തകര്‍ന്ന റോഡിന്‍റെ ചിത്രമെടുത്തു;  തെറ്റിദ്ധരിച്ച്‌ മാധ്യമപ്രവര്‍ത്തകരെ മര്‍ദ്ദിച്ച് സമൂഹ വിരുദ്ധ സംഘം; പ്രതിഷേധവുമായി കെയുഡബ്ല്യൂജെ

തകര്‍ന്ന റോഡിന്‍റെ ചിത്രമെടുത്തു; തെറ്റിദ്ധരിച്ച്‌ മാധ്യമപ്രവര്‍ത്തകരെ മര്‍ദ്ദിച്ച് സമൂഹ വിരുദ്ധ സംഘം; പ്രതിഷേധവുമായി കെയുഡബ്ല്യൂജെ

സ്വന്തം ലേഖിക

കൊല്ലം: ഔദ്യോഗിക കൃത്യനിര്‍വഹണത്തിനിടെ മാധ്യമ പ്രവര്‍ത്തകരെ ആക്രമിച്ച സമൂഹ വിരുദ്ധ സംഘത്തിലെ എല്ലാവരെയും അറസ്റ്റ് ചെയ്യണമെന്ന് കേരള പത്രപ്രവര്‍ത്തക യൂണിയന്‍ കൊല്ലം ജില്ലാ കമ്മിറ്റി പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

മാതൃഭൂമി സ്റ്റാഫ് റിപ്പോര്‍ട്ടര്‍ അനില്‍ മുകുന്ദേരി, സ്റ്റാഫ് ഫോട്ടോഗ്രാഫര്‍ സുധീര്‍ മോഹന്‍ എന്നിവര്‍ക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. കൊല്ലം പബ്ലിക് ലൈബ്രറിക്കു മുന്നിലെ റോഡിന്റെ ശോച്യാവസ്ഥ റിപ്പോര്‍ട്ട് ചെയ്യാന്‍ പോയപ്പോഴായിരുന്നു ആക്രമണം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഫോട്ടോ എടുക്കുന്നതിനിടെ ഇരുവരെയും സ്ഥലത്തുണ്ടായിരുന്ന സംഘം ചോദ്യം ചെയ്തു. സമീപത്ത് പ്രവര്‍ത്തിക്കുന്ന ബങ്കിന്റെ ചിത്രം എടുത്തതാണെന്ന ധാരണയില്‍ ഫോട്ടോ ഗ്രാഫറുടെ പക്കല്‍ നിന്ന് ക്യാമറ പിടിച്ചു വാങ്ങാന്‍ ശ്രമിച്ചു.

റോഡിന്റെ മോശം അവസ്ഥ സംബന്ധിച്ച്‌ വാര്‍ത്ത നല്‍കാനാണെന്നും അതിന്റെ ഭാഗമായാണ് റോഡിന്റെ ഫോട്ടോ എടുത്തതെന്നും പറഞ്ഞിട്ടും സംഘം അസഭ്യം പറഞ്ഞു കൊണ്ട് കൈയേറ്റത്തിനു ശ്രമിച്ചു. തുടര്‍ന്ന് വാര്‍ത്താ ശേഖരണത്തിനായി പോളയത്തോട് ഭാഗത്തേക്ക് ബൈക്കില്‍ പോയ ഇരുവരെയും സായുധരായ മൂന്നംഗ സംഘം ബൈക്കില്‍ പിന്‍തുടര്‍ന്നു. ഇത് മനസ്സിലാക്കിയ റിപ്പോര്‍ട്ടര്‍ വിവരം കൊല്ലം ഈസ്റ്റ് പൊലീസില്‍ അറിയിച്ചു.

പോളയത്തോട് ശ്മശാനത്തിനു മുന്നിലെത്തിയപ്പോള്‍ അക്രമി സംഘം മാധ്യമ പ്രവര്‍ത്തകരുടെ ബൈക്ക് തടഞ്ഞ് ആയുധങ്ങള്‍ ഉപയോഗിച്ച്‌ ആക്രമിക്കുകയായിരുന്നു. പൊലീസ് വരുന്നത് കണ്ട് രക്ഷപ്പെടാന്‍ ശ്രമിച്ച അക്രമി സംഘത്തിലെ ഒരാളെ പൊലീസ് പിടികൂടി.

ബൈക്കും കസ്റ്റഡിയിലെടുത്തു. സംഘത്തിലെ മറ്റുള്ളവര്‍ രക്ഷപെട്ടു. പരിക്കേറ്റ് റോഡില്‍ കിടന്ന സ്റ്റാഫ് റിപ്പോര്‍ട്ടര്‍ അനില്‍ മുകുന്ദേരിയെയും ഫോട്ടോഗ്രാഫര്‍ സുധീര്‍ മോഹനനെയും പൊലീസ് ജീപ്പില്‍ കൊല്ലം ജില്ലാ ആശുപത്രിയില്‍ എത്തിച്ചു.