play-sharp-fill
കോടഞ്ചേരിയിലെ  മിശ്രവിവാഹം; കോൺ​ഗ്രസിന്റെയും ബി.ജെ.പിയുടെയും ശ്രമം വിവാദമുണ്ടാക്കലെന്ന് മന്ത്രി മുഹമ്മദ് റിയാസ്

കോടഞ്ചേരിയിലെ മിശ്രവിവാഹം; കോൺ​ഗ്രസിന്റെയും ബി.ജെ.പിയുടെയും ശ്രമം വിവാദമുണ്ടാക്കലെന്ന് മന്ത്രി മുഹമ്മദ് റിയാസ്

സ്വന്തം ലേഖിക

കോഴിക്കോട് :കോടഞ്ചേരിയിലെ മിശ്രവിവാഹ വിഷയത്തിൽ കോൺ​ഗ്രസിന്റെയും ബി.ജെ.പിയുടെയും ശ്രമം വിവാദമുണ്ടാക്കലാണെന്ന് മന്ത്രി മുഹമ്മദ് റിയാസ്. ജനകീയ വിഷയങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാനുള്ള ശ്രമം മാത്രമാണ് ലൗ ജിഹാദ്. ജനങ്ങൾക്കിടയിൽ ചേരിതിരിവുണ്ടാക്കുന്ന വിഷയങ്ങളെ സജീവമാക്കുകയാണ് ഇവരുടെ പ്രധാന ലക്ഷ്യം. എങ്കിലേ ഇവരുടെ രാഷ്ട്രീയ ലക്ഷ്യങ്ങൾ യാഥാർത്ഥ്യമാവൂ. പെട്രോൾ, ഡീസൽ വില വർദ്ധനവ് ഉൾപ്പടെയുള്ള ജനകീയ വിഷയങ്ങൾ മറച്ച് പിടിക്കാനുള്ള തന്ത്രമാണിതെന്നും അദ്ദേഹം വ്യക്തമാക്കി


മിശ്രവിവാഹ വിഷയത്തിൽ സംസ്ഥാനത്ത് മതസൗഹാർദം തകർക്കാൻ പ്രതിലോമ ശക്തികൾ ശ്രമിക്കുകയാണെന്ന് താമരശേരി ബിഷപ്പ് റെമീജിയോസ് ഇഞ്ചനാനിയിൽ അഭിപ്രായപ്പെട്ടിരുന്നു. പ്രതിസന്ധികൾ മനസുകളെ തമ്മിൽ അകറ്റുകയാണ്. മതസൗഹാർദം ഉയർത്തിപ്പിടിച്ച നാടാണ് കേരളം. അതിനിയും ശക്തമായി തുടരുകയാണ് വേണ്ടതെന്നും താമരശേരി ബിഷപ്പ് റെമീജിയോസ് ഇഞ്ചനാനിയിൽ വ്യക്തമാക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വിഷയത്തിൽ വിശദീകരണ യോ​ഗവുമായി കോൺ​ഗ്രസും ബി.ജെ.പിയും രം​ഗത്തെത്തിയിട്ടുണ്ട്. വൈകിട്ടാണ് യോ​ഗം നടത്താൻ തീരുമാനിച്ചിരിക്കുന്നത്. അതിന് മുന്നോടിയായി ഇന്ന് ഉച്ചയ്ക്ക് 12.30ന് ബി.ജെ.പി അദ്ധ്യക്ഷൻ കേ. സുരേന്ദ്രനും ഡി.സി.സി അദ്ധ്യക്ഷൻ പ്രവീൺ കുമാറും കോടഞ്ചേരിയിലെത്തും. വീട്ടുകാരുമായി സംസാരിച്ച ശേഷമായിരിക്കും ഇരു പാർട്ടികളും തുടർ നടപടികൾ ആലോചിക്കുക

വിവാദങ്ങളില്‍ ക്രിസ്ത്യന്‍ സമുദായത്തിനൊപ്പം ബിജെപിയുണ്ടാകുമെന്ന് സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ ഇന്നലെ പ്രതികരിച്ചിരുന്നു. ലൗ ജിഹാദ് ഉണ്ടെന്ന് പരസ്യമായി സമ്മതിച്ച ജോര്‍ജ് എം. തോമസിനെ ഭീഷണിപ്പെടുത്തി മാറ്റിപ്പറയിപ്പിച്ച സിപിഐഎം തീവ്രവാദികള്‍ക്ക് മുമ്പില്‍ മുട്ടിലിഴയുകയാണ്. നിലപാട് മാറ്റിയില്ലെങ്കില്‍ പാര്‍ട്ടിക്കു പുറത്തുപോവേണ്ടിവരും എന്ന സന്ദേശമാണ് സത്യം തുറന്ന് പറഞ്ഞ ജോര്‍ജ് എം.തോമസിന് പാര്‍ട്ടി നല്‍കിയത്. കേരളത്തിലെ ക്രൈസ്ത ന്യൂനപക്ഷങ്ങളുടെ ആശങ്ക പുറംകാല്‍ കൊണ്ട് തട്ടിക്കളയുകയാണ് സി.പി.ഐ.എമ്മെന്നും സുരേന്ദ്രൻ വിമർശിച്ചിരുന്നു.

സി.പി.ഐ.എം ഇന്നലെ ഇതുമായി ബന്ധപ്പെട്ട് വിശദീകരണയോ​ഗം നടത്തിയിരുന്നു. കോടഞ്ചേരിയിലെ മിശ്രവിവാഹവുമായി ബന്ധപ്പെട്ട വിവാദം അവസാനിച്ചതായി സി.പി.ഐ.എം പറയുമ്പോഴും മകളെ നേരിട്ട് കാണണമെന്ന ആവശ്യത്തിലുറച്ച് നിൽക്കുകയാണ് മാതാപിതാക്കൾ. പെൺകുട്ടിയുടെ കുടുംബത്തിനൊപ്പം സി.പി.ഐ.എം ഉണ്ടാകുമെന്ന് ഇന്നലെ കോടഞ്ചേരിയിൽ നടത്തിയ രാഷ്ട്രീയ വിശദീകരണ യോഗത്തിൽ ജില്ലാ സെക്രട്ടറി പി. മോഹനൻ വ്യക്തമാക്കിയിരുന്നു.