രണ്ട് പഞ്ചായത്തുകൾ തകർന്നടിഞ്ഞു; കൂട്ടിക്കലിലും കൊക്കയാറിലുമായി ഇനിയും കണ്ടെത്താനുള്ളത് 15 പേരെ; സൈന്യം രക്ഷാപ്രവർത്തനം തുടങ്ങി; ഒറ്റപ്പെട്ട സ്ഥലങ്ങളിൽ രാവിലെ ഹെലികോപ്ടറിൽ ഭക്ഷണമെത്തിക്കും

രണ്ട് പഞ്ചായത്തുകൾ തകർന്നടിഞ്ഞു; കൂട്ടിക്കലിലും കൊക്കയാറിലുമായി ഇനിയും കണ്ടെത്താനുള്ളത് 15 പേരെ; സൈന്യം രക്ഷാപ്രവർത്തനം തുടങ്ങി; ഒറ്റപ്പെട്ട സ്ഥലങ്ങളിൽ രാവിലെ ഹെലികോപ്ടറിൽ ഭക്ഷണമെത്തിക്കും

സ്വന്തം ലേഖകൻ

കോട്ടയം: ഇന്നലെ ഉരുള്‍പൊട്ടലുണ്ടായ കോട്ടയം ജില്ലയിലെ കൂട്ടിക്കലിലും ഇടുക്കിയിലെ കൊക്കയാറിലും രാവിലെ മുതല്‍ വീണ്ടും രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു

കൂട്ടിക്കലിലും കൊക്കയാറിലുമായി 15 പേരെയാണ് ഇനിയും കണ്ടെത്താനുള്ളത്. കൂട്ടിക്കലിലെ കാവാലിയിലാണ് ഇനി തെരച്ചില്‍ നടത്താനുള്ളത്. ഇവിടെ നിന്നും 7 പേരെയാണ് കണ്ടെത്താനുള്ളത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

40 അം​ഗ സൈന്യം ഇവിടെ രക്ഷാപ്രവര്‍ത്തനത്തിനെത്തി. കൂട്ടിക്കല്‍ മേഖലയില്‍ വന്‍ നാശനഷ്ടമാണുണ്ടായിട്ടുള്ളത്.

കൊക്കയാറില്‍ രണ്ടിടങ്ങളിലായി എട്ട് പേരെയാണ് കാണാതായത്. രാവിലെ തന്നെ തെരച്ചില്‍ തുടങ്ങുമെന്ന് ഇടുക്കി കളക്ടര്‍ അറിയിച്ചു. ഫയര്‍ ഫോഴ്സ്, എന്‍ഡിആര്‍എഫ്, റവന്യു, പൊലീസ് സംഘങ്ങള്‍ ഉണ്ടാകും.

കൊക്കയാറില്‍ തെരച്ചിലിന് ഡോഗ് സ്‌ക്വാഡും തൃപ്പുണിത്തുറ, ഇടുക്കി എന്നിവിടങ്ങളില്‍ നിന്നും എത്തും. കൊക്കയാറില്‍ ഏഴു വീടുകള്‍ പൂര്‍ണമായി തകര്‍ന്നു.

പുഴയോരത്തെ വീടുകളില്‍ നിന്ന് സാധനങ്ങള്‍ എല്ലാം ഒലിച്ചു പോയി. മഴ ശമിക്കാത്തതിനെ തുടര്‍ന്ന് കൂട്ടിക്കലിലും കൊക്കയാറിലും ഇ ഇനിയും ഉരുള്‍പൊട്ടുമോയെന്ന ആശങ്കയിലാണ് നാട്ടുകാര്‍.

കേരളത്തില്‍ പത്തനംതിട്ട, ഇടുക്കി, കോട്ടയം എന്നീ ജില്ലകളില്‍ ഇടിയോട് കൂടിയ അതിശക്തമായ മഴക്കും മണിക്കൂറില്‍ 40 മുതല്‍ 60 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിരിക്കുന്നത്.

തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ ജില്ലകളില്‍ മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്.

ജനങ്ങൾ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ രാവിലെ ഹെലികോപ്ടറിൽ ഭക്ഷണമെത്തിക്കുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു