
മണ്ണിടിച്ചിലും ദുരന്തവും കേരളത്തിൽ തുടർക്കഥയാകുമ്പോൾ ഭീതിയോടെ രാത്രികള്‍ തള്ളി നീക്കുന്ന ചില മനുഷ്യരുണ്ട്; ഒരിക്കൽ നിരവധി പേരുടെ ജീവനെടുത്ത ദുരന്തം മുഖാമുഖം കണ്ട കൊക്കയാറും കൂട്ടിക്കലും ഇപ്പോഴും മഴക്കാലമായാൽ ഭീതിയുടെ നിഴലിൽ തന്നെ, ഒരിക്കൽ ഉരുൾപൊട്ടൽ നേരിട്ട പ്രദേശങ്ങൾ ഇപ്പോഴും പൂർവസ്ഥിതിയിൽ ആയിട്ടില്ല, ഇനിയൊരു ദുരന്തം കാണേണ്ടി വരുമെന്ന ഭീതിയോടെ പ്രദേശവാസികൾ
മുണ്ടക്കയം: വാർത്തകളില്‍ വയനാട് മുണ്ടക്കൈ നിറഞ്ഞു നില്‍ക്കുമ്പോള്‍ നെഞ്ചിടിപ്പ് കൂടുന്ന രണ്ട് പ്രദേശങ്ങളുണ്ട് ജില്ലയിലെ മലയോരമേഖലയില്‍. 2021ലെ മഹാദുരിതത്തിന് സാക്ഷിയായ കൊക്കയാര്‍, കൂട്ടിക്കല്‍ പഞ്ചായത്തിലുള്ളവരാണ് ഭീതിയോടെ രാത്രികള്‍ തള്ളി നീക്കുന്നത്.
2021 ഒക്ടോബര്‍ 16നുണ്ടായ ഉരുള്‍പൊട്ടലില്‍ 22 മനുഷ്യജീവനാണ് ഇവിടെ പൊലിഞ്ഞത്. നൂറുകണക്കിനാളുകള്‍ ഇപ്പോഴും ഭവനരഹിതരായി കഴിയുന്നു. കൂട്ടിക്കല്‍ പഞ്ചായത്തിലെ പ്ലാപ്പള്ളിയില്‍ നാല് പേര്‍ക്കും കാവാലിയില്‍ ആറ് പേര്‍ക്കും മാക്കൊച്ചിയില്‍ ഏഴ് പേര്‍ക്കും ജീവന്‍ നഷ്ടമായി.
അഞ്ച് പേരാണ് ഒഴുക്കില്‍പെട്ട് മരിച്ചത്. പെരുവന്താനം പഞ്ചായത്തില്‍ മണ്ണിടിഞ്ഞ് ഒരാള്‍ക്ക് ജീവന്‍ നഷ്ടമായി. കാവാലിയില്‍ ആറുപേരടങ്ങുന്ന ഒരു കുടുംബത്തെയും മാക്കൊച്ചിയില്‍ ഏഴംഗ കുടുംബത്തിലെ അഞ്ചുപേരെയും ഒന്നാകെ ഉരുള്‍ കവര്‍ന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ദുരന്തത്തില്‍ നിരവധി വീടുകളും പാലങ്ങളും പൂര്‍ണമായും തകര്‍ന്നിരുന്നു. ഇവയെല്ലാം പൂര്‍വസ്ഥിതിയില്‍ ആയിട്ടില്ല. സര്‍ക്കാര്‍ പ്രഖ്യാപിച്ച ധനസഹായം ലഭിക്കാത്തവരുമുണ്ട്. ഏഴുപേരുടെ മരണത്തിനിടയാക്കിയ കൊക്കയാര്‍ പൂവഞ്ചിയില്‍ ദുരിതഭൂമി കാടുപിടിച്ചു കിടക്കുകയാണ്. ഈ പ്രദേശം താമസയോഗ്യമല്ലെന്ന കളക്ടറുടെ നിര്‍ദേശത്തെ തുടര്‍ന്ന് നിരവധി കുടുംബങ്ങളെ മാറ്റിയെങ്കിലും പകരം സംവിധാനമൊരുക്കാന്‍ അധികാരികള്‍ തയാറായിട്ടില്ല.
അധികാരികളുടെ വാക്ക് അവഗണിച്ച് താമസിക്കുന്ന നിരവധിയാളുകള്‍ ഇപ്പോഴും ഇവിടെയുണ്ട്. ഇവിടെയുണ്ടായിരുന്ന പാറമടയുടെ പ്രവര്‍ത്തനമാണ് ഉരുള്‍ പൊട്ടലിന് കാരണമായി നാട്ടുകാര്‍ ചൂണ്ടിക്കാട്ടുന്നത്. പാറമടയുടെ പ്രവര്‍ത്തനം നിര്‍ത്തിയെന്ന് അധികാരികള്‍ ആവര്‍ത്തിക്കുമ്പോഴും രഹസ്യമായി പ്രവർത്തിക്കുന്നുവെന്നാണ് നാട്ടുകാരുടെ ആക്ഷേപം.
പ്രദേശത്ത് അപകടാവസ്ഥയിലായിരുന്ന കൂറ്റന്‍പാറകള്‍ നീക്കണമെന്ന് രണ്ടര വര്‍ഷംമുമ്പ് നാട്ടുകാര്‍ ആവശ്യപ്പെട്ടെങ്കിലും ഇപ്പോഴും അവിടെത്തന്നെ തുടരുകയാണ്. ഏതുസമയവും ഇത് താഴേക്ക് പതിക്കുന്ന സാഹചര്യമാണ്. മഴ കനക്കുന്നതോടെ കാല്‍നടയാത്രക്കു പോലും നാട്ടുകാര്‍ ഭയക്കുകയാണ്.
മേഖലയില്‍ ചെറുതും വലുതുമായി 44 പാലങ്ങളാണ് ഒഴുകിപ്പോയത്. പകരം സംവിധാനമൊന്നും ഉണ്ടായിട്ടില്ല. കോട്ടയം, ഇടുക്കി ജില്ലകളെ ബന്ധിപ്പിക്കുന്ന ഏന്തയാര്‍ ഈസ്റ്റ് പാലം ഉദ്ഘാടനം നടത്തിയെങ്കിലും കാലവര്‍ഷമായതോടെ പണി നിലച്ചു. ഇതിന്‍റെ പേരില്‍ ഉണ്ടായിരുന്ന നടപ്പാലവും പൊളിച്ചുനീക്കി.
കാല്‍നട യാത്രാദൂരം വര്‍ധിച്ചതോടെ ജനം സമരം നടത്തിയെങ്കിലും പരിഹാരമുണ്ടായില്ല. ഒടുവില്‍ നാട്ടുകാര്‍ ജനകീയപാലം നിര്‍മിച്ച് യാത്രാദുരിതത്തിന് താല്‍ക്കാലിക പരിഹാരം കണ്ടെത്തുകയായിരുന്നു.
കൊക്കയാര്‍ ഗ്രാമപഞ്ചായത്ത് കാര്യാലയത്തിനടുത്തുണ്ടായിരുന്ന കൊക്കയാര്‍ പാലത്തിന് ഫണ്ട് അനുവദിക്കുകയും കരാറുകാര്‍ ഏറ്റെടുക്കുകയും ചെയ്‌തെങ്കിലും തുടക്കത്തില്‍ തന്നെ നിർമാണം ഉപേക്ഷിച്ചമട്ടാണ്. പ്രതിപക്ഷ രാഷ്ട്രീയപാര്‍ട്ടികള്‍ സമരം പ്രഖ്യാപിച്ചപ്പോള്‍ മരംമുറിച്ചു നീക്കി വീണ്ടും ജനങ്ങളെ കബളിപ്പിച്ചെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു.