കൊല്ലത്ത് എസ്എഫ്‌ഐ – എബിവിപി സംഘര്‍ഷം : ആറ് വിദ്യാര്‍ത്ഥികള്‍ക്കും, കൊട്ടാരക്കര എസ്.ഐക്കും പരുക്കേറ്റു
സ്വന്തം ലേഖകൻ
കൊല്ലം: കൊട്ടാരക്കര സെന്‍റ് ഗ്രിഗോറിയസ് കോളേജില്‍ എസ്എഫ്‌ഐ – എബിവിപി സംഘര്‍ഷം. സംഘര്‍ഷത്തില്‍ ആറ് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു.
കോളേജിലെ സംഘര്‍ഷം പിന്നീട് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലേക്കും നീണ്ടു.
സംഘര്‍ഷത്തിനിടെ കൊട്ടാരക്കര എസ്.ഐ ദീപുവിനും പരുക്കേറ്റു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
അക്രമത്തെ തുടര്‍ന്ന് പത്തോളം പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്.
ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെയാണ് സംഭവങ്ങളുടെ തുടക്കം. കോളജ് യൂണിയൻ തിരഞ്ഞെടുപ്പിൽ വിജയിച്ച എസ്എഫ്ഐ ഭാരവാഹികളുടെ സത്യപ്രതിജ്ഞ ചടങ്ങ് കഴിഞ്ഞ് പുറത്തിറങ്ങുമ്പോൾ എസ്എഫ്ഐ-എബിവിപി പ്രവർത്തകർ ഏറ്റുമുട്ടുകയായിരുന്നു.
പരുക്കേറ്റ എബിവിപി പ്രവർത്തകൻ ശ്രീക്കുട്ടനെ(19) ആദ്യം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നാലെ എസ്എഫ്ഐ പ്രവർത്തകരായ വിഷ്ണു(24), അലീം(22), ഹാരിസ്(18) എന്നിവരെയും താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. ആശുപത്രിയിൽ എത്തിയ എസ്എഫ്ഐ നേതാവ് വിഷ്ണുവിനെ കസ്റ്റഡിയിലെടുക്കാൻ പൊലീസ് ശ്രമിച്ചതാണ് സംഘർഷത്തിന് കാരണമായത്. ഈ നീക്കം സിപിഎം നേതാക്കൾ തടഞ്ഞു.
ഇതോടെ സിപിഎം പ്രവർത്തകരും പൊലീസും തമ്മിൽ ഉന്തുംതള്ളും ഉണ്ടായി. സിപിഎമ്മിന്റെ മുതിർന്ന നേതാവ് എസ്ഐയെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചതായാണ് പരാതി.ദീപുവിന്റെ നെയിം പ്ലേറ്റ് സംഘർഷത്തിനിടെ വലിച്ചു കീറി. സംഘർഷത്തിനിടെ അവശത അനുഭവപ്പെട്ട എസ്ഐ ദീപുവിനെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അത്യാഹിത വിഭാഗത്തിൽ 15 മിനിട്ടോളം കയ്യാങ്കളി നടന്നു. പ്രവേശന കവാടത്തിലെ ചില്ലുകള്‍ തകര്‍ന്നു.
രോഗികൾ പലരും കിടക്കകളിൽ നിന്നും പുറത്തേക്കോടി. എട്ട് ബിജെപി പ്രവർത്തകരെയും രണ്ട് സിപിഎം പ്രവർത്തകരെയും ആശുപത്രിയിൽ നിന്ന് കസ്റ്റഡിയിൽ എടുത്തു. എബിവിപി പ്രവർത്തകരുടെ പരാതിയിൽ മൂന്ന് എസ്എഫ്ഐ പ്രവർത്തകർക്ക് എതിരെയും എസ്എഫ്ഐക്കാരുടെ പരാതിയിൽ രണ്ട് എബിവിപി പ്രവർത്തകർക്കെതിരെയും പൊലീസ് കേസെടുത്തു.