വീടിന്റെ പുറത്തിറങ്ങാത്ത ലഹരികച്ചവടം; യുവാവിനെ തേടിയെത്തിയ എക്‌സൈസ് ഉദ്യോഗസ്ഥര്‍ക്കുനേരെ നായയെ അഴിച്ചുവിട്ടു രക്ഷപ്പെടാൻ ശ്രമം; എം.ഡി.എം.എയും കഞ്ചാവുമായി ഇരുപത്തിമൂന്നുകാരൻ പിടിയിൽ
സ്വന്തം ലേഖിക
കൊച്ചി: എക്‌സൈസ് ഉദ്യോഗസ്ഥര്‍ക്കുനേരെ വളര്‍ത്തു നായയെ അഴിച്ചുവിട്ട് രക്ഷപ്പെടാന്‍ ശ്രമിച്ച ലഹരി വില്പനക്കാരന്‍ പിടിയിലായി.
കാക്കനാട് നിലംപതിഞ്ഞ മുകള്‍ സ്വദേശി ലയോണ്‍ റെജി (23) യാണ് എറണാകുളം എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡിന്റെ പിടിയിലായത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇയാളില്‍ നിന്ന് അഞ്ച് ഗ്രാം എം.ഡി.എം.എയും മൂന്ന് ഗ്രാം കഞ്ചാവും പിടിച്ചെടുത്തു. കാക്കനാട് തുതിയൂരില്‍ സെന്റ് ജോര്‍ജ് കപ്പേള റോഡിലെ വീട്ടില്‍ ഐ.ടി. ഉദ്യോഗസ്ഥന്‍ എന്ന വ്യാജേന വാടകയ്ക്ക് താമസിച്ച് ലഹരി വില്പന നടത്തിവരികയായിരുന്നു.
ലയോണ്‍ താമസിക്കുന്ന മുറിയില്‍ തന്നെയാണ് സൈബീരിയന്‍ ഹസ്‌കി എന്ന വിദേശയിനം നായയും കഴിഞ്ഞിരുന്നത്. ലഹരിക്കേസില്‍ പിടിയിലായ യുവാവില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ വീട് വളഞ്ഞ എക്സൈസ് സംഘത്തിനു നേരെ ഇയാള്‍ നായയെ അഴിച്ചുവിടുകയായിരുന്നു.
തന്ത്രപരമായി നായയെ മറ്റൊരു മുറിയിലേക്ക് മാറ്റിയാണ് ലയോണെ കീഴ്‌പ്പെടുത്തിയത്. നായയെ ഉപയോഗിച്ച് ഉദ്യോഗസ്ഥരെ ആക്രമിക്കാന്‍ ശ്രമിച്ചതിനും ഇയാള്‍ക്കെതിരെ കേസെടുക്കും.
എറണാകുളം സ്‌പെഷ്യല്‍ സ്‌ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എം. സജീവ് കുമാര്‍ , സ്‌ട്രൈക്കിംഗ് ഫോഴ്‌സ് ഇന്‍സ്‌പെക്ടര്‍ സിജോ വര്‍ഗീസ്, ഇന്റലിജന്‍സ് പ്രിവന്റീവ് ഓഫീസര്‍ എന്‍.ജി. അജിത്ത് കുമാര്‍ , സിറ്റി മെട്രോ ഷാഡോയിലെ സിവില്‍ എക്‌സൈസ് ഓഫീസര്‍ എന്‍.ഡി. ടോമി, സ്‌പെഷ്യല്‍ സ്‌ക്വാഡ് സി.ഇ.ഒ ടി. ആര്‍. അഭിലാഷ് എന്നിവര്‍ ഉള്‍പ്പെട്ട സംഘമാണ് പ്രതിയെ കസ്റ്റഡിയില്‍ എടുത്തത്.
കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.