play-sharp-fill
തറക്കല്ലിട്ട് എട്ടുവർഷം പിന്നിടുന്നു, രണ്ടുവർഷംകൊണ്ട് പദ്ധതി വെടിപ്പായി പൂർത്തിയാക്കുമെന്നായിരുന്നു പ്രഖ്യാപനം, ഒടുവിൽ എങ്ങുമെത്താതെ കാടുപിടിച്ചു  കിടക്കുന്ന വിജന ഭൂമിയായി കൊച്ചി കാൻസർ സെന്റർ; നിർമ്മാണം  വൈകുന്നതിന് പിന്നിൽ സ്വകാര്യ ലോബിയെന്ന് ആരോപണം

തറക്കല്ലിട്ട് എട്ടുവർഷം പിന്നിടുന്നു, രണ്ടുവർഷംകൊണ്ട് പദ്ധതി വെടിപ്പായി പൂർത്തിയാക്കുമെന്നായിരുന്നു പ്രഖ്യാപനം, ഒടുവിൽ എങ്ങുമെത്താതെ കാടുപിടിച്ചു കിടക്കുന്ന വിജന ഭൂമിയായി കൊച്ചി കാൻസർ സെന്റർ; നിർമ്മാണം വൈകുന്നതിന് പിന്നിൽ സ്വകാര്യ ലോബിയെന്ന് ആരോപണം

സ്വന്തം ലേഖകൻ

കൊച്ചി: തറക്കല്ലിട്ട് എട്ടു വര്‍ഷം പിന്നിടുമ്പോഴും കൊച്ചി കാന്‍സര്‍ സെന്ററിന്റെ നിര്‍മാണം എങ്ങുമെത്താതെ മുട്ടിലിഴയുന്നു. പദ്ധതി വൈകിപ്പിക്കുന്നതിന്റെയും അനശ്ചിതത്വത്തില്‍ തള്ളിവിടുന്നതിന്റെയും പിന്നില്‍ ആരോഗ്യമേഖലയിലെ സ്വകാര്യലോബിയെന്ന് ജനങ്ങള്‍ക്കിടയില്‍ ആരോപണമുണ്ട്.

മധ്യകേരളത്തിലെ പാവപ്പെട്ട രോഗികള്‍ പ്രതീക്ഷാപൂര്‍വം കാത്തിരിക്കുന്ന പദ്ധതി കെടുകാര്യസ്ഥതകൊണ്ടും സര്‍ക്കാരിന്റെ അനാസ്ഥ കൊണ്ടുമാണ് ഇത്തരത്തില്‍ ഇഴഞ്ഞുനീങ്ങുന്നതെന്നാണ് പരാതി. 2014 ഓഗസ്റ്റിലാണ് കൊച്ചി കാന്‍സര്‍ സെന്ററിന് തറക്കല്ലിടുന്നത്. രണ്ടു വര്‍ഷം കൊണ്ടു പദ്ധതി പൂര്‍ത്തിയാക്കുമെന്നായിരുന്നു പ്രഖ്യാപനം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കളമശേരിയ മെഡിക്കല്‍ കോളേജിനു സമീപം 35 ഏക്കര്‍ ഭൂമി കാന്‍സര്‍ സെന്ററിനു വേണ്ടി വകയിരുത്തി. എട്ടു നിലയുള്ള കെട്ടിടമാണ് ആശുപത്രിയുടെ പ്രവര്‍ത്തനത്തിനായി നിര്‍മാണത്തിലുള്ളത്. എട്ടു വര്‍ഷം പിന്നിടുമ്പോഴും പകുതി പോലും നിര്‍മാണം പൂര്‍ത്തിയാക്കാനായിട്ടില്ല. ഇതിനിടയില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ വന്‍ പാളിച്ചകളുണ്ടായി. ചെന്നൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പി ആന്‍ഡ് സി കണ്‍സ്ട്രക്ഷന്‍സ് എന്ന സ്ഥാപനത്തിനായിരുന്നു നിര്‍മാണച്ചുമതല നല്‍കിയത്.

ഗുണനിലവാരമില്ലാത്ത സാമഗ്രികള്‍ ഉപയോഗിക്കുന്നതായി കണ്ടെത്തിയതിനെത്തുടര്‍ന്ന് പി ആന്‍ഡ് സിയെ നീക്കം ചെയ്തു. വന്‍ അഴിമതി നടത്താന്‍ ലക്ഷ്യമിട്ടിരുന്ന കരാറുകാരനും കൂട്ടുനിന്നവര്‍ക്കും ഇതു തിരിച്ചടിയായി. ഭരണപക്ഷത്തെ ഒരു പ്രമുഖന്റെ പ്രത്യേക താത്പര്യപ്രകാരമാണ് ചെന്നൈ
കമ്പനിക്കു കരാര്‍ കിട്ടിയതെന്ന് തുടക്കം തൊട്ടെ ആരോപണമുയര്‍ന്നിരുന്നു. കേസും മറ്റുമായി നിര്‍മാണം വീണ്ടും വൈകിക്കൊണ്ടിരുന്നു. പുതിയ കരാറുകാരന്‍ വന്നെങ്കിലും ഒച്ചിഴയുന്ന വേഗതയിലാണ് നടപടികള്‍.

മധ്യകേരളത്തിലെ കാന്‍സര്‍ രോഗികള്‍ക്ക് ചികിത്സയ്ക്കായി തിരുവനന്തപുരം ആര്‍സിസിയെ ആശ്രയിക്കേണ്ടിവരുന്നു. അല്ലെങ്കില്‍ കൊച്ചിയിലെ സ്വകാര്യ ആശുപത്രികളെ സമീപിക്കേണ്ടിവരുന്നു. സ്വകാര്യ ആശുപത്രിയിലെ ചികിത്സാച്ചെലവ് പാവപ്പെട്ട രോഗികള്‍ക്കു താങ്ങാവുന്നതിനുമപ്പുറമാണ്. രോഗി സാമ്പത്തികമായി മെച്ചപ്പെട്ട കുടുംബത്തിലെ അംഗമാണെങ്കിലും സ്വകാര്യ ആശുപത്രിയിലെ ചികിത്സ കഴിയുമ്പോഴേക്കും കുടുംബത്തിന്റെ സാമ്പത്തിക സ്ഥതി മോശമായിത്തീരും.

ചികിത്സയുടെ വിശദാംശങ്ങള്‍ സ്വകാര്യ ആശുപത്രികള്‍ രോഗികളോടോ, ബന്ധുക്കളോടെ പലപ്പോഴും വിശദമായി പറയാറില്ല. കാന്‍സര്‍ ചികിത്സയുമായി ബന്ധപ്പെട്ട് രോഗികള്‍ സാമ്പത്തിക ചൂഷണത്തിനിരയാകുന്നുണ്ടെന്ന് പലപ്പോഴും സ്വകാര്യ ആശുപത്രികള്‍ക്കെതിരെ ആരോപണമുയരാറുണ്ട്.
കളമശേരി മെഡിക്കല്‍ കോളേജിലാണ് നിലവില്‍ കാന്‍സര്‍ സെന്റര്‍ പ്രവര്‍ത്തിക്കുന്നത്. പരിമിത സൗകര്യങ്ങളാണ് ഇവിടെയുള്ളത്. പലപ്പോഴും വിദഗ്ധ ചികിത്സയ്ക്കും തുടര്‍ ചികിത്സയ്ക്കുമായി ആര്‍സിസിയെ ആശ്രയിക്കേണ്ടിവരുന്ന അവസ്ഥയുമുണ്ട്.