പുതുവർഷത്തിലും ഹോങ്കോങ്ങിൽ സർക്കാർ വിരുദ്ധ പ്രതിഷേധ സംഗമം:  ഒരു ദശലക്ഷത്തിലധികം ആളുകൾ സംഗമത്തിൽ പങ്കെടുത്തു, 400 ഓളം പേരെ പോലീസ് കസ്റ്റഡിയിലെടുത്തു

പുതുവർഷത്തിലും ഹോങ്കോങ്ങിൽ സർക്കാർ വിരുദ്ധ പ്രതിഷേധ സംഗമം: ഒരു ദശലക്ഷത്തിലധികം ആളുകൾ സംഗമത്തിൽ പങ്കെടുത്തു, 400 ഓളം പേരെ പോലീസ് കസ്റ്റഡിയിലെടുത്തു

 

സ്വന്തം ലേഖകൻ

ഹോങ്കോങ്ങ്: പുതുവർഷത്തിലും ഹോങ്കോങ്ങിൽ സർക്കാർ വിരുദ്ധ പ്രതിഷേധ സംഗമം. പ്രതിഷേധത്തിൽ പങ്കെടുത്ത 400 ഓളം പേരെ പോലീസ് കസ്റ്റഡിയിലെടുത്തു.
ഒരു ദശലക്ഷത്തിലധികം ആളുകളാണ് പ്രതിഷേധ സംഗമത്തിൽ പങ്കെടുത്തത്. ബുധനാഴ്ച നടന്ന റാലിക്കുശേഷം അനധികൃതമായി സംഘം ചേർന്നുവെന്നും ആയുധങ്ങൾ കൈവശം വെച്ചെന്നും ആരോപിച്ചാണ് 400 ഓളം പേരെ പോലീസ് കസ്റ്റഡിയിലെടുത്തത് . എട്ടു മാസമായി പ്രക്ഷോഭം തുടങ്ങിയിട്ട്. ആദ്യമായാണ് ഒരൊറ്റ ദിവസം ഇത്രയും പേർ അറസ്റ്റിലാകുന്നത്.

‘സ്വാതന്ത്ര്യം സൗജന്യമല്ല, ഹോങ്കോങ്ങിലെ ജനങ്ങൾ ഹാപ്പിയല്ലാത്തതിനാൽ ഹാപ്പി ന്യൂ ഇയർ പറയാനില്ല’ തുടങ്ങിയവ എഴുതിയ ബോർഡുകളുമായാണു ജനം തെരുവിലിറങ്ങിയത്. കുട്ടികളും വൃദ്ധരും അടക്കം കുടുംബമായി വന്ന് തെലുവുകളിലെങ്ങും ഒരു കാർണിവൽ ആഘോഷത്തിന്റെ പ്രതീതിയായിരുന്നു. ‘ഹോങ്കോങ്ങിനെ സ്വതന്ത്രമാക്കുക’ എന്നവർ ഉച്ചത്തിൽ വിളിക്കുന്നുണ്ടായിരുന്നു. അതിനിടെ ഒരു ബാങ്ക് നശിപ്പിച്ചെന്ന് ആരോപിച്ച് പോലീസ് നിരവധിപേരെ അറസ്റ്റ്‌ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സമാധാനപരമായി പ്രതിഷേധം നടത്തിയവർക്കെതിരെ പൊലീസ് നിരവധി തവണ കണ്ണീർവാതകം പ്രയോഗിക്കുകയും ചെയ്തു. തുടർന്നു പ്രക്ഷോഭകരിൽ ചിലർ പൊലീസിനു നേരെ പെട്രോൾ ബോംബ് എറിഞ്ഞു. വാൻചായ് ബാർ ജില്ലയിലാണ് ശക്തമായ പ്രതിഷേധം അരങ്ങേറിയത്.

സംഘാടകരായ സിവിൽ ഹ്യൂമൻ റൈറ്റ്സ് ഫ്രണ്ടിനോട് ഉടൻ തന്നെ മാർച്ച് അവസാനിപ്പിക്കണമെന്ന് പോലീസ് ആവശ്യപ്പെട്ടെങ്കിലും വലിയ ജനക്കൂട്ടം മാർച്ചുമായി മുന്നോട്ടു പോവുകയായിരുന്നു. പുതുവർഷത്തിനു മുൻപ് തന്നെ സർക്കാർ അടിച്ചമർത്തൽ നടപടികൾ തുടങ്ങിയതായി സിവിൽ ഹ്യൂമൻ റൈറ്റ്‌സ് ഫ്രണ്ട് നേതാവ് ജിമ്മി ഷാം ആരോപിച്ചു. അതേസമയം, ഹോങ്കോങ്ങിന്റെ സമൃദ്ധിയും സുസ്ഥിരതയും സംരക്ഷിക്കുമെന്ന് പുതുവർഷ ആഘോഷങ്ങളുടെ ഭാഗമായി നടത്തിയ പ്രസംഗത്തിൽ ചൈനീസ് പ്രസിഡന്റ് ഷി ചിൻ പിങ് വ്യക്തമാക്കിയിരുന്നു.

കുറ്റവാളികളെ വിചാരണയ്ക്കായി ചൈനയ്ക്ക് കൈമാറാനുള്ള ബില്ലിനെതിരെ ആരംഭിച്ച പ്രക്ഷോഭമാണ്. ബിൽ പിൻവലിച്ചെങ്കിലും ചീഫ് എക്സിക്യുട്ടീവ് കാരി ലാം രാജിവെയ്ക്കണമെന്നും പൊലീസ് ക്രൂരതയെക്കുറിച്ച് സ്വതന്ത്ര അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് പ്രതിഷേധം തുടരുകയായിരുന്നു. ഇപ്പോഴത് ചൈനയിൽ നിന്നും കൂടുതൽ സ്വാതന്ത്ര്യം ആവശ്യപ്പെടുന്ന തരത്തിലുള്ള പ്രസ്ഥാനമായി പരിണമിച്ചിരിക്കുകയാണ്. ചൈനയുടെ പിൻബലത്തോടെയാണ് കാരി ലാം ഇപ്പോൾ ഭരണം നിലനിർത്തുന്നത്. ചൈനയുടെ 70-ാം വാർഷികാഘോഷത്തെ ഹോങ്കോങ്ങുകാർ കരിദിനമായി ആചരിച്ച് വ്യാപക പ്രതിഷേധം നടത്തിയിരുന്നു.