കൂട്ടിക്കലുകാര്‍ക്ക് വീണ്ടും വീടിന്റെ അടച്ചുറപ്പൊരുങ്ങുന്നു; സിപിഐഎം കോട്ടയം ജില്ലാ കമ്മിറ്റി നിര്‍മ്മിച്ചു നല്‍കുന്നത് 25 വീടുകള്‍
സ്വന്തം ലേഖിക
ഏന്തയാർ: കൂട്ടിക്കലുകാര്‍ക്ക് വീണ്ടും വീടിന്റെ അടച്ചുറപ്പൊരുങ്ങുന്നു.
കൂട്ടിക്കല്‍ ഉരുള്‍പൊട്ടലില്‍ കിടപ്പാടം നഷ്ടപ്പെട്ടവര്‍ക്ക് സിപിഐ എം കോട്ടയം ജില്ലാ കമ്മിറ്റി നിര്‍മിക്കുന്ന വീടുകള്‍ക്ക് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് തറക്കല്ലിട്ടു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഏന്തയാറില്‍ ഇ എം എസ് നഗറില്‍ കാഞ്ഞിരപ്പള്ളി ഏരിയ കമ്മിറ്റി വില കൊടുത്ത് വാങ്ങിയ രണ്ടേക്കര്‍ 10 സെന്റിലാണ് 25 വീടുകള്‍ നിര്‍മിക്കുന്നത്.
ജില്ലയിലെ പാര്‍ട്ടി അംഗങ്ങള്‍, വര്‍ഗബഹുജന സംഘടനകള്‍ എന്നിവരില്‍ നിന്ന് പണം സമാഹരിച്ചാണ് വീട് നിര്‍മാണം. ഉരുള്‍പൊട്ടലിലും മലവെള്ളപ്പാച്ചിലിലുമായി കൂട്ടിക്കലും പരിസരത്തും 23 ജീവന് പൊലിഞ്ഞു. എണ്ണമറ്റ വീടുകള്‍ നശിച്ചു.
ഇനിയും സാധാരണ ജീവിതത്തിലേക്ക് തിരിച്ചുവരാനാവാത്ത കൂട്ടിക്കല്‍, മുണ്ടക്കയം പ്രദേശങ്ങളിലെ വീട് നഷ്ടപ്പെട്ട ഏറ്റവും അര്‍ഹരായ 25 പേര്‍ക്കാണ് വീട് നല്‍കുക. വെള്ളാപ്പള്ളി ബ്രദേഴ്സിനാണ് നിര്‍മാണച്ചുമതല.
ശിലാസ്ഥാപനത്തിന് ശേഷം ഏന്തയാറില്‍ നടന്ന പൊതുസമ്മേളനത്തില്‍ സിപിഐ എം കോട്ടയം ജില്ലാ സെക്രട്ടറി എ വി റസല്‍ അധ്യക്ഷനായി.
കേന്ദ്ര കമ്മിറ്റിയംഗം വൈക്കം വിശ്വന്, സംസ്ഥാന സെക്രട്ടറിയറ്റംഗം കെ ജെ തോമസ്, സഹകരണ മന്ത്രി വി എന്‍ വാസവന്, സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ എംഎല്‍എ, കാഞ്ഞിരപ്പള്ളി ഏരിയ സെക്രട്ടറി കെ രാജേഷ്, ജില്ലാ കമ്മിറ്റിയംഗം ഷെമീം അഹമ്മദ് എന്നിവര്‍ സംസാരിച്ചു.