കിലും നിർമ്മാണം ഇനിയും ആരംഭിച്ചിട്ടില്ല. തെരഞ്ഞെടുപ്പ് സമയത്ത് നിർമ്മാണം ആരംഭിക്കുമെന്ന് അറിയിച്ചിരുന്നു. എങ്കിലും നടപടി ഉണ്ടായില്ല.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇളംകാട് ടോപ്പിലെ ആളുകള്‍ പാലത്തിന് സമീപം വാഹനങ്ങള്‍ വച്ച് നടപ്പാലത്തിലൂടെയാണ് പുറംലോകത്ത് എത്തുന്നത്. പാലത്തിന്റെ മറുകരയിലുള്ള ഓട്ടോറിക്ഷകളാണ് ഏക ആശ്രയം. പ്രളയത്തില്‍ തകർന്ന പ്രധാന പാലമായ ഏന്തയാർ – മുക്കുളം പാലത്തിന്റെ നിർമ്മാണവും പുരോഗമിക്കുന്നു. നാല് കോടി 77 ലക്ഷം രൂപയാണ് അനുവദിച്ചിരിക്കുന്നത്. പ്രളയത്തിന് ശേഷം രണ്ടര വർഷത്തോളം ജനങ്ങള്‍ നടത്തിയ നിരന്തര സമരങ്ങളുടെ ഭാഗമായാണ് നിർമ്മാണം ആരംഭിച്ചത്.
പ്രളയത്തില്‍ മൂവായിരം വീടുകള്‍ക്ക് നാശനഷ്ടം ഉണ്ടായിട്ടുണ്ട്. സന്നദ്ധ സംഘടനകളുടെയും സർക്കാരിന്റെയും പദ്ധതിയില്‍ ആളുകള്‍ക്ക് വീടുകള്‍ നല്‍കി. അതിജീവന പ്രവർത്തനങ്ങളില്‍ നിരവധി സന്നദ്ധ സംഘടനകള്‍ മുന്നിട്ടിറങ്ങിയിരുന്നു. മണിമലയാറ്റിലും പുല്ലകയാറ്റിലും ജലനിരപ്പ് ഉയർന്നതോടെ മുണ്ടക്കയം പഞ്ചായത്ത് പ്രദേശത്തും നിരവധി വീടുകള്‍ നഷ്ടപ്പെട്ടിരുന്നു. എന്നാല്‍ ചില ആളുകള്‍ക്ക് വീടുകള്‍ ലഭിച്ചില്ല എന്നും ആക്ഷേപമുണ്ട്.
വെള്ളനാടി, മൂപ്പൻമല തുടങ്ങിയ ചെറു പാലങ്ങള്‍ തകർന്നവ ഇനിയും നിർമ്മിച്ചിട്ടില്ല. നാട്ടുകാർ താല്‍ക്കാലികമായി നിർമ്മിച്ച പാലങ്ങളിലൂടെയാണ് യാത്ര ചെയ്യുന്നത്. ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെ ആശ്രിതർക്ക് നഷ്ടപരിഹാരങ്ങള്‍ ലഭിച്ചിരുന്നു. കൂട്ടിക്കല്‍ ടൗണിലെ വ്യാപാര മേഖലയും ഇപ്പോള്‍ അതിജീവിച്ചു.